2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

പെട്രോള്‍ 35 രൂപയ്‌ക്കും ഡീസല്‍ 30 രൂപയ്‌ക്കും വില്‍ക്കാനാകും- പെട്രോളിയം ട്രേഡേഴ്‌സ്‌.



കൊച്ചി: ക്രൂഡ്‌ ഓയിലിന്റെ വിലക്കുറവിന്‌ ആനുപാതികമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്‌ക്കാതെ അധിക നികുതി അടിച്ചേല്‍പ്പിച്ച്‌ ലാഭമുണ്ടാക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ജനദ്രോഹപരമാണെന്ന്‌ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌. 

നിലവിലെ ക്രൂഡോയലിന്റെ വിലയിടിവ്‌ അനുസരിച്ച്‌ പെട്രോള്‍ ലിറ്ററിനു 35 രൂപയ്‌ക്കും ഡീസല്‍ 30രൂപയ്‌ക്കും വില്‍ക്കാനാകും. കൊച്ചിയിലെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 60.91 രൂപയും ഡീസലിന്‌ 50.34 രൂപയുമാണ്‌. ഇതില്‍ ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ 24 രൂപയും ഡീസലില്‍ 11 രൂപയും കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ്‌ കസ്റ്റംസ്‌ ഡ്യൂട്ടിയായി ഈടാക്കുകയാണ്‌. 
സംസ്ഥാന സര്‍ക്കാരിന്‌ പെട്രോളിന്മേല്‍ 11.45 രൂപയും ഡീസലിന്‌ ഒമ്പത്‌ രൂപയും വില്‍പന നികുതിയായി ലഭിക്കുന്നുണ്ട്‌. കമ്പനികള്‍ പെട്രോളിന്മേല്‍ 3.50 രൂപയും ഡിസലിന്മേല്‍ 2.50 രൂപയും ലാഭമുണ്ടാക്കുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ വീണ്ടും വില വര്‍ധിപ്പിച്ച്‌ ജനങ്ങളുടെ മേല്‍ അധികഭാരം ഏല്‍പ്പിക്കാന്‍ സര്‍ക്കാരുകളും കമ്പനികളും ശ്രമിക്കുന്നതെന്നും പറഞ്ഞു. ഇതോടൊപ്പം ഡീലര്‍മാരുടെ പെട്രോള്‍ കമ്മീഷന്‍ ലിറ്ററിന്‌ 2.04 രൂപയായിരുന്നത്‌ 1.97 ആയി കുറച്ചു. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന്‌ രൂപ ഡീലര്‍മാര്‍ക്ക്‌ നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി. പെട്രോളിന്റെ വിലകൂടുമ്പോള്‍ കമ്പനികള്‍ സ്റ്റോക്ക്‌ തരാതിരിക്കുകയും വില കുറയുമ്പോള്‍ സ്റ്റോക്ക്‌ അടിച്ചേല്‍പ്പിക്കുകയും ചെയുന്നു. നനിലവിലുള്ള പമ്പുകളുടെ സെയില്‍സ്‌ വോളിയം പരിശോധിക്കാതെയും നിശ്ചിത ദൂരം പാലിക്കാതെയും പുതിയ പമ്പുകള്‍ ആരംഭിക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്‌. നിലവിലുള്ള കമ്പനികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പണമില്ലാത്ത കമ്പനികള്‍ പുതിയ പമ്പുകള്‍ ആരംഭിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു 

കേന്ദ്ര സര്‍ക്കാരിന്റെ പട്ടികജാതി ഫണ്ടുപയോഗിച്ച്‌ പട്ടികജാതിക്കാര്‍ക്കായി ആരംഭിച്ച പമ്പുകള്‍ കമ്പനികളുടെ അറിവോടെ ബിനാമികള്‍ കൈയടക്കി വച്ചിരിക്കുന്നത്‌ അവസാനിപ്പിക്കണം, പുതിയ പമ്പുകള്‍ ആരംഭിക്കാന്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ റദ്ദാക്കണം,നിലവില്‍ നഷ്ടത്തിലോടുന്ന പമ്പുകളെ പുരോഗതിയിലെത്തിക്കാനുള്ള പദ്ധതി ആസൂത്രണം ചെയുക, നഷ്ടത്തിലോടുന്ന പമ്പുകളുടെ ഉടമകള്‍ ആവശ്യപ്പെട്ടാല്‍ ഡീലര്‍ഷിപ്പ്‌ എഗ്രിമെന്റ്‌ റദ്ദാക്കി ഭൂമി വിട്ടുകൊടുക്കുക, പമ്പുകളുടെ ലൈസന്‍സ്‌ പുതുക്കുന്നതിന്റെ ഉത്തരവാദിത്വം കമ്പനികള്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ പ്രസിഡന്റ്‌ തോമസ്‌ വൈദ്യന്‍, സെക്രട്ടറി എം. രാധാകൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു. 


മുത്തപ്പ മഹോത്സവം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍
കൊച്ച്‌ി: എറണാകുളം മുത്തപ്പഭക്തിയുടെ ആഭിമുഖ്യത്തില്‍ 21,22 തിയതികളില്‍ മുത്തപ്പ മഹോത്സവം നടക്കും. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മഹോത്സവത്തില്‍ തിരുവപ്പന കെട്ടിയാടുന്നത്‌ സുഗുണന്‍ പെരുവണ്ണാനാണെന്ന്‌ ഉത്സവാഘോഷ കമ്മിറ്റിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരിലെ വിവിധ മടപ്പുരകളില്‍ മുത്തപ്പന്‍ കെട്ടിയാടുന്ന കോലധാരികളും ആചാരക്കാരും അടങ്ങുന്ന 20 അംഗസംഘം ശ്രീ ഗംഗാധരന്‍ മടയന്റെ കാര്‍മികത്വത്തില്‍ കര്‍മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.

21നു രാവിലെ ഗണപതി ഹോമം, ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ മുത്തപ്പന്‍ മലയിറക്കല്‍, വൈകിട്ട്‌ അഞ്ചിന്‌ ഡോ. ആര്‍.സി. കരിപ്പത്തിന്റെ ആധ്യാത്മിക പ്രഭാഷണം, ആറിന്‌ കാസര്‍ഗോഡ്‌ ജില്ലയിലെ 30 കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പൂരക്കളി എന്നിവയുണ്ടാകും. ഏഴ്‌ മണിക്ക്‌ അരങ്ങിലെത്തുന്ന വെള്ളാട്ടം കളിക്കപ്പാട്ട്‌, കലശംവരവ്‌ ചടങ്ങുകള്‍ക്ക്‌ ശേഷം രാത്രി മുടിയഴിക്കും. 22നു രാവിലെ ആറ്‌ മണിക്ക്‌ തിരുവപ്പനയും വെള്ളാട്ടവും അരങ്ങിലെത്തും. തുടര്‍ന്ന്‌ ഭക്തജനങ്ങള്‍ക്കായി മുത്തപ്പ ദര്‍ശനം, പ്രസാദ വിതരണം എന്നിവയും നടക്കുമെന്നും പറഞ്ഞു. 
കെ.ടി. ഗംഗാധരന്‍, അശോക്‌ കണ്ണന്‍, ശ്യാം നേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ 501 അംഗ സ്വാഗതസംഘവും പി.ജി. ഗിരിജാ ദേവി, കാശി ഗണേശന്‍, ശ്രീജാ ബാലകൃഷ്‌ണന്‍, സീന്‌ അശോകന്‍, ജയാ രമേഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ വനിതാ കമ്മിറ്റിയും രൂപീകരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ഗോവിന്ദ്‌ കെ. ഭരത്‌, ബാലകൃഷ്‌ണ പെരിയ, അതികായന്‍, രമേഷ്‌ പൊതുവാള്‍ എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ