2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

കെ എം മാണിയുടെ ദുര്‍ഗതി മറ്റൊരു ധനമന്ത്രിക്കും വരുത്തരുത്‌ - ഡോ. തോമസ്‌ ഐസക്‌


കൊച്ചി: കെ എം മാണിയുടെ ദുര്‍ഗതി ഭാവിയില്‍ മറ്റൊരു ധനമന്ത്രിക്കും വരുത്തരുതെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ്‌ ഐസക്‌ പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ എം മാണി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ എല്‍ഡിഎഫ്‌ നടത്തിയ കണയന്നൂര്‍ താലൂക്ക്‌ ഓഫീസ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഇന്ത്യയിലെ മറ്റൊരു ധനമന്ത്രിയും ഇത്തരമൊരു ആരോപണം നേരിട്ടിട്ടില്ല. യുഡിഎഫുണ്ടെങ്കില്‍ കെ എം മാണി തന്നെ ബജറ്റ്‌ അവതരിപ്പുക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ ജനങ്ങളോടും യുഡിഎഫിനോടുമുള്ള വെല്ലുവിളിയാണ്‌. കെ എം മാണിയെ ധനമന്ത്രിയായി നിലനിര്‍ത്തിയില്ലെങ്കില്‍ യുഡിഎഫ്‌ ഉണ്ടാകില്ലെന്നാണ്‌ വെല്ലുവിളി. ബജറ്റ്‌ വതരിപ്പിക്കാനുള്ള ധാര്‍മ്മികമായ അവകാശം മാണിക്ക്‌ നഷട്‌പ്പെട്ടു. ബജറ്റ്‌ മേശപ്പുറത്ത്‌ വച്ചിട്ട്‌ ഓടിപ്പോകാമെന്നാണ്‌ മാണിയുടെ വിചാരം. മാണി എവിടെ വരെ ഓടുമെന്ന്‌ ജനങ്ങള്‍ തീരുമാനിക്കും. ഓടിയാലും തട്ടിതടഞ്ഞു വീഴും. അതുപോലത്തെ ചെയ്‌ത്താണ്‌ ചെയ്‌തിരിക്കുന്നത്‌. മാണിയെ ജനങ്ങള്‍ വിചാരണ ചെയ്യും. കെ എം മാണി ബജറ്റ്‌ അവതരിപ്പിക്കുന്ന ദിവസം എല്‍ഡിഎഫിന്റെ കരുത്ത്‌ എന്തെന്ന്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും അറിയും. അവര്‍ പേടിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയുടെ സബ്‌ജക്ട്‌ കമ്മിറിയില്‍ പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തില്‍ നികുതി വര്‍ധിപ്പിക്കുന്നില്ലെന്ന്‌ തീരുമാനമെടുക്കുകയും അതു ബജറ്റ്‌ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താതെ നികുതി വര്‍ധിപ്പിക്കുകയും ചെയ്‌താണ്‌ അഴിമതി നടത്തിയിട്ടുള്ളത്‌. ബജറ്റ്‌ പാസാക്കാന്‍ എടുക്കുന്ന മൂന്നുമാസത്തെ സമയത്തിനുള്ളില്‍ നികുതി വര്‍ധന ബാധിക്കുന്നവരുമായി ചര്‍ച്ച നടത്തി നികുതിയിളവ്‌ നല്‍കി കോഴ കൈപ്പറ്റുകയാണുണ്ടായത്‌. മാണിക്കെതിരെ ബിജു രമേശ്‌ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെങ്കില്‍ അയാള്‍ക്കെതിരെ കേസ്‌ എടുക്കണം. 
ദേശീയഗെയിംസിന്റെ നടത്തിപ്പില്‍ വന്‍അഴിമതിയാണുള്ളത്‌. കമഴ്‌ന്ന്‌ വീണാല്‍ കാപ്പണം എന്ന നിലയ്‌ക്കാണ്‌ മന്ത്രിമാര്‍ പെരുമാറുന്നത്‌. അനധികൃതമായി ചെലവാക്കിയ പണം തിരിച്ചടച്ച്‌ രക്ഷപെടാമെന്ന്‌ കരുതേണ്ട. മോഹന്‍ലാലിനോട്‌ യാതൊരു വൈരാഗ്യവുമില്ല. നാറികളെ തൊട്ടാല്‍ തൊട്ടവനും നാറുമെന്ന്‌ മനസ്സിലാക്കണം. കോമല്‍വെല്‍ത്ത്‌ ഗെയിംസില്‍ അഴിമതി നടത്തിയവര്‍ ജയിലില്‍ പോയതുപോലെ ഇവരും ജയിലില്‍ പോകേണ്ടിവരും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രക്ഷപെട്ടുവെന്ന്‌ കരുതേണ്ട. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയല്ലാത്ത കേസുകളില്ല. സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിതയെ അറിയില്ലെന്നാണ്‌ ഉമ്മന്‍ചാണ്ടി പറയുന്നത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ സരിതയോടൊപ്പമെത്തിയെന്ന്‌ പറയുന്ന ക്വാറി ഉടമകളുടെ മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
സിപിഐ ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം അഡ്വ. ഇ എം സനില്‍കുമാര്‍ അധ്യക്ഷനായി. എല്‍ഡിഎഫ്‌ നേതാക്കളായ പി രാജീവ്‌ എംപി, പി രാജു, ജോര്‍ജ്ജ്‌ ഇടപ്പരത്തി, പി എന്‍ സീനുലാല്‍, കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍, എന്‍ സതീഷ്‌, വി ജി രവീന്ദ്രന്‍, മനോജ്‌ പെരുമ്പിള്ളി, അഡ്വ. ടി വി വര്‍ഗീസ്‌, കുമ്പളം രവി, ടി കെ സുരേഷ്‌, കെ യു എബ്രഹാം, അഡ്വ. കെ കെ ജയരാജ്‌, കലാം എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ്‌ കണ്‍വീനര്‍ സാബു ജോര്‍ജ്ജ്‌ സ്വാഗതവും എം പി രാധാകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു. 
എല്‍ഡിഎഫ്‌ നേതാക്കളായ സി എന്‍ സുന്ദരന്‍, ടു എസ്‌ ഷണ്‍മുഖദാസ്‌, സി കെ പരീത്‌, എം സി സുരേന്ദ്രന്‍, ടി സി ഷിബു, സന്തോഷ്‌പീറ്റര്‍, ബോസ്‌കോ വടുതല, ഷാജന്‍ ആന്റണി, അഗലാഷ്യസ്‌ കൊളളാനൂര്‍, പി ജെ കുഞ്ഞുമോന്‍, കെ കെ ജയപ്രകാശ്‌, സി എഫ്‌ ജോയി, വി വി സന്തോഷ്‌, ബി എ അഷ്‌റഫ്‌, സുരേഷ്‌, സി വി ജൂഡി എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി. 
ആശിശവേമ ഉല്‌മ്യൈ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ