2014, ഡിസംബർ 21, ഞായറാഴ്‌ച

കൊച്ചി തുറമുഖം ഉപരോധിക്കാന്‍ 
മത്സ്യതൊഴിലാളികള്‍ ഒരുങ്ങുന്നു

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ആഴക്കടലല്‍ മത്സ്യബന്ധന നയം മത്സ്യമേഖലയെ അരാജകത്വത്തിലേക്ക്‌ തള്ളിവിടുമെന്ന്‌ സ്വതന്ത്ര മത്സ്യതൊഴിലാളി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ടെറിട്ടോറിയല്‍ അതിര്‍ത്തി (12 നോട്ടിക്കല്‍ മൈല്‍) വരെ വിദേശ കപ്പലുകള്‍ക്ക്‌ മത്സ്യബന്ധനം നടത്തുന്നതിനാണ്‌ മീനാകുമാരി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്‌. ഇന്ത്യയുടെ കടലില്‍ 3000 കോടി രൂപയുടെ ചൂര സമ്പത്ത്‌ പിടിക്കപ്പെടാതെ പോകുന്നു എന്നതാണ്‌ റിപ്പോര്‍ട്ടിലെ ന്യായം. എന്നാല്‍ ഇതിനായി ആധികാരികമായ ഒരു പഠനവും കമ്മിറ്റി നടത്തിയിട്ടില്ല. ഒരു കിലോ ചൂരക്ക്‌ 300 കണക്കാക്കിയാല്‍ തന്നെ 3000 കോടി രൂപയുടെ ചൂര സമ്പത്ത്‌ എന്നു പറയുന്നത്‌ കേവലം ഒരു ലക്ഷം ടണ്‍ ചൂര മാത്രമാണ്‌. ഇതിനായിട്ടാണ്‌ 270 ആഴക്കടല്‍ മത്സ്യബന്ധന കപ്പലിനു കൂടി ലൈസന്‍സ്‌ നല്‍കണമെന്ന്‌ മീനാകുമാരി കമ്മിഷന്‍ പറയുന്നത്‌. വിദേശ കപ്പലുകള്‍ക്ക്‌ ലൈസന്‍സ്‌ കൊടുക്കുന്നു എന്ന മറവില്‍ തീരക്കടലില്‍ ഇന്നു ലഭിക്കുന്ന മത്സ്യ സമ്പത്തു വരെ നമുക്ക്‌ നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്‌ പൂര്‍ണമായും തള്ളിക്കളയുകയും ഇന്ത്യന്‍ മത്സ്യതൊഴിലാളി സമൂഹത്തിനും രാജ്യത്തിനും നേട്ടമുണ്ടാക്കാവുന്നതുമായ ടേംസ്‌ ഒഫ്‌ റഫറന്‍സ്‌ വച്ച്‌ പുതിയൊരു കമ്മിറ്റിയെ നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടുമായി മുന്നോട്ട്‌ പോകാനാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക്‌ തുടക്കമിടുമെന്നും അവര്‍. വാര്‍ത്താസമ്മേളനത്തില്‍ മത്സ്യതൊഴിലാളി സെന്റര്‍ പ്രസിഡന്റ്‌ ലാല്‍ കോയില്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ കണിയാപറമ്പില്‍, പി.ഡി. ആനന്ദ്‌, കെ.എം. റോബര്‍ട്ട്‌ എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ