2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

അന്യസംസ്ഥാന തൊഴിലാളിയുടെ അറ്റുപോയ കൈ വിജയകരമായി തിരികെ പിടിപ്പിച്ചു


കൊച്ചി
ഒറിസ സ്വദേശിയായ യുവാവിന്റെ അറ്റുപോയ വലതു കൈ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജയകരമായി തിരികെ പിടിപ്പിച്ചു.
കഴിഞ്ഞ ജൂണ്‍ 19നു വൈകിട്ട്‌ അഞ്ച്‌ മണിയോടെയായിരുന്നു അപകടം പെരുമ്പാവൂരിലെ ഹോളോബ്രിക്‌സ്‌ കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന 22 കാരനായ ഒറിസ ലായിച്ചന്‍പൂര്‍ സ്വദേശി സുഭാഷ ആണ്‌ അപകടത്തില്‍പ്പെട്ടത്‌. അതിവേഗതയില്‍ കറങ്ങുന്ന ബെല്‍റ്റില്‍ വലതുകൈ കുടുങ്ങുകയായിരുന്നു. കൂടെയുള്ളവര്‍ ഉടനടി സുഭാഷിനെ മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ എത്തിച്ചു ഒപ്പം തോളൊപ്പം മുറിഞ്ഞുപോയ വലുതകൈ അവര്‍ അഴുക്കൊന്നും പുരളാതെ ഭദ്രമായി കൂടെ കൊണ്ടുവന്നിരുന്നു. പ്ലാസ്റ്റിക്‌ സര്‍ജനായ ഡോ.കെ.ജി ഭാസ്‌കരയുടെ നേതൃത്വത്തില്‍ ഡോ.വിനായക്‌, ഡോ.റിസ,ഡോ.സക്കീര്‍ എന്നിവര്‍ ഉടന്‍ തന്നെ ശസ്‌ത്രക്രീയയ്‌ക്കുള്ള നടപടികള്‍ തുടങ്ങി. ആദ്യമായി കയ്യിലെയും തോളിലെയും മുറിവുകള്‍ അണുവിമുക്തമാക്കി വൃത്തിയാക്കുകയായിരുന്നു. എല്ലുകള്‍ ശസ്‌ത്രിക്രീയയിലൂടെ പുനഃസ്ഥാപിച്ചത്‌ ഓര്‍ത്തോ സര്‍ജനായ ഡോ.ബിപിന്‍ തെരുവിലും ഡോ.വിനയ്‌ ചാക്കോയും ഉള്‍പ്പെട്ട സംഘമാണ്‌.
ഓരോ ഞരമ്പുകളും ,രക്തക്കുഴലുകളും ചേര്‍ത്ത്‌ പിടിപ്പിക്കേണ്ടതുണ്ടായിരുന്നു. അരഞ്ഞതും ,ചതഞ്ഞതുമായ ഞരമ്പുകളുടെ അറ്റം മുറിച്ചുമാറ്റിയശേഷമാണ്‌ യഥാസ്ഥാനത്ത്‌ പിടിപ്പിക്കേണ്ടിയിരുന്നത്‌.എട്ടു മണിക്കൂറോളം സുഭാഷ്‌ ജനറല്‍ അനസ്‌തേഷ്യയിലായിരുന്നു.അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.കെ.വിനോദന്‍, ഡോ.ജിതേഷ്‌ എന്നിവര്‍ ഈ ഘ്‌ട്ടത്തില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു.കൈ തിരിച്ചു പിടിപ്പിക്കുന്നതിനാവശ്യമായി വന്ന ഞരമ്പുകളും രക്തക്കുഴലുകളും സുഭാഷിന്റെ കാലില്‍ നിന്നുമാണ്‌ എടുത്തത്‌.
വലതുകൈ തിരികെ പിടിപ്പിച്ചെങ്കിലും സ്‌പര്‍ശനം പൂര്‍ണമായി ലഭിക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും.അടുത്തമാസം ഇതു സംബന്ധിച്ചു പ്രധാന ശസ്‌ത്രക്രീയ നടത്തേണ്ടിവരും. അറ്റുപോയ വലതുകൈ തിരികെ പിടിപ്പിച്ച സുഭാഷ്‌ ഇന്നലെ ഭാര്യ മുക്തയോടൊപ്പം ആശുപത്രി വിട്ടു. പെരുമ്പാവൂരിലെ അറക്കപ്പടിയില്‍ ജേഷ്‌ഠനും കുടുംബത്തോടൊപ്പമാണ്‌ ഇരുവരും താമസിക്കുന്നത്‌.ഡോക്ടര്‍മാര്‍ക്കും തന്റെ സ്ഥാപന ഉടമയ്‌ക്കും സുഭാഷും ഭാര്യ മുക്തയും നന്ദിപറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയ്‌ക്കുവേണ്ടി രണ്ടു ലക്ഷം രൂപയോളം ചിലവായി സുഭാഷിന്റെ സ്ഥാപന ഉടമസ്ഥന്‍ ഹനീഫയാണ്‌ ചിലവുകളെല്ലാം വഹിച്ചത്‌. മറ്റു സ്ഥാപന ഉടമകള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ശുശ്രൂഷിക്കാന്‍ വിമുഖ കാണിക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്‌തമായി സഹായിക്കാന്‍ തയ്യാറായ ഹനീഫയെ മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രി മാനേജിങ്ങ്‌ ഡയറക്ടര്‍ പി.വി ആന്റണി അനുമോദിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ