2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

വെള്ളക്കെട്ട്‌,ഗതാഗതക്കുരുക്ക്‌ നഗരസഭാ യോഗത്തില്‍ സംഘര്‍ഷം







കൊച്ചി
കൊച്ചി നഗരം പതിവായി മഴവെള്ളക്കെട്ടിനെത്തുടര്‍ന്നു വെള്ളത്തില്‍ മുങ്ങുകയും ഗതാഗതം പാടെ സ്‌തംഭിക്കുന്ന കാര്യം ചര്‍ച്ചയ്‌ക്കെടുത്ത നഗരസഭ കൗണ്‍സില്‍ യോഗം ഒടുവില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു.
കൊച്ചി മേയര്‍ ടോണി ചമ്മിണിയുടെ മറുപടി പ്രസംഗത്തിനിടെ സിപിഎം കൗണ്‍സില്‍ അഡ്വ. അനില്‍കുമാര്‍ ഇടപെട്ടതോടെയാണ്‌ സംഘര്‍ഷത്തിനു തുടക്കം. ജനറം പദ്ധതി പ്രകാരം ലഭിച്ച അഞ്ചരക്കോടി രൂപ കൊച്ചി നഗരസഭ പാഴാക്കിയതു സംബനഅധിച്ചു മേയറുടെ വിശദീകരണം കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു അനില്‍കുമാര്‍ ചൂണ്ടിക്കാടി. പ്രതിപക്ഷനേതാവ്‌ കെ.ജെ ജേക്കബ്‌ പ്രസംഗം ആരംഭിച്ചതോടെ ഭരണകക്ഷി അംഗങ്ങള്‍ ഇടപെടാന്‍ തുടങ്ങി. ഇതിനിടെ കോണ്‍ഗ്രസിലെ എ.ആര്‍ പത്മദാസും സിപിഎമ്മിലെ വി.എ ശ്രീജിതും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. ഇടയ്‌ക്കു രംഗത്തെത്തിയ സൗമിനി ജെയിംസ്‌ ശ്രീജിതിനോട്‌ മോശമായി പെറരുമാറിയതോടെ സ്ഥിതിഗതികള്‍ വഷളായി. ഇതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തുംതള്ളിന്റെയും വക്കിലെത്തി. പ്രതിപക്ഷനേതാവ്‌ കെ.ജെ ജേക്കബ്‌ സ്ഥിതിഗതികള്‍ ശാന്തമാക്കിയെങ്കിലും സഭയില്‍ തുടരേണ്ടന്നു പ്രതിപക്ഷം തീരുമാനിച്ചു തുടര്‍ന്നു പ്രതിപക്ഷാംഗങ്ങള്‍ മുദ്രവാക്യം മുഴക്കി ഇറങ്ങിപ്പോക്ക്‌ നടത്തി
ഭരണകക്ഷിയിലെ വനിതാ അംഗങ്ങളെ പ്രതിപക്ഷം കയ്യേറ്റം നടത്തിയതായി മേയര്‍ ടോണി ചമ്മിണി ആരോപിച്ചു. വനിതാ അംഗങ്ങളുടെ പരാതിയില്‍ നടപടി സ്വീകരിക്കുമെന്നു പിന്നീട്‌ അദ്ദേഹം പറഞ്ഞു. ഇതിനു സിപിഎം നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭയില്‍ പ്രതിപക്ഷം നിര്‍ജീവമല്ലെന്നു തെളിയിക്കാന്‍ നേരത്തെ തന്നെ നിശ്ചയിച്ച തിരക്കഥയാണിതെന്നും ടോണി ചമ്മിണി ആരോപിച്ചു.
നഗരത്തില്‍ നിരന്തരം ഉണ്ടാകുന്ന വെള്ളക്കെട്ടിനു മേയര്‍ ഡിഎംആര്‍സിയേയും കെഎംആര്‍എല്ലിനേയും പഴിച്ചു. പൈലിങ്ങിനു ശേഷം പുറത്തേക്കുവരുന്ന ചെളി മെട്രോ നിര്‍മ്മാണത്തിനു സബ്‌ എറ്റെടുത്തിരിക്കുന്ന കരാറുകാര്‍ നേരെ കാനകളിലേക്കു തിരിച്ചുവിട്ടിരിക്കുന്നതാണ്‌ വെള്ളക്കെട്ടിനു കരാണമെന്നു മേയര്‍ പറഞ്ഞു. മഴയ്‌ക്കു മുന്‍പ്‌ തയ്യാറെടുപ്പ്‌ എന്ന നിലയില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെല്ലാം ഇത്തവണയും പൂര്‍ത്തീകരിച്ചിരുന്നു.എന്നാല്‍ കാനകളിലേക്കു ചെളി ഒഴുക്കാന്‍ തുടങ്ങിയതോടെ കാനകള്‍ അടഞ്ഞു. ഈ കാനകളെല്ലാം ശുചിയാക്കി തരുവാന്‍ ഡിഎംആര്‍സിയോട്‌ ആവശ്യപ്പെടും. കാനകളിലേക്കു ഡിഎംആര്‍സി കൊടുത്തിരിക്കുന്ന പൈപ്പുലൈനുകളെല്ലാം നഗരസഭ അടക്കും. നഗരസഭ എഞ്ചിനിയറെ ഇതിനായി ചുമതലപ്പെടുത്തിയതായും മേയര്‍ പറഞ്ഞു.
കൗണ്‍സില്‍ യോഗത്തില്‍ ആദ്യം സംസാരിച്ച കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍ ലെനോ ജേക്കബ്‌ തന്നെ നഗരസഭയെ വെള്ളക്കെട്ടിന്റെയും ഗതാഗതക്കുരുക്കിന്റെയും കാര്യത്തില്‍ കുറ്റപ്പെടുത്തി. തുടര്‍ന്നു പ്രസംഗിച്ച പ്രതിപക്ഷ അംഗങ്ങളായ അഡ്വ.എം.അനില്‍കുമാര്‍, അഡ്വ. എന്‍,എ ഷഫീഖ്‌, കെ.വി മനോജ്‌ എന്നിവര്‍ ശക്തമായി മേയറിനെതിരെ ആഞ്ഞടിച്ചു. ഭരണപക്ഷത്തു നിന്നും പല അഗംങ്ങളും നഗരത്തിലെ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും നഗരസഭ ശക്തമായി ഇടപെടാത്തതിനാലാണെന്നു അഭിപ്രായപ്പെട്ടു. ഇതിനിടെ രംഗത്തുവന്ന ടി.ജെ വിനോദ്‌, കര്‍മ്മലി ആന്റണി എന്നിവര്‍മാത്രമെ മേയര്‍ ടോണി ചമ്മിണിയെ രക്ഷിക്കാന്‍ ശ്രമം നടത്തി.
മേയര്‍ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി ഡിഎംആര്‍സിയെ കുറ്റംപറയുന്നതിനു പകരം ക്രീയാത്മകമായി ഇതുവരെ ഒരു പദ്ധതിയും നടത്തിയിട്ടില്ലെന്നും എറണാകുളം നഗരത്തിനകത്തു തന്നെയുള്ള എംഎല്‍എ മാരായ ഹൈബി ഈഡനും ബെന്നി ബഹ്‌്‌നാനും കെ.വി തോമസ്‌ എംപിയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും കെ.വി മനോജ്‌ ആരോപിച്ചു.
ഇടപ്പള്ളി മുതല്‍ സഹോദരന്‍ അയ്യ്‌പ്പന്‍ റോഡ്‌ വരെ മെട്രോ റെയിലിന്റെ പണികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ റോഡ്‌ പാടെ തകര്‍ന്നിരിക്കുകയാണെന്നു അംഗങ്ങള്‍ ആരോപിച്ചു.
ഇതിനിടെ ഭരണകക്ഷിയിലെ തമ്പി സുബ്രഹ്മണ്യം മെട്രോ റെയിലിനോട്‌ ഉപമിച്ച്‌ നെല്ലിക്ക കൊണ്ടുവന്നു വിതരണം നടത്തി.ആദ്യം കയ്‌ക്കും പിന്നെ മധുരിക്കുമെന്ന തമ്പി സുബ്രഹ്മണ്യത്തിന്റെ വിശദീകരണം പ്രതിപക്ഷത്തിനെ പ്രകോപിപ്പിച്ചെങ്കിലും എല്ലാവരും നെല്ലിക്കയുടെ ചവര്‍പ്പു ആസ്വദിക്കുവാന്‍ മടികാട്ടിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ