2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

കാല്‍ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന സേക്രഡ്‌ മഹാസംഗമം തിരുവനന്തപുരത്ത്‌



കൊച്ചി: ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ സേക്രഡിന്റെ ആഭിമുഖ്യത്തില്‍ കാല്‍ ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന മഹാസംഗമം സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്‌ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ സംഘടിപ്പിക്കുന്ന സംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്‌ഘാടനം നിര്‍വഹിക്കും. മന്ത്രി കെ എം മാണി അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്‍ മുഖ്യപ്രഭാഷണം നടത്തും.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക്‌ തുല്യനീതി, പൂര്‍ണ്ണ പങ്കാളിത്തം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുക, പ്രതിരോധ , പരിശീലന, ഗലൃവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കുക, എയ്‌ഡഡ്‌ പബവിയിലേക്ക്‌ ഉയര്‍ത്തപ്പെടാത്ത സ്‌പെഷല്‍ സ്‌ക്കൂളുകള്‍ക്ക്‌ അര്‍ഹമായ ഗ്രാന്റ്‌ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കും.
സംസ്ഥാനത്ത്‌ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ആകെ ഒരു സ്‌പെഷ്യല്‍ സ്‌കൂള്‍ മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ബാക്കി നൂറോളം വരുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധ സേവന പ്രവര്‍ത്തകരുമാണ്‌ നടത്തുന്നത്‌. അതുകൊണ്ട്‌ തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക്‌ 3500 രൂപമാത്രമാണ്‌ പ്രതിമാസ ശമ്പളമായി നല്‍കാന്‍ കഴിയുന്നുള്ളു.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക്‌ വിദ്യാഭ്യാസവും ജില്ലകള്‍തോറും പുനരധിവാസവും നല്‍കണമെന്ന ജയരാജ്‌ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്‌പെഷ്യല്‍ സ്‌ക്കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കിയ സര്‍ക്കാരിന്‌ അഭിനന്ദനവും അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സുശീല കുര്യച്ചന്‍, ട്രഷറര്‍ എം അലി, ഈശോ സി എം, പി ബി ജോര്‍ജ്ജ്‌ എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ