2014, ജൂലൈ 2, ബുധനാഴ്‌ച

ചായ 10 രൂപയിലേക്ക്‌, ഊണിന്റെ വിലകേട്ടാല്‍ വിശക്കില്ല




കൊച്ചി

സാധാരണക്കാര്‍ ആശ്രയിക്കുന്ന ഹോട്ടലുകളിലും ഇടത്തരത്തില്‍പ്പെട്ട റസ്റ്റോറന്റുകളിലും ഇനി കയ്യില്‍ കാശുണ്ടെങ്കില്‍ മാത്രം പോര.. ആദ്യം തന്നെ വില ചോദിച്ചാല്‍ നാണം കെടാതെ ഇറങ്ങിപ്പോരാം.
പച്ചക്കറി ,മത്സ്യത്തിന്റെ വിലക്കയറ്റത്തിന്റെ മറപിടിച്ച്‌ ഹോട്ടലുകളില്‍ വില തോന്നിയപോലെ ഉയര്‍ത്തുന്നു. ഹോട്ടലുകളില്‍ റസ്‌റ്റോറന്റുകളിലും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥന്മാര്‍ പരിശോധന നടത്തുമ്പോള്‍ രംഗത്തുവരാറുള്ള ഇക്കൂട്ടരുടെ അസോസിയേഷനുകള്‍ക്ക്‌ തോന്നിയ വില വാങ്ങുന്നവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. നഗരത്തിലെ ഹോട്ടലുകളില്‍ തോന്നിയ വിലയ്‌ക്കാണ്‌ വില്‍പ്പന.
പാചകവാതകം, പെട്രോള്‍, ഡീസല്‍, പലവ്യഞ്‌ജനം, പച്ചക്കറി, മത്സ്യമാംസാദികളുടെ വിലക്കയറ്റത്തിന്റെ പേരില്‍ ജില്ലയിലെ ഹോട്ടലുകള്‍ ഭക്ഷണത്തിനു ദിവസം തോറും വിലകൂട്ടുന്നു. ചായമുതല്‍ ഊണുവരെയുള്ള മുഴുവന്‍ വിഭവങ്ങള്‍ക്കും 30 മുതല്‍ 50 ശതമാനംവരെ വില ഉയര്‍ത്തുമെന്നാണ്‌ ഹോട്ടല്‍മേഖലയില്‍നിന്നു ലഭിക്കുന്ന വിവരം. ചില കടകളില്‍ ഇതിനകംതന്നെ വില ഉയര്‍ത്തി. നഗരത്തിലെ ഏറ്റവും ചെറിയ കടകളില്‍ ചായക്ക്‌ ഇപ്പോള്‍ എട്ടുുരൂപയാണെങ്കില്‍ അത്‌ അടുത്തദിവസംതന്നെപത്തുരൂപയാക്കാനാണ്‌ ഒരുങ്ങുന്നത്‌. വലിയ കടകളില്‍ 10 മുതല്‍ 15 രൂപ വരെ വില ഉയര്‍ന്നേക്കും. ചെറുകടികള്‍ക്ക്‌ 8 രൂപയില്‍ നിന്നും പത്തു രൂപയാക്കാനാണ്‌ നീക്കം. അപ്പം, പുട്ട്‌, ഇഡലി, ദോശ, ചപ്പാത്തി, പൊറോട്ട എന്നിവയുടെ വില പത്തു രൂപയില്‍ നിന്നും 12 രൂപയാക്കാനാണ്‌ നീക്കം. കടല, പയര്‍, ഗ്രീന്‍പീസ്‌, മുട്ട തുടങ്ങിയ കറികള്‍ക്ക്‌ 20 രൂപയില്‍ നിന്നും 25 രൂപയാക്കും.
ഏറ്റവും ചെറിയ കടകളില്‍ സ്‌പെഷ്യല്‍ ഒഴിച്ചുള്ള ഊണിന്‌ നിലവില്‍ 45 രൂപയാണെങ്കില്‍ അത്‌ 55 ഉം 65 ഉം രൂപയാക്കി വര്‍ധിപ്പിക്കാനാണ്‌ നീക്കം. അതിലും ഉയര്‍ന്ന കടകളില്‍ 80 മുതല്‍ 100 രൂപവരെയായി ഊണിന്റെ വില ഉയരും. ഏറ്റവും സാധാരണക്കാര്‍ ആശ്രയിക്കുന്ന മത്തിക്കറിക്കും വറുത്തതിനും 20 രൂപയില്‍നിന്ന്‌ 35 രൂപയായി വില ഉയരും. അതിലും ഉയര്‍ന്ന മത്സ്യത്തിന്‌ 100 രൂപവരെ വില ഉയരാനിടയുണ്ട്‌. ട്രോളിംഗ്‌ നിരോധനം നിലവിലിരിക്കെ മത്സ്യത്തിന്റെ വില കൂടിയിരിക്കുകയാണ്‌. കോഴിക്കറി, വറുത്തത്‌ എന്നിവയ്‌ക്ക്‌ 100-120 രൂപ നിരക്കില്‍നിന്ന്‌ 150-200 രൂപ നിരക്കിലേക്ക്‌ വില ഉയര്‍ന്നേക്കും. ബീഫ്‌കറി, െ്രെഫ എന്നിവയുടെ വില 60-120 നിരക്കില്‍നിന്ന്‌ 100-150 രൂപവരെ വില ഉയര്‍ന്നാലും അത്ഭുതമില്ല. മട്ടനാകട്ടെ പല ഹോട്ടലുകളിലും ഇപ്പോള്‍ ലഭ്യമല്ല. മട്ടന്‍ ബിരിയാണി സാധാരണ കടയില്‍പ്പോലും 170 രൂപയാണ്‌ വില. അത്‌ ഇനിയും കൂടും. മട്ടണ്‍ചാപ്‌സ്‌പോലുള്ള സിംഗിള്‍ പീസ്‌ കറിക്കുപോലും ഇപ്പോള്‍ വില ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്‌. സാധാരണക്കാര്‍ ആശ്രയിക്കുന്ന കടകളിലെ വിലനിലവാരമാണിത്‌. ഇടത്തരക്കാരും അതിനു മുകളിലുള്ളവരും ആശ്രയിക്കുന്ന കടകളിലും സ്റ്റാര്‍ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഇതിനെക്കാള്‍ രണ്ടും മൂന്നും മടങ്ങ്‌ ഇരട്ടിയാണ്‌ വില. 
ഇഞ്ചി, ഉള്ളി, സവാള, പച്ചമുളക്‌, അരി തുടങ്ങി എല്ലാത്തിനും വില ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ വിഭവങ്ങള്‍ക്ക്‌ വില വര്‍ധിപ്പിച്ചില്ലെങ്കില്‍ കടകള്‍ പൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന്‌ ഹോട്ടലുടമകള്‍ പറയുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കു പുറമെ പാചകവാതകത്തിനും മാസംതോറും വില ഉയരുന്നതും ഹോട്ടല്‍വ്യവസായത്തെ രൂക്ഷമായ പ്രതിസന്ധിയിലാക്കിയതായും ഇവര്‍ പറയുന്നു. നഗരത്തില്‍ ജോലിചെയ്യുന്ന യുവാക്കളും മറ്റും ഏറ്റവും ആശ്രയിക്കുന്നത്‌ ഹോട്ടലുകളെയാണ്‌. ഹോട്ടലിലെ വിലവര്‍ധന അനുസരിച്ച്‌ വേതനം വര്‍ധിക്കാത്തത്‌ ഇവരെയും പ്രതിസന്ധിയിലാക്കും. ബാച്ചിലര്‍മാര്‍ പേയിങ്‌ ഗസ്റ്റുകളായി കഴിയുന്ന ഇടങ്ങളിലും ഹോസ്റ്റലുകളിലും ഭക്ഷണത്തിന്റെ വില കൂടും. ഇതിനു പുറമെ കാറ്ററിങ്‌ സര്‍വീസുകാരും വില ഉയര്‍ത്താന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്‌. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്‌ തുടങ്ങിയ സര്‍ക്കാര്‍സംവിധാനങ്ങളിലൂടെ ഹോട്ടലുകള്‍ക്കു വേണ്ട സാധനങ്ങള്‍ ന്യായവിലയ്‌ക്ക്‌ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്‌. പാചകവാതക വില വര്‍ധിച്ചതിനാല്‍ ഭക്ഷണവില കൂട്ടാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടിലാണ്‌ കേരള ഹോട്ടല്‍ ഉടമകള്‍. ഇടത്തരം ഹോട്ടലുകളില്‍പോലും മാസം 20 ലധികം ഗ്യാസ്‌ സിലിണ്ടറുകള്‍ ആവശ്യമാണ്‌. വിലവര്‍ധനയോടെ ഈ ഇനത്തില്‍ വന്‍ ബാധ്യതയാണ്‌ ഹോട്ടലുകള്‍ക്കുണ്ടായതെന്ന്‌ ഇവര്‍ പറയുന്നു. ഇതിനു പുറമെയാണ്‌ ഡീസല്‍ വിലവര്‍ധനയും വിപണിയിലെ വിലക്കയറ്റവും. ഈ സാഹചര്യത്തില്‍ വിലവര്‍ധനയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നാണ്‌ ഹോട്ടലുടമകള്‍ പറയുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ