2014, ജൂൺ 4, ബുധനാഴ്‌ച

ആറായിരത്തോളം മലയാളി വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

കര്‍ണാടക നഴ്‌സിങ്ങ്‌ സ്ഥാപനങ്ങള്‍ക്ക്‌ അംഗീകാരം നഷ്‌ടപ്പെടും


കൊച്ചി

കര്‍ണാകയിലെ അംഗീകാരം നഷ്‌ടപ്പെട്ട 260 നഴ്‌സിങ്ങ്‌ കോളേജുകളില്‍ പഠിച്ച ആറായിരത്തിലേറെ വിദ്യാര്‍ഥികളുടെ ഭാവിയാണ്‌ അനിശ്ചിതത്വത്തിലായിരിക്കുന്നത്‌. എന്നാല്‍ ഈ സത്യം മറച്ചുവെച്ചു ഈ വര്‍ഷം വ്യാപകമായി അഡ്‌മിഷന്‍ തട്ടിപ്പു നടത്തുന്നതായി കേരളത്തിനു പുറത്തു പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ സംഘടനയായ എഎംഎസ്‌എസ്‌കെ മുന്നറിയിപ്പ്‌ നല്‍കി. ഇതിനെതിര സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികള്‍ ഒന്നും ഉണ്ടാകത്തതിനെ തുടര്‍ന്നു കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌ .
കര്‍ണാക സംസ്ഥാനത്തു പ്രവര്‍ത്തിച്ചുവരുന്ന നഴ്‌സിങ്ങ്‌ പഠന സ്ഥാപനങ്ങള്‍ക്ക്‌ രാജീവ്‌ ഗാന്ധി ആരോഗ്യ സര്‍വകലാശാല വര്‍ഷാ വര്‍ഷം പുതുക്കി നില്‍കിയിരുന്ന അംഗീകാരങ്ങള്‍ ആണ്‌ പ്രതിസന്ധിയിലായിരിക്കുന്നത്‌. മാതാപിതാക്കള്‍ പലരും ലക്ഷക്കണക്കിനു രൂപ മുടക്കിയാണ്‌ കര്‍ണാടകയിലെ നഴ്‌സിങ്ങ്‌ സ്ഥാപനങ്ങളില്‍ അയച്ചു പഠിപ്പിച്ചത്‌. ഇവരുടെ ഭാവി ചോദ്യചിഹ്നമായി.
വിദ്യാര്‍ഥികള്‍ക്ക്‌ പ്രവേശനം നല്‍കണമെങ്കില്‍ കര്‍ണാടകയിലെ നഴ്‌സിങ്ങ്‌ പഠന സ്ഥാപനങ്‌ഹള്‍ക്ക്‌ സ്വന്തമായി 100 ബെഡ്‌ ആശുപത്രിയും സ്വന്തം കെട്ടിടവും നിര്‍ബന്ധമാക്കിയിരിക്കുകായണ്‌. ഈ നിബന്ധന പാലിക്കാന്‍ സാധിക്കാത്ത നഴ്‌സിങ്ങ്‌ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്‌ പ്രവേശനം നല്‍കരുതെന്നും ഇതു ലംഘിക്കുകയാണെങ്കില്‍ ഈ സ്ഥാപനങ്ങളുടെ പ്രധാന അധ്യാപകന്‍ ഉത്തരവാദിയായിരിക്കുമെന്നും അവരുടെ മേല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്‌.
പെട്ടിക്കട പോലെ തുറനനിരിക്കുന്ന ഈ സ്ഥാപനങ്ങള്‍ പലതും തകരം മേഞ്ഞ ഷെഡിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ . ഇവയുടെ എല്ലാം അംഗീകാരം നഷ്‌ടപ്പെടും. 300ഓളം നഴ്‌സിങ്ങ്‌ സ്ഥാപനങ്ങളില്‍ 260ഓളവും തരികിട സ്ഥാപനങ്ങളാണ്‌. അതേപോലെ മലയാളികളുടെ വിശ്വാസം നേടാന്‍ ക്രിസ്‌ത്യന്‍ മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ എന്ന പേരിലാണ്‌ ഇവയില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്‌. ഒരു അക്കാദമിക വര്‍ഷം ഈ സ്ഥാപനങ്ങളില്‍ ഏഴായിരത്തോളം മലയാളി വിദ്യാര്‍ഥികളാണ്‌ കര്‍ണാടകിയിലെ നഴ്‌സിങ്ങ്‌ സ്ഥാപനങ്‌ളില്‍ പഠിക്കാനെത്തുന്നത്‌.
കര്‍ണാടകയിലെ നഴ്‌സിങ്ങ്‌ സ്ഥാപനങ്ങളുടെ പഠന നിലവാരം സംബന്ധിച്ച്‌ മുന്‍പും ആക്ഷേപങ്ങളും ആശങ്കകളും ഉണ്ടായിട്ടുണ്ട്‌. 2005-06ലെ ഡോ.ഗുരുമൂര്‍ത്തി കമ്മീഷന്റെ പരിശോധനയും പിന്നീട്‌
തുടര്‍നടപടിയുടെ ഭാഗമായി നൂറുകണക്കിനു പഠന സ്ഥാപനങ്ങളുടെ അംഗീകാരം നഷ്‌ടപ്പെട്ടിരുന്നു. നഴ്‌സിങ്ങ്‌ പഠന സ്ഥാപനങ്ങള്‍ക്ക്‌ സ്വന്തമായി ആശുപത്രിയും സ്വന്തം കെട്ടിടവും വേണമെന്നു 2006ല്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു.അഞ്ച്‌ വര്‍ഷത്തെ സാവകാശവും നല്‍കിയിരുന്നു. എന്നാല്‍ ഈ കാലാവധി 2012 ല്‍ അവസാനിച്ചതോടെയാണ്‌ഇപ്പോള്‍ പഠിക്കുന്നവരുടെ കാര്യവും അവതാളത്തിലായിരിക്കുന്നത്‌.
അംഗീകാരം നഷ്‌ടപ്പെട്ട വ്യാജ നഴ്‌സിങ്ങ്‌ സ്ഥാപനങ്ങളുടെ പേരും വിവരങ്ങളും www.amssk.in എന്ന വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയുടെ അഖിലേന്ത്യ അധ്യക്ഷന്‍ എം.കെ തോമസ്‌, സെക്രട്ടറി സുനില്‍കുമാര്‍ , ഷിബു കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ