2014, മാർച്ച് 9, ഞായറാഴ്‌ച

തിരഞ്ഞെടുപ്പ്‌ ചുമരെഴുത്തിനെതിരെ റെസിഡന്‍സ്‌ അസോസിയേഷനുകള്‍



കൊച്ചി
ഏത്‌ പാര്‍ട്ടി ആയാലും ചുമരെഴുത്ത്‌ വേണ്ടെന്ന്‌ റെസിഡന്‍സ്‌ അസോസിയേഷന്‍. തിരഞ്ഞെടുപ്പിനു ശേഷം മനോഹരമായി വൈറ്റ്‌ വാഷ്‌ ചെയ്‌തു തരാമെന്നു സുന്ദര വാഗ്‌ദാനങ്ങളൊക്കെ നല്‍കും . തുടര്‍ന്നു സുന്ദരമായ മതിലുകള്‍ എഴുതി കുളമാക്കും . ഇലക്ഷന്‍ കഴിയുന്നതോടെ വാഗ്‌ദാനം നല്‍കിയവര്‍ മുങ്ങും. രാഷ്‌ട്രീയക്കാരും അവരുടെ സില്‍ബന്ധികളും ഇതു പതിവായതോടെയാണ്‌ നാട്ടുകാരുടെ ഈ തീരുമാനം.
രാഷ്‌ട്രീയക്കാര്‍ ആയതിനാല്‍ മുഷിപ്പിക്കാനും കഴിയില്ല. ഇതെല്ലാം കണക്കുകൂട്ടിയാണ്‌ ഇടപ്പള്ളി വെട്ടിക്കുന്നു ഭാഗത്തെ റെസിഡന്‍സ്‌ അസോസിയേഷന്‍ ഒറ്റക്കെട്ടായി ഈ തൂരുമാനം എടുത്തത്‌.ഇനി ആര്‍ക്കും പരാതി വേണ്ട.
കളമശേരി മുനിസിപ്പാലിറ്റിയില്‍പ്പെട്ട വെട്ടിക്കുന്നിലെ സ്വതന്ത്ര റെസിഡന്‍സ്‌ അസോസിയേഷന്റേതാണീ തീരുമാനം.
തീരുമാനം മാത്രമല്ല, മതിലുകളിലെല്ലാം ഒരേ നിറത്തിലുള്ള ചായം പൂശി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക കൂടി ചെയ്‌തിരിക്കുയാണ്‌. .ഇളം നീലയും കടും നീലയുമാണ്‌ മതിലുകളില്‍ അടിച്ചിരിക്കുന്ന നിറങ്ങള്‍.
തിരഞ്ഞെടുപ്പ്‌ വരുന്നതു മുന്‍കൂട്ടി കണ്ട്‌ കഴിഞ്ഞ ഡിസംബറില്‍ തന്നെ മതിലില്‍ നിറം പൂശുന്ന ജോലികള്‍ തുടങ്ങി. ഏതാനും വോളണ്ടിയര്‍മാരുടെ നേതൃത്വത്തിലായിരുന്നു മതിലിനു നിറം പൂശല്‍. പൂശാനുള്ള സാധന സാമിഗ്രികള്‍ മാത്രം ഓരോ വീട്ടുകാരും നല്‍കിയാല്‍ മതി. കൂലി ഫ്രീ.
അസോസിയേഷനില്‍പ്പെട്ട 30 ഓളം വീട്ടുകാര്‍ ഇതില്‍ പങ്കാളികളായതായി സ്വതന്ത്ര റെസിഡന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ നിക്‌സണ്‍ പറഞ്ഞു.
അസോസിയേഷന്‍ നിറം പൂശി നല്‍കിയെങ്കിലും വ്യക്തി സ്വാതന്ത്ര്യം തടയില്ല. അത്ര ആവേശമാണെങ്കില്‍ എതിരില്ല. അതെല്ലാം ഓരോ വ്യക്തികളുടേയും ഇഷ്‌ടം എന്നു നികസ്‌ണ്‍. എന്തായാലും ക്ലീനായ മതിലുകള്‍ കേവലം ഏപ്രില്‍ 10നു അവസാനിക്കുന്ന തിരഞ്ഞെടുപ്പ്‌ ആവേശത്തിനുവേണ്ടി നശിപ്പിക്കേണ്ട എന്നാണ്‌ റെസിഡന്‍സ്‌ അസോസിയേഷന്റെ ഉറച്ച തീരുമാനം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ