2014, മാർച്ച് 9, ഞായറാഴ്‌ച

സമരം ചെയ്‌ത ട്രാഫിക്‌ വാര്‍ഡന്മാരെ എഎസ്‌ഐ ചീത്തവിളിച്ചു പുറത്താക്കി


കൊച്ചി
ദിവസവേതനം 500 രൂപയായി വര്‍ധിപ്പിക്കുക, യൂണിഫോമിന്റെ നിറം മാറ്റാനുള്ള തീരുമാനം മരവിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കൊച്ചി നഗരത്തിലെ ട്രാഫിക്‌ വാര്‍ഡന്മാര്‍ പണിമുടക്കി.
സമരത്തിന്റെ ഭാഗമായി എറണാകുളം ട്രാഫിക്‌ പോലീസ്‌ സ്റ്റേഷന്‍ വളപ്പില്‍ ഒത്തുചേര്‍ന്ന വാര്‍ഡന്മാരെ എഎസ്‌ഐ ചീത്തപറഞ്ഞു ഓടിച്ചു.
വെയിലും മഴയുമേറ്റു ജോലി ചെയ്‌താലും ഉദ്യോഗസ്ഥന്മാരുടെ ചീത്തവിളിയും തുഛമായ വേതനവും മാത്രമാണ്‌ തങ്ങള്‍ക്കു ലഭിക്കുന്നതെന്നു ട്രാഫിക്‌ വാര്‍ഡന്മാര്‍ പറയുന്നു.
വെറും 300 രൂപ ദിവസവേതനത്തില്‍ 172 വാര്‍ഡന്മാരാണ്‌ നഗരത്തില്‍ ട്രാഫിക്‌ നിയന്ത്രണം നടത്തുന്നത്‌. കഴിഞ്ഞ നാലുവര്‍ഷമായിട്ടും വാര്‍ഡന്മാരുടെ വേതനം വര്‍ധിപ്പിക്കാനോ ആനുകൂല്യങ്ങള്‍ ഒന്നുപോലും നല്‍കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മാത്രമല്ല നിലവില്‍ ഇവരുടെ ധരിച്ചിരിക്കുന്ന യൂണിഫോമിന്റെ നിറം മാറ്റുവാന്‍ കമ്മീഷണര്‍ തീരുമാനിക്കുകയും ചെയ്‌തു. നിലവലില്‍ തന്നെ നിരവധി ഭീഷണികള്‍ തങ്ങള്‍ നേരിടുന്നുണ്ടെന്നും യൂണിഫോമിന്റെ നിറം കൂടി മാറ്റി ,സെക്യുരിറ്റിക്കാരുടെ നിറമുള്ള യൂണിഫോം ഇട്ടുനിന്നാല്‍ പൊതുജനം തങ്ങളെ അനുസരിക്കില്ലെന്നാണ്‌ വാര്‍ഡന്മാരുടെ പരാതി.
ഒരു യൂണിഫോം തുണി വാങ്ങി തയിച്ചുവരുമ്പോള്‍ 2000 രൂപ കവിയും. അതായാത്‌ ഏഴ്‌ മാസത്തെ വേതനം വേണ്ടിവരും പുതിയ ഒരു യൂണിഫോം വാങ്ങുവാന്‍ . യൂണിഫോം ധരിച്ചിട്ടുപോലും വനിതാ ട്രാഫിക്‌ വാര്‍ഡനെ നടുറോഡില്‍ വെച്ചു അടുത്തിടെ കയ്യേറ്റം ചെയ്‌തിരുന്നു. ഇക്കാര്യത്തില്‍ പോലീസ്‌ മേധാവികള്‍ പ്രതിക്കു അനുകൂലമായി നിലപാട്‌ സ്വീകരിച്ചത്‌ വിവാധമായിരുന്നു. ഇതിന്റെ പകപോക്കലായിട്ടായിരുന്നു ട്രാഫിക്‌ വര്‍ഡന്മാരുടെ യൂണിഫോം മാറ്റത്തിനു ഉത്തരവിട്ടത്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ