2013, ഡിസംബർ 30, തിങ്കളാഴ്‌ച

കൊച്ചി നഗരസഭയുടെ 67.2 കോടിയുടെ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം



 ചേരിരഹിത ഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന രാജീവ്‌ ആവാസ്‌ യോജന (ആര്‍.എ.വൈ) പദ്ധതിയുടെ ഭാഗമായി മട്ടാഞ്ചേരി പ്രദേശത്തുള്ള തുരുത്തി, കല്‍വത്തി, കോഞ്ചേരി എന്നീ കോളനികള്‍ക്ക്‌ വേണ്ടി കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറാക്കിയ 67.62 കോടി രൂപയുടെ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. 



ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സെന്‍ട്രല്‍ സാക്ഷനിംഗ്‌ ആന്റ്‌ മോണിറ്ററിംഗ്‌ കമ്മിറ്റിയാണ്‌ പദ്ധതിക്ക്‌ അംഗീകാരം നല്‍കിയത്‌. കേന്ദ്ര ഹൗസിംഗ്‌ ആന്റ്‌ പോവര്‍ട്ടി അലീവിയേഷന്‍ മന്ത്രാലയത്തിന്റെ സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റിയില്‍ കോര്‍പ്പറേഷനു വേണ്ടി മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു.
പദ്ധതി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുത്തിട്ടുള്ള 218 ചേരികളില്‍ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ചേരിയാണ്‌ തുരുത്തി. ചേരിരഹിത കൊച്ചി?എന്ന ആശയം മുന്‍നിര്‍ത്തി ചേരിരഹിത കര്‍മ്മാസൂത്രണ പദ്ധതി തയ്യാറാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ്‌ പദ്ധതിക്ക്‌ അംഗീകാരം ലഭിച്ചിരിക്കുന്നത്‌. ചേരിരഹിത കര്‍മ്മാസൂത്രണ പദ്ധതി രേഖ തയ്യാറാക്കി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചേരികളിലും അടിസ്ഥാന സൗകര്യത്തോടൊപ്പം പാര്‍പ്പിടവും അനുബന്ധ സൗകര്യങ്ങളും ഘട്ടംഘട്ടമായി നല്‍കും.
പദ്ധതിയിലൂടെ ചേരിയിലുള്ള 755 കുടുംബങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കും. ഇതില്‍ പാര്‍പ്പിട സൗകര്യത്തിനു വേണ്ടി 83 വ്യക്തിഗത വീടുകളും, 180 റോഹൗസുകളും, 6 വ്യക്തിഗത ഭവനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു രണ്ടു നില കെട്ടിടവും, 11 നിലകളുള്ളതും 398 കുടുംബങ്ങള്‍ക്ക്‌ താമസിക്കാവുന്നതുമായ രണ്ട്‌്‌ ഫ്‌ളാറ്റ്‌ സമുച്ചയങ്ങളും, 88 കുടുംബങ്ങളുടെ ഭവന നവീകരണവും ഉള്‍പ്പെടും. കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി റോഡുകള്‍, പാലം, കുടിവെള്ള വിതരണ സംവിധാനം, മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം, സ്വീവേജ്‌ നിര്‍മ്മാര്‍ജ്ജന സംവിധാനം, മഴവെള്ള സംഭരണം തുടങ്ങിയവും കോളനിയിലെ ജനങ്ങളുടെ സാമൂഹ്യവികസനത്തിനായി ഉപജീവന കേന്ദ്രങ്ങള്‍, ആയുര്‍വ്വേദ ഹോമിയോ ക്ലീനിക്ക്‌, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറുടെ ഓഫീസ്‌, അംഗനവാടി, ലൈബ്രറി, തെരുവു വിളക്ക്‌ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ദുരന്ത നിവാരണത്തിന്റെ ഭാഗമായി ചേരിയുടെ വിവിധ ഭാഗങ്ങളില്‍ അഗ്നിശമന സംവിധാനങ്ങള്‍ ചേരിനിവാസികളുടെ സുരക്ഷക്കായി ഉള്‍പ്പെടുത്തി പ്രദേശത്തിന്റെ സമഗ്ര വികസനമാണ്‌ ലക്ഷ്യമിടുന്നത്‌. 36 മാസം കൊണ്ട്‌ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ്‌ കോര്‍പ്പേറഷന്റെ പ്രതീക്ഷ.
നഗരവികസനം താഴെത്തട്ടില്‍ ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്കും ഇതോടുകൂടി ലഭ്യമാകുമെന്ന്‌ മേയര്‍ ടോണി ചമ്മണി പറഞ്ഞു. ചേരികളില്ലാത്ത നഗരമെന്ന ഖ്യാതി വൈകാതെ കൊച്ചിക്ക്‌ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ