2023, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ച് എയര്‍ബിഎന്‍ബി

 




കൊച്ചി : രാജ്യത്തെ ടൂറിസം കേന്ദ്രങ്ങള്‍ കൂടുതല്‍ വളര്‍ത്തുന്നതിനും സാംസ്്കാരിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി  എയര്‍ബിഎന്‍ബി കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. കേന്ദ്ര ടൂറിസം മന്ത്രി ജി കിഷന്‍ റെഡ്ഡി, ടൂറിസം മന്ത്രാലയം സെക്രട്ടറി വി വിദ്യാവതി, ടൂറിസം മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി രാകേഷ് കുമാര്‍ വര്‍മ, എയര്‍ബിഎന്‍ബി ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, ഹോങ്കോംഗ്, തായ്വാന്‍ എന്നീ പ്രദേശങ്ങളുടെ ജനറല്‍ മാനേജര്‍ അമന്‍പ്രീത് ബജാജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

വിസിറ്റ് ഇന്ത്യ 2023 സംരംഭത്തിന്റെ ഭാഗമായി ഇന്‍ബൗണ്ട് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാണ് എയര്‍ബിഎന്‍ബി ടൂറിസം മന്ത്രാലയവുമായി സഹകരിക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും നിര്‍മ്മിത പൈതൃകവും പ്രദര്‍ശിപ്പിക്കുന്നതിനായി എയര്‍ബിഎന്‍ബി 'സോള്‍ ഓഫ് ഇന്ത്യ' എന്ന മൈക്രോസൈറ്റ് അവതരിപ്പിച്ചു. ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ സഹകരണം ധാരണാപത്രത്തിന്റെ ഭാഗമാണ്. 'അതിഥി ദേവോ ഭവ' എന്ന ഇന്ത്യയുടെ പാരമ്പര്യ വചനം അതിഥികളെ ദൈവത്തോട് തുല്യമാക്കുന്നുവെന്നും, വിനോദസഞ്ചാരികളെ ഹോം സ്റ്റേകളില്‍ താമസിപ്പിക്കുന്നതിലും വലിയ മറ്റെന്ത് ആതിഥ്യ മര്യാദയാണ് നമ്മള്‍ കാണിക്കേണ്ടതെന്നും കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു. ടൂറിസം മന്ത്രാലയവുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്രാന്‍ഡിനെ ശക്തിപ്പെടുത്തുകയും ടൂറിസത്തിലൂടെ പുതിയ സാമ്പത്തികവും സാമൂഹികവുമായ അവസരങ്ങള്‍ തുറക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ധാരണാപത്രം മുന്നോട്ടുവെക്കുന്നതെന്നും എയര്‍ബിഎന്‍ബി ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, ഹോങ്കോംഗ്, തായ്വാന്‍ ജനറല്‍ മാനേജര്‍ അമന്‍പ്രീത് ബജാജ് പറഞ്ഞു.

ടൂറിസത്തിലേക്ക് വളര്‍ന്നുവരുന്ന സ്ഥലങ്ങളില്‍ ഹോസ്പിറ്റാലിറ്റി മൈക്രോ-സംരംഭകരെ പരിശീലിപ്പിക്കാന്‍ എയര്‍ബിഎന്‍ബി മന്ത്രാലയവുമായി സഹകരിക്കും. ഇത് മന്ത്രാലയത്തിന്റെ പ്രധാന പദ്ധതിയുടെ ഭാഗമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ