2023, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

മാലിന്യം വലിച്ചെറിയുന്നത് അറിയിച്ചാല്‍ പ്രതിഫലം; ഉത്തരവ് ഫലം കാണുന്നു



നിരവധി തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യപ്രശ്നത്തിന് അടിയന്തര നടപടി




തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഫലം കാണുന്നു. നിയമലംഘനം അറിയിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ അറിയിപ്പ് നല്‍കിയതോടെ നിരവധി പ്രദേശങ്ങളിലെ മാലിന്യപ്രശ്നത്തിനാണ് പരിഹാരം കാണാനായത്. നിയമലംഘനം അറിയിക്കുന്നതിനായി തദ്ദേശ സ്ഥാപന അധികൃതര്‍ പരസ്യപ്പെടുത്തിയ വാട് സാപ്‌ നമ്പര്‍, ഇ മെയില്‍ എന്നിവയിലേക്ക് പ്രദേശത്തെ മാലിന്യപ്രശ്നങ്ങള്‍ ജനങ്ങള്‍ അറിയിച്ചു. ഉടനടി മാലിന്യം നീക്കം ചെയ്ത് അധികൃതര്‍ മാതൃക കാണിക്കുകയും ചെയ്തു.

കൂത്താട്ടുകുളം, മരട്, പിറവം, അശമന്നൂര്‍, പാമ്പാക്കുട തുടങ്ങി നിരവധി തദ്ദേശ സ്ഥാപനങ്ങളാണ് മാലിന്യം നിക്ഷേപിക്കുന്നതിന്‍റെ ഫോട്ടോ, വീഡിയോ ഉള്‍പ്പെടെയുള്ള തെളിവ് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യം ചെയ്ത് പ്രശ്നത്തിന് പരിഹാരം കണ്ടത്. പെരുമ്പാവൂര്‍ മത്സ്യ-മാംസ-പച്ചക്കറി മാര്‍ക്കറ്റുകളില്‍ കൃത്യമായി മാലിന്യനീക്കം നടത്താതെ മാലിന്യം നിറഞ്ഞ് രോഗഭീതി ഉടലെടുത്തിരുന്നു. ഈ പ്രശ്നം ചിത്രവും വീഡിയോയും സഹിതം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചു. മാലിന്യവിഷയത്തില്‍ സമാന നടപടികള്‍ സ്വീകരിച്ചതിന്‍റെ റിപ്പോര്‍ട്ടുകള്‍ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നും വരുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

മാലിന്യപ്രശ്നം അറിയിക്കാനായി വാട് സാപ്‌ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഉള്‍പ്പെടുത്തി നല്‍കുന്ന അറിയിപ്പ് ചുരുക്കം ദിവസങ്ങള്‍ കൊണ്ടുതന്നെ പലയിടങ്ങളിലും വിജയം കണ്ടതോടെ ഈ മാതൃക പിന്തുടരാന്‍ തയ്യാറാകുകയാണ് മറ്റു തദ്ദേശ സ്ഥാപനങ്ങളും. ഇത് സംബന്ധിച്ച് എല്ലാ ജില്ലയിലും അടിയന്തര നടപടികള്‍ ഉണ്ടാകുന്നതിന് ഈയിടെ നടന്ന മാലിന്യമുക്തം നവകേരളം ശില്‍പ്പശാലയില്‍ നിര്‍ദേശങ്ങള്‍ ഉയരുകയും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. എല്ലാ ജില്ലകളിലെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അടിയന്തരമായി ഫോണ്‍ നമ്പര്‍/ഇമെയില്‍ വിലാസം പരസ്യപ്പെടുത്തുന്നു എന്ന് ഉറപ്പാക്കാന്‍ ശില്‍പ്പശാലയില്‍ ജോയിന്‍റ് ഡയറക്ടര്‍മാര്‍ക്ക് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നിര്‍ദേശവും നല്‍കി.

2024 മാര്‍ച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മൂന്ന് ഘട്ടങ്ങളിലായി 'മാലിന്യമുക്തം നവകേരളം' കാമ്പയിന്‍ നടത്തിവരികയാണ്. 2023 മാര്‍ച്ച് 13 മുതല്‍ 2023 ജൂണ്‍ 5 വരെ നടന്ന കാമ്പയിനിന്‍റെ ആദ്യഘട്ട ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംസ്ഥാനത്തുടനീളം ഹരിതസഭകള്‍ സംഘടിപ്പിച്ചു. കാമ്പയിനിന്‍റെ രണ്ടാം ഘട്ടം ഈ വര്‍ഷം നവംബര്‍ 30 ന് സമാപിക്കും.

കാമ്പയിനിന്‍റെ ഭാഗമായാണ് പാരിതോഷികം നല്‍കുന്നത്. നിയമലംഘനം അറിയിക്കുന്ന വ്യക്തികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 2,500 രൂപ വരെയോ അല്ലെങ്കില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ആണ് പാരിതോഷികമായി നല്‍കുക. പൊതു ഇടങ്ങള്‍, സ്വകാര്യ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ തെളിവ് സഹിതം പൊതുജനങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അറിയിക്കാം. ശുചിത്വമിഷന്‍റെ ഹരിതമിത്രം ആപ്പ് വഴിയും മാലിന്യം നിക്ഷേപിക്കുന്നത് അധികൃതരെ അറിയിക്കാനാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ