2021, ഓഗസ്റ്റ് 8, ഞായറാഴ്‌ച

ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു


 എ. എ വൈ കാർഡുടമകൾക്കുള്ള കിറ്റിൻ്റെ വിതരണം 60 ശതമാനം പൂർത്തിയായി

എറണാകുളം : മുഴുവൻ റേഷൻ കാർഡുടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. വിതരണം ഒരാഴ്ച പിന്നിട്ടപ്പോൾ ജില്ലയിലെ 60 ശതമാനം എ.എ.വൈ കാർഡുടമകളും ഓണക്കിറ്റ് കൈപ്പറ്റി. ആകെയുള്ള 37126 എ എ വൈ കാർഡുടമകളിൽ 22100 ആളുകളും കിറ്റ് വാങ്ങി.
രണ്ടാം ഘട്ടത്തിൽ 
മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട
പിങ്ക് കളർ കാർഡുടമകൾക്കും മൂന്നാം ഘട്ടത്തിൽ മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ പെട്ട
നീല കളർ കാർഡുടമകൾക്കും നാലാം ഘട്ടത്തിൽ മുൻഗണനേതര  നോൺ സബ്സിഡി വിഭാഗത്തിൽ ഉൾപ്പെട്ട
വെള്ള കളർ കാർഡുടമകൾക്കും കിറ്റുകൾ വിതരണം ചെയ്യും. ഓഗസ്റ്റ് 16 ന് മുൻപായി എല്ലാവർക്കും ഓണകിറ്റ് എത്തിക്കാൻ ആണ് നിലവിൽ ലക്ഷ്യമിടുന്നത്.

 ഓഗസ്റ്റ്‌ 4 മുതൽ ഓഗസ്റ്റ് 7 വരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട കാർഡുടമകൾക്കും ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 12 വരെ മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ പെട്ട
നീല കളർ കാർഡുടമകൾക്കുള്ള കിറ്റുകളും ഓഗസ്റ്റ് 13 മുതൽ 16 വരെ നോൺ സബ്സിഡി വിഭാഗത്തിൽ ഉൾപ്പെട്ട
വെള്ള കളർ കാർഡുടമകൾക്കുള്ള കിറ്റുകളും വിതരണം ചെയ്യും.

പഞ്ചസാര ഒരു കിലോഗ്രാം, വെളിച്ചെണ്ണ , ചെറുപയർ, തുവര പരിപ്പ്, തേയില, മുളക് പൊടി, ശബരി പൊടി ഉപ്പ്, മഞ്ഞൾ , സേമിയ അല്ലെങ്കിൽ പാലട  ഉണക്കലരി, കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശർക്കരവരട്ടിയോ ഉപ്പേരിയോ ,ഒരു കിലോഗ്രാം ആട്ട, ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി തുടങ്ങിയവയായിരിക്കും കിറ്റിൽ ഉണ്ടാകുക.

ജില്ലയിൽ 881834 കിറ്റുകളാണ് തയാറാക്കുന്നത്. കാർഡുകളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കിറ്റുകളുടെ എണ്ണവും കൂട്ടും. എ. എ വൈ വിഭാഗത്തിൽ ജില്ലയിൽ ആകെ 37126 കാർഡുകൾ ആണ് ഉള്ളത്. മുൻഗണന വിഭാഗത്തിൽ 255522 കാർഡുകളും മുൻഗണനേതര സബ്‌സിഡി വിഭാഗത്തിൽ 278356 കാർഡുകളും മുൻഗണനേതര  നോൺ സബ്സിഡി വിഭാഗത്തിൽ 307310 കാർഡുകളുമാണ് ജില്ലയിലുള്ളത്.

2. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 208  പേർക്കെതിരെ നടപടി
എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 208 പേർക്കെതിരെ വെള്ളിയാഴ്ച നടപടി സ്വീകരിച്ചു.     സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്.
    മാസ്ക് ധരിക്കാത്തതിന് 162 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് 16 പേർക്കെതിരെയും നടപടി സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് ആൾക്കൂട്ടം ചേർന്ന സംഭവത്തിൽ ഉത്തരവാദികളായ മൂന്ന് പേർക്കെതിരെയും ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ചതിന് രണ്ട് പേർക്കെതിരെയും നടപടി സ്വീകരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ