2020, ഒക്‌ടോബർ 20, ചൊവ്വാഴ്ച

തദ്ദേശ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

 



എറണാകുളം: കോവിഡ് പ്രതിസന്ധികൾക്കിടയിലും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.  വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനയും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും അവസാന ഘട്ടത്തിലാണ്. അടുത്ത മാസം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന മുപ്പത് ശതമാനം പൂർത്തിയായി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അഞ്ച് എഞ്ചിനീയർമാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. 20 റവന്യൂ ഉദ്യോഗസ്ഥരും ഇവരെ സഹായിക്കാനുണ്ട്. മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകൾക്കു ശേഷം നഗരസഭ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന സിംഗിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകൾ ആരംഭിക്കും. ഈ മാസം തന്നെ യന്ത്രങ്ങളുടെ പരിശോധനകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരുടെ പരിശീലനവും പുരോഗമിക്കുകയാണ്. 11 ബ്ലോക്കു പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെ പരിശീലനമാണ് പൂർത്തിയായത്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഈ യാഴ്ച നടക്കും. ഒക്ടോബർ 28 ന്  പരിശീലനങ്ങൾ പൂർത്തിയാകും. തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർ പട്ടിക 21ന്  (21/10/2020) പ്രസിദ്ധീകരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ