2017, ജൂലൈ 29, ശനിയാഴ്‌ച

കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്രശില്‍പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു











കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന ചിത്രശില്‍പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ ടി.എ. സത്യപാലാണ്‌ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്‌. പുരസ്‌കാരത്തിനായി ചിത്രകല, ശില്‍പകല എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം 243 എന്‍ട്രികളാണ്‌ ജൂറിയുടെ പരിഗണനയ്‌ക്കായി വന്നത്‌. ആന്ധ്രയില്‍ നിന്നുള്ള രാമകൃഷ്‌ണ വേതാള, മധ്യപ്രദേശ്‌ സ്വദേശി യൂസഫ്‌, ചെന്നൈയില്‍ നിന്നുള്ള അസ്‌മ മേനോന്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. 

ചിത്രകലയില്‍ സജിത്‌ പുതുക്കലവട്ടം, സിന്ധു ദിവാകരന്‍, ജഗേഷ്‌ എടക്കാട്‌, സൂരജ കെ.എസ്‌, ശില്‍പകലയില്‍ സജിന്‍ എസ്‌.എസ്‌ എന്നിവരാണ്‌ സംസ്ഥാന അവാര്‍ഡിന്‌ അര്‍ഹരായത്‌. സജിത്‌ പുതുക്കലവട്ടത്തിനെ 'വിങ്‌സ്‌ ഓഫ്‌ സ്‌പ്രൗട്ടിങ്‌ എര്‍ത്ത്‌വേംസ്‌' എന്ന ചിത്രവും ജഗേഷ്‌ എടക്കാടിനെ 'ഗ്ലാന്‍സ്‌ ഫ്രം പാസ്റ്റ്‌ 7' എന്ന രചനയുമാണ്‌ അവാര്‍ഡിനര്‍ഹരാക്കിയത്‌. മറ്റുള്ളവരുടേത്‌ ശീര്‍ഷകമില്ലാത്ത രചനകളാണ്‌. 50,000/ രൂപയും പ്രശസ്‌തിപത്രവും നമ്പൂതിരി രൂപകല്‍പന ചെയ്‌ത ശില്‍പവും അടങ്ങുന്നതാണ്‌ സംസ്ഥാന അവാര്‍ഡ്‌.
കലാവിദ്യാര്‍ഥികള്‍ക്കുള്ള അക്കാദമിയുടെ പ്രത്യേക പരാമര്‍ശത്തിന്‌ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അരുണ്‍ രവി, തൃശൂര്‍ ഗവ. കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സിലെ വിവേക്‌ ദാസ്‌ എം.എം, തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ്‌ ഓഫ്‌ മ്യൂസിക്‌ ആന്‍ഡ്‌ ഫൈന്‍ ആര്‍ട്‌സിലെ റിങ്കു അഗസ്റ്റിന്‍ പി.എ എന്നിവരുടെ ചിത്രങ്ങളും മാവേലിക്കര രാജാ രവിവര്‍മ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സിലെ ഹെല്‍ന മെറിന്‍ ജോസഫ്‌, തൃശൂര്‍ ഗവ. കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സിലെ ഷാന്‍ കെ.ആര്‍ എന്നിവരുടെ ശില്‍പങ്ങളും ബഹുമതിക്ക്‌ അര്‍ഹമായി. 20,000 രൂപയാണ്‌ പുരസ്‌കാരത്തുക. 

ഓഗസ്റ്റ്‌ 19ന്‌ വൈകീട്ട്‌ 4ന്‌ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എ.കെ. ബാലന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും ജൂറിയംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ