2017, ഏപ്രിൽ 30, ഞായറാഴ്‌ച

മത്സ്യങ്ങളില്‍ രാസവസ്‌തു കലര്‍ത്തുന്നതിനെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി



കൊച്ചി: മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനെന്ന പേരില്‍ വിഷമയമായ രാസവസ്‌തുക്കള്‍ കലര്‍ത്തുന്നതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യങ്ങളില്‍ വിഷാംശം കണ്ടെത്തുന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ലഭിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്‌ കീഴിലുള്ള സെന്‍ട്രന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജിയുടെ വജ്രജൂബിലി ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടലില്‍ നിന്നും കായലില്‍ നിന്നും പിടിച്ചെടുക്കുന്ന മത്സ്യം വില്‍പനയ്‌ക്കെത്തുന്നതു വരെ വിവിധ തലങ്ങളില്‍ കൈമാറ്റം ചെയ്യുന്നതിനിടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നഷ്ടം സംഭവിക്കുന്നുമുണ്ട്‌. മത്സ്യങ്ങള്‍ ശീതീകരിച്ച്‌ സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ്‌ സ്‌റ്റോറേജാണ്‌ ഇതിന്‌ പ്രതിവിധി. നിലവില്‍ കോള്‍ഡ്‌ സ്‌റ്റോറേജുകള്‍ സംസ്ഥാനത്ത്‌ ആവശ്യത്തിനില്ല. ഈ പരിമിതി പരിഹരിക്കുന്നതിന്‌ നടപടി സ്വീകരിക്കും. മത്സ്യം സംഭരിക്കല്‍, കേടു കൂടാതെ സൂക്ഷിക്കല്‍ എന്നിവ അടക്കം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നിലവിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ്‌ സര്‍ക്കാരിന്റെ കാഴ്‌ച്ചപ്പാട്‌. ആരോഗ്യദായകമായ സാഹചര്യം എല്ലാടിയത്തും ഉണ്ടാകണം മുഖ്യമന്ത്രി പറഞ്ഞു.
അങ്ങേയറ്റം പാവപ്പെട്ടവരാണ്‌ മത്സ്യമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍. ആദിവാസികള്‍ക്ക്‌ സമാനമായ ജീവിതം നയിക്കേണ്ടി വരുന്നവര്‍ പോലും നാട്ടിലുണ്ട്‌. അവരുടെ ജീവിതോപാധി മത്സ്യമാണ്‌. മത്സ്യലഭ്യതയില്‍ കുറവുണ്ടാകുന്നത്‌ അവരുടെ ജീവിതത്തെ ബാധിക്കും. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാന്‍ സിഫ്‌റ്റ്‌ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. മത്സ്യബന്ധനം, സംസ്‌കരണം തുടങ്ങി എല്ലാ മേഖലകളിലും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള സിഫ്‌റ്റ്‌ നാടിന്റെ യശസ്‌ ഉയര്‍ത്തുന്ന സ്ഥാപനമാണെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മത്സ്യബന്ധന യാനങ്ങളുടെ മേഖലയില്‍ സാങ്കേതികവും പ്രായോഗികവുമായ പ്രശ്‌നങ്ങള്‍ മനസിലാക്കി അവയെ കൂടുതല്‍ ഗുണപ്രദമാക്കാനുള്ള ശ്രമങ്ങള്‍ നടക്കണം. നാട്ടില്‍ സുലഭമായി ലഭിക്കുന്ന തെങ്ങ്‌, റബര്‍ തടികള്‍ ഉപയോഗിച്ച്‌ യാനങ്ങള്‍ നിര്‍മിക്കാന്‍ സിഫ്‌റ്റ്‌ നടപടി ആരംഭിച്ചിട്ടുണ്ട്‌. യാനങ്ങളുടെ ചെലവ്‌ കുറയുന്നത്‌ മത്സ്യമേഖലയ്‌ക്ക്‌ ഗുണകരമാകുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യബന്ധന, മത്സ്യ സംസ്‌കരണമേഖലകളുമായുള്ള സഹവര്‍ത്തിത്വം സിഫ്‌റ്റ്‌ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകണണെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇന്ധനക്ഷമതയുള്ള മത്സ്യബന്ധന യാനങ്ങള്‍, ഉത്തരവാദപൂര്‍ണമായ മത്സ്യബന്ധനോപകരണങ്ങള്‍, പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ എന്നിവ പരമ്പരാഗത മത്സ്യമേഖലയ്‌ക്കായി വികസിപ്പിച്ചെടുക്കണം. ശുചിത്വ പൂര്‍ണമായ മത്സ്യബന്ധനം, സംഭരണം, സംസ്‌കരണം എന്നിവയ്‌ക്ക്‌ വഴികാട്ടാനും സിഫ്‌റ്റിന്‌ കഴിയണമെന്ന്‌ മന്ത്രി പറഞ്ഞു.
മത്സ്യത്തില്‍ ഫോര്‍മലിനും അമോണിയയും പോലുള്ള രാസവസ്‌തുക്കള്‍ കലര്‍ത്തുന്നത്‌ കണ്ടെത്താന്‍ പേപ്പര്‍ സ്‌ട്രിപ്പ്‌ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ സിഫ്‌റ്റിന്‌ കഴിഞ്ഞിട്ടുണ്ട്‌. പ്രാദേശികമായി ഇതിന്‌ പ്രചാരം നല്‍കുന്നതിനും പേപ്പര്‍ സ്‌ട്രിപ്പുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന്‌ മന്ത്രി അറിയിച്ചു. കൃഷിവകുപ്പ്‌ മന്ത്രി വി.എസ്‌. സുനില്‍കുമാര്‍, മേയര്‍ സൗമിനി ജയിന്‍, എം.എല്‍.എമാരായ കെ.ജെ. മാക്‌സി, ഹൈബി ഈഡന്‍, സബ്‌ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ഐ.സി.എ.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി. മൊഹാപാത്ര, ഡോ. സി.എന്‍. രവിശങ്കര്‍, ഡോ. സുശീല മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു


കഞ്ചാവും മയക്കുമരുന്ന്‌ 
ഗുളികകളുമായി യുവാക്കള്‍ പോലീസ്‌ പിടിയില്‍

കൊച്ചി: ഒന്നേക്കാല്‍ കിലോ കഞ്ചാവും പത്തോളം നൈട്രോസന്‍ ഇനത്തില്‍പെട്ട ഗുളികകളുമായി കൊച്ചിയില്‍ യുവാക്കള്‍ പോലീസ്‌ പിടിയിലായി. കോഴിക്കോട്‌ സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ തോമസ്‌ ജോസ്‌ (19), ആന്ധ്രപ്രദേശ്‌ ഗുണ്ടൂര്‍ സ്വദേശി സൂര്യകിരണ്‍(29) കൊല്ലം ആലുംകടവില്‍ അഷര്‍ മന്‍സിലിലെ അഷര്‍ (18) എന്നിവരാണ്‌ പിടിയിലായിത്‌. ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇവര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷനിലാണ്‌ പിടിയിലായത്‌. പിടിയിലായ ഇവരുടെ ഫോണില്‍ നിന്ന്‌ ലഭിച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കഞ്ചാവ്‌ എത്തിച്ചു കൊടുക്കുന്നതിന്റെയും അവ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ നിതീഷിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ്‌ ചെയ്‌ത#ു. അസിസ്റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ നിത്യാനന്ദപൈ, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ അഫ്‌സല്‍ ഹരിമോന്‍, വിശാല്‍, യൂസഫ്‌, സുനില്‍, രാഹുല്‍ എന്നിവര്‍ റെയ്‌ഡില്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ