2017, മാർച്ച് 2, വ്യാഴാഴ്‌ച

നമാമി ഗംഗേ പദ്ധതി: 1050 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ അംഗീകാരം



ന്യൂഡല്‍ഹി:
നമാമി ഗംഗേ പദ്ധതിയുടെ ഭാഗമായി പട്‌നയില്‍ മലിനജല സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‌ 1050 കോടി രൂപയുടെ പദ്ധതിക്ക്‌ ഗവണ്‍മെന്റ്‌ അംഗീകാരം നല്‍കി. രണ്ട്‌ മലിനജല സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനും നിലവിലുള്ള ഒരു പ്ലാന്റ്‌ പുതുക്കി പണിയുന്നതിനും രണ്ട്‌ പമ്പിങ്ങ്‌ സ്റ്റേഷനുകളും പുതിയ ഭൂഗര്‍ഭ മലിനജല ശൃംഖല സ്ഥാപിക്കുന്നതിനും ഈ പണം ഉപയോഗിക്കും. ഈ പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഗംഗയിലേക്ക്‌ പട്‌നയില്‍ നിന്ന്‌ സംസ്‌കരിക്കാത്ത ജലം ചെന്നെത്തുന്നില്ലെന്ന്‌ ഉറപ്പാക്കാന്‍ സാധിക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന്‌ ശുചിത്വ ഗംഗയ്‌ക്കായുള്ള ദേശീയ ദൗത്യം ഇതിന്‌ മേല്‍നോട്ടം വഹിക്കും. 100 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള പട്‌ന നഗരം ആറു മലിനജല സോണുകളായി തരംതിരിച്ചിട്ടുണ്ട്‌. 


കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം
സ്വച്ഛതാ പക്‌വാഡ ആചരിക്കും

ന്യൂഡല്‍ഹി: 
സ്വച്ഛ ഭാരത്‌ അഭിയാനെ കുറിച്ച്‌ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ ബോധവത്‌ക്കരണം സൃഷ്‌ടിക്കുന്നതിന്‌ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം 2017 മാര്‍ച്ച്‌ 1 മതല്‍ 15 വരെ സ്വച്ഛതാ പക്‌വാഡ ആചരിക്കും. അങ്കനവാടി കേന്ദ്രങ്ങളുടെ വിശാല ശൃംഖലയിലൂടെ സ്വച്ഛതാ പക്‌വാഡ ആചരിക്കാന്‍ ആവശ്യപ്പെട്ട്‌ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക്‌ കത്തുകളയച്ചിട്ടുണ്ട്‌. സ്വച്ഛ ഭാരതം ഉറപ്പാക്കുന്നതില്‍ സ്‌ത്രീകള്‍ക്ക്‌ നിര്‍ണ്ണായക പങ്ക്‌ വഹിക്കാനുണ്ടെന്ന്‌ കേന്ദ്ര വനിതാ ശിശുവികസന മന്ത്രി ശ്രീമതി മനേക ഗാന്ധി പറഞ്ഞു. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്‌ സ്വച്ഛതാ പക്‌വാഡ ആചരണത്തിന്‌ നേതൃത്വം നല്‍കും. ചിത്രങ്ങള്‍ സഹിതമുള്ള ഇതിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ http://sbm.gov.in/Swachh Samiksha/index.aspx എന്ന ലിങ്കിലുള്ള മൈ ഗവണ്‍മെന്റ്‌ സ്വച്ഛത സമീക്ഷാ പോര്‍ട്ടലില്‍ നിരന്തരം അപ്‌ലോഡ്‌ ചെയ്യും. 




ഉരുക്ക്‌ ഉപഭോഗം വര്‍ദ്ധിപ്പിക്കല്‍: 
റീജ്യണല്‍ കോണ്‍ഫറന്‍സ്‌ നാളെ
ന്യൂഡല്‍ഹി: 
ഇന്ത്യയിലെ ഉരുക്ക്‌ ഉപഭോഗം വര്‍ദ്ധിപ്പിക്കുകയെന്ന വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന കിഴക്കന്‍ സംസ്ഥാനങ്ങളുടെ റീജ്യണല്‍ കോണ്‍ഫറന്‍സ്‌ സിക്കിമിലെ ഗാംഗ്‌ടോക്കില്‍ കേന്ദ്ര മന്ത്രി ബീരേന്ദര്‍ സിങ്ങ്‌ ഉദ്‌ഘാടനം ചെയ്യും. ഇത്തരത്തില്‍ നടത്താനുദ്ദേശിക്കുന്ന നാല്‌ റീജ്യണല്‍ കോണ്‍ഫറന്‍സുകളില്‍ ആദ്യത്തേതാണ്‌ നാളെ സിക്കിമില്‍ നടക്കുന്നത്‌. ഉരുക്കിന്റെ നൂതനരീതിയിലുള്ള ഉപഭോഗത്തിന്‌ ഇന്ത്യ നേതൃത്വം നല്‍കണമെന്ന്‌ പരിപാടിയെക്കുറിച്ച്‌ വിശദീകരിക്കവേ ബീരേന്ദര്‍ സിങ്ങ്‌ പറഞ്ഞു. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളിലെ വിദഗ്‌ധര്‍ നാളെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.




അസംസ്‌കൃത എണ്ണവില കുറഞ്ഞു
ന്യൂഡല്‍ഹി: 
അസംസ്‌കൃത എണ്ണയുടെ ഇന്ത്യയ്‌ക്കു ബാധകമായ അന്താരാഷ്‌ട്ര വില 2017 ഫെബ്രുവരി 28-ന്‌ ബാരലിന്‌ 54.85 ഡോളറായി കുറഞ്ഞു. തൊട്ടു മുന്‍ വിപണന ദിവസമായ 2017 ഫെബ്രുവരി 27-ന്‌ എണ്ണവില ബാരലിന്‌ 55.36 ഡോളറായിരുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ്‌ ആന്റ്‌ അനാലിസിസ്‌ സെല്‍ ആണ്‌ ഇന്ന്‌ ഈ കണക്ക്‌ പുറത്തു വിട്ടത്‌. 
രൂപ നിരക്കിലും അസംസ്‌കൃത എണ്ണവില ബാരലിന്‌ 3660.78 രൂപയായി കുറഞ്ഞു. 2017 ഫെബ്രുവരി 27-ന്‌ എണ്ണവില ബാരലിന്‌ 3694.17 രൂപ ആയിരുന്നു. രൂപ-ഡോളര്‍ വിനിയമ നിരക്കില്‍ രൂപയുടെ മൂല്യം 2017 ഫെബ്രുവരി 27-ന്‌ 66.72 രൂപയായിരുന്നത്‌ 2017 ഫെബ്രുവരി 28-ന്‌ 66.74 രൂപയായി. 


എല്‍പിജി ഉപഭോക്താക്കളെ വില വര്‍ദ്ധനവ്‌ ബാധിക്കില്ല
ന്യൂഡല്‍ഹി:
എല്‍പിജി ഉത്‌പന്നങ്ങളുടെ ആഗോള തലത്തിലുണ്ടായ വിലക്കയറ്റത്തെ തുടര്‍ന്ന്‌ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ 2017 മാര്‍ച്ച്‌ 01 മുതല്‍ 86 രൂപയുടെ വര്‍ദ്ധനയുണ്ടായി. എന്നാലിത്‌ സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുന്നവരെ ബാധിക്കില്ല. ഉദാഹരണമായി ഡല്‍ഹിയില്‍ 2017 മാര്‍ച്ച്‌ 01 മുതല്‍ പാചകവാതക സിലിണ്ടറുകളുടെ വില 737 രൂപ ആകുമ്പോള്‍, അതില്‍ 303 രൂപ സബ്‌ഡിഡിയായി ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക്‌ തിരികെ ലഭിക്കും. അതിനാല്‍ സബ്‌സിഡി ലഭ്യമായ ഉപഭോക്താക്കള്‍ക്ക്‌ എല്‍പിജി സിലിണ്ടര്‍ വില 434 രൂപ തന്നെയായി മാറ്റമില്ലാതെ തുടരും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ