2016, ഡിസംബർ 30, വെള്ളിയാഴ്‌ച

മനസിലെ നിറങ്ങള്‍ കടലാസില്‍ പകര്‍ത്താം, കുട്ടികള്‍ക്ക്‌ പടം വരയ്‌ക്കാന്‍ സൗകര്യമൊരുക്കി ആര്‍ട്ട്‌ ബൈ ചില്‍ഡ്രന്‍




കൊച്ചി: കൊച്ചിമുസിരിസ്‌ ബിനാലെ പ്രദര്‍ശനത്തിന്റെ പ്രധാനവേദിയായ ആസ്‌പിന്‍വാള്‍ ഹൗസിലെ മാവിന്‍ചുവട്ടില്‍ എപ്പോഴും ഒരാള്‍ക്കൂട്ടം കാണാം. കുട്ടികള്‍ക്ക്‌ തങ്ങളുടെ മനസിലുള്ളതെന്തും വരക്കാനായി ബിനാലെ ഒരുക്കിയതാണ്‌ ഈ വേദി.

അവധിക്കാലം തുടങ്ങിയതോടെ ബിനാലെ വേദികളില്‍ ക്രമാതീതമായ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. ഗൗരവമേറിയ പ്രദര്‍ശനങ്ങള്‍ക്കിടയിലും കുട്ടിക്കളിയ്‌ക്ക്‌ അരങ്ങൊരുക്കുകയാണ്‌ ബിനാലെയുടെ സംരംഭമായ ആര്‍ട്ട്‌ ബൈ ചില്‍ഡ്രന്‍(എബിസി). ഏതു കുട്ടിയ്‌ക്കും ഇവിടെ വന്ന്‌ വരയ്‌ക്കാം. കടലാസും ക്രയോണ്‍സുമെല്ലാം സൗജന്യമായി നല്‍കുന്ന പരിപാടിയ്‌ക്ക്‌ പ്രത്യേക നിരക്ക്‌ ഈടാക്കുന്നില്ല.

പ്രായമൊന്നും ഈ കുട്ടികള്‍ക്ക്‌ ബാധകമല്ല. രണ്ടു വയസുകാര്‍ മുതല്‍ പതിന്നാല്‌ വയസുവരെയുള്ള കുട്ടികള്‍ ഇവിടെ ചിത്രരചന നടത്തുന്നുണ്ട്‌. ഏറിയും കോണിയുമുള്ള കുട്ടിവര മുതല്‍ ഗൗരവമുള്ള, ചിന്തിപ്പിക്കുന്ന ചിത്രങ്ങള്‍ വരച്ച ഭാവി വാഗ്‌ദാനങ്ങള്‍ വരെ ഇവിടെയെത്തിയിരുന്നു.

അറിഞ്ഞു കൊണ്ടോ, അറിയാതെയോ കുട്ടികള്‍ സ്വയം തിരിച്ചറിയുന്നത്‌ ഇത്തരം വരകളിലൂടെയാണെന്ന്‌ എബിസി തലവന്‍ മനു ജോസ്‌ പറയുന്നു. മനസില്‌ തോന്നുന്നതെന്തും കുട്ടികള്‍ക്ക്‌ ഇവിടെ വരയ്‌ക്കാം. ബിനാലെ പോലുള്ള അന്താരാഷ്ട്ര വേദിയില്‍ കുട്ടികളുടെ കഴിവ്‌ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കൂടിയാണ്‌ ഇത്‌.
ഡിസംബര്‍ 26 തിങ്കളാഴ്‌ച മുതലാണ്‌ ആസ്‌പിന്‍വാള്‍ ഹൗസില്‍ ഈ പരിപാടി തുടങ്ങിയത്‌. ഇതിനകം തന്നെ ആയിരത്തിലധികം കുട്ടികള്‍ ഇവിടെ ചിത്രം വരച്ചിട്ടുണ്ട്‌. 

പ്രധാനവേദിയില്‍ ഒരു പവലിയന്‍ ഉണ്ടെങ്കിലും മാവിന്‍ചുവട്ടിലെ തണലിലാണ്‌ കുട്ടികള്‍ക്ക്‌ പടം വരയ്‌ക്കാനുള്ള സൗകര്യം ഒരുക്കിയത്‌. തിങ്കളാഴ്‌ച പരിപാടി തുടങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പടം വരയ്‌ക്കാന്‍ കുട്ടികള്‍ തിരക്കു കൂട്ടിത്തുടങ്ങി.
വെള്ളിയാഴ്‌ച വൈകുന്നേരം 3.30 ന്‌ കുട്ടികള്‍ക്കായി കഥപറച്ചിലും ആസ്‌പിന്‍വാള്‍ ഹൗസിലെ പവലിയനില്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.

വരും ദിവസങ്ങളില്‍ കുട്ടികളുടെ അഭിരുചിയ്‌ക്കൊത്ത്‌ വിവിധ സാമഗ്രികള്‍ നല്‍കാനുദ്ദേശിക്കുന്നുണ്ടെന്ന്‌ മനു ജോസ്‌ പറഞ്ഞു. കളിമണ്‍ പ്രതിമ നിര്‍മ്മാണം, ബില്‍ഡിംഗ്‌ ബ്ലോക്‌സ്‌ എന്നിവയും കുട്ടികള്‍ക്ക്‌ നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
ബിനാലെയുടെ ഫോര്‍ട്ട്‌കൊച്ചിയിലെ വേദികളിലൊന്നായ കബ്രാള്‍ യാര്‍ഡില്‍ കുട്ടികള്‍ക്കായി മൂന്നു ദിവസത്തെ അവധിക്കാല പരിശീലനക്കളരിയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ