2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

എല്‍ ആന്റ്‌ ടി ഫിനാന്‍സ്‌ പ്രവര്‍ത്തന തന്ത്രങ്ങള്‍ മാറ്റുന്നു



കൊച്ചി: ഓഹരി വരുമാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്‍ ആന്റ്‌ ടി ഫിനാന്‍സ്‌ ഹോള്‍ഡിങ്‌സ്‌ അതിന്റെ പ്രവര്‍ത്തന തന്ത്രങ്ങള്‍ അഴിച്ചു പണിയും. 2016 സാമ്പത്തിക വര്‍ഷത്തെ പത്തു ശതമാനം വരുമാനം എന്നത്‌ 2020 ഓടെ 18-19 ശതമാനമായി ഉയര്‍ത്തുക എന്നതാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. എല്ലാ കാലഘട്ടങ്ങളിലും ലാഭമുണ്ടാക്കാന്‍ കഴിവുള്ള ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാവും ഇതിനായി ചെയ്യുക. മൂന്നു ഘട്ടങ്ങളായുള്ള ഈ നടപടികളുടെ ആദ്യ ഘട്ടമായ ചെലവു യുക്തിസഹമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മുഖ്യ ബിസിനസുകള്‍ അല്ലാത്തവ വിറ്റൊഴിക്കുക എന്നതാണ്‌ രണ്ടാം ഘട്ടം. ഹൗസിങ്‌, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉള്‍പ്പെടെയുള്ള മൊത്തവില്‍പ്പന മേഖലകളില്‍ ലാഭകരമായ വളര്‍ച്ച കൈവരിക്കുക എന്നതാണ്‌ സുപ്രധാനമായ മൂന്നാം ഘട്ടം. മികച്ചതും ലാഭകരവുമായ ബിസിനസ്‌ വളര്‍ത്തിയെടുക്കുക എന്നതാവും തങ്ങളുടെ തന്ത്രമെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിങ്‌ ഡയറക്ടര്‍ ദിനനാഥ്‌ ദുബാഷി ചൂണ്ടിക്കാട്ടി. മൊത്തവില്‍പ്പന, ഹൗസിങ്‌, ഗ്രാമീണ ധനസഹായം തുടങ്ങിയ മേഖലകളില്‍ എല്‍.ആന്റ്‌ ടി ഫിനാന്‍സിനു മേല്‍ക്കൈ ലഭിക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. അതിനിടെ ഇതുമായി ബന്ധപ്പെട്ട നീക്കത്തില്‍ ബോസ്‌റ്റണില്‍ നിന്നുള്ള ബെയിന്‍ കാപ്പിറ്റല്‍ എല്‍. ആന്റ്‌ ടി ഫിനാന്‍സ്‌ പുറത്തിറക്കിയ വാറണ്ടുകളില്‍ 300-350 കോടി രൂപയോളം നിക്ഷേപം നടത്തിയിട്ടുണ്ട്‌. ഈ വാറണ്ടുകള്‍ ഘട്ടം ഘട്ടമായി ഇക്വിറ്റി ഓഹരികളാക്കി മാറ്റാനാണ്‌ ഉദ്ദേശിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ