2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ദ സ്റ്റേജ്‌ രണ്ടാം സീസണ്‍ ആരംഭിച്ചു



കൊച്ചി : ഇന്ത്യയിലെ ഇംഗ്ലീഷ്‌ ഗായകരുടെ ഏറ്റവും മികച്ച സംഗീത മത്സര പരിപാടിയായ ദ സ്റ്റേജ്‌ രണ്ടാം സീസണ്‍ റിയാലിറ്റി ഷോയ്‌ക്ക്‌ തുടക്കമായി. എല്ലാ ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഉച്ചയ്‌ക്ക്‌ ഒരു മണിക്കും രാത്രി പത്തിനും കളേഴ്‌സ്‌ ഇന്‍ഫിനിറ്റിയിലാണ്‌ രാജ്യത്തെ ഇംഗ്ലീഷ്‌ സംഗീതപ്രേമികളുടെ ഇഷ്‌ട പരിപാടിയായ ദ സ്റ്റേജ്‌ സീസണ്‍ 2 അരങ്ങേറുക.
ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച 6000-ത്തിലേറെ മത്സരാര്‍ത്ഥികളില്‍ നിന്ന്‌ വിവിധ തലങ്ങളിലെ ഒഡീഷനുശേഷം 50 പേരെ തെരഞ്ഞെടുത്തു. തുടര്‍ന്ന്‌ 22 പേരുടെ ചുരുക്ക പട്ടികയില്‍ ഇടംപിടിക്കാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭകളാണ്‌ മാറ്റുരച്ചത്‌.
വിശാല്‍ ദഡ്‌ലാനി, എഹ്‌സാന്‍ നൂറാനി, മോണിക്ക ദോഗ്ര, ദേവ്‌രാജ്‌ സന്യാല്‍ എന്നിവരാണ്‌ വിധികര്‍ത്താക്കള്‍. ഇനിയുള്ള ഓരോ ആഴ്‌ചകളിലും രണ്ട്‌ മത്സരാര്‍ത്ഥികള്‍ വീതം എലിമിനേറ്റ്‌ ചെയ്യപ്പെടും.
ഇന്ത്യന്‍ യുവാക്കള്‍ വളരെ കഴിയുള്ളവരും ലോകവേദികളില്‍ ശോഭിക്കാന്‍ പ്രാപ്‌തിയുള്ളവരുമാണെന്ന്‌ ദ സ്റ്റേജ്‌ സീസണ്‍ 2-നെ പരാമര്‍ശിച്ച്‌ എ.ആര്‍.റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. കുറഞ്ഞ അവസരങ്ങള്‍ മാത്രം ലഭിക്കുന്ന ഇംഗ്ലീഷ്‌ ഗായകര്‍ക്ക്‌ ദ സ്റ്റേജ്‌ വലിയൊരു അനുഗ്രഹമാണെന്ന്‌ ഉദയ്‌ ബെനഗലും അഭിപ്രായപ്പെട്ടു.
ദ സ്റ്റേജിന്റെ ആദ്യ സീസണില്‍ രാജ്യത്തെ ഇംഗ്ലീഷ്‌ ഗായകര്‍ക്ക്‌ തങ്ങളുടെ കഴിവ്‌ തെളിയിക്കാനുള്ള അവസരമൊരുക്കുകയും ലോകനിലവാരത്തിലുള്ള ഒരു കൂട്ടം ഗായകരെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയുമാണ്‌ ചെയ്‌തത്‌. ഈ സീസണില്‍ ഓണ്‍ലൈന്‍ അപേക്ഷ വഴിയും ഓണ്‍ ഗ്രൗണ്ട്‌ ഓഡിഷന്‍ വഴിയും കൂടുതല്‍ ഗായകരെ കണ്ടെത്താനും രാജ്യത്തെ മികച്ച പ്രതിഭകളെ അവതരിപ്പിക്കാനും കഴിഞ്ഞുവെന്ന്‌ വിശാല്‍ ദഡ്‌ലാനി പറഞ്ഞു.
ഇംഗ്ലീഷ്‌ ഗായകര്‍ക്ക്‌ സമാനതകളില്ലാത്ത വേദിയൊരുക്കുകയും അതുവഴി രാജ്യത്തെ ഏറ്റവും മികച്ച ശബ്ദത്തിനുടമയെ കണ്ടെത്തുകയുമാണ്‌ ദ സ്റ്റേജ്‌ എന്ന്‌ എഹ്‌സാന്‍ നൂറാനി പറഞ്ഞു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ