2016, ഏപ്രിൽ 6, ബുധനാഴ്‌ച

മദ്യനിരോധനം പ്രായോഗികമല്ലെന്ന്‌ കോടിയേരി



കൊച്ചി: 
കേരളത്തില്‍ മദ്യനിരോധനം പ്രായോഗികമല്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇടതുപക്ഷം അധികാരത്തില്‍ വന്നതിനു ശേഷം മദ്യനയം സംബന്ധിച്ച തീരുമാനം എടുക്കും. ഒരു പോളിസിയാണ്‌ എല്‍ഡിഎഫ്‌ നടപ്പാക്കുന്നത്‌.അത്‌ മദ്യവര്‍ജ്ജനമാണ്‌ മദ്യനിരോധനം നടപ്പിലാക്കിയ ഒരു പ്രദേശം കേരളത്തില്‍ ഉണ്ട്‌. അട്ടപ്പാടി.അട്ടപ്പാടിയില്‍ പോയാല്‍ ഏത്‌ മദ്യം വേണമെങ്കിലും സുലഭമായിട്ടു കിട്ടും. പല പേരിലാണ്‌ അത്‌ അറിയപ്പെടുന്നത്‌ എന്നു മാത്രമെയുള്ളു. ഇപ്പോള്‍ ബാറുകള്‍ പൂട്ടിയിട്ടു.എന്നിട്ടു കുടിയന്മാര്‍ കുടി നിര്‍ത്തിയോ എന്നും അദ്ദേഹം ചോദിച്ചു. ബാറില്‍ നിന്നും രണ്ട്‌ പെഗ്‌ കഴിച്ചയാള്‍ ഇന്ന്‌ ഒരു കുപ്പി വാങ്ങി വീട്ടില്‍ പോയി കുടിക്കുകയാണ്‌. 1967ല്‍ കേരളത്തില്‍ മദ്യനിരോധനം എടുത്തുകളഞ്ഞതാണ്‌ മദ്യനിരോധനം പ്രായോഗികമല്ല എന്നു കണ്ടുകൊണ്ടാണ്‌ അന്ന്‌ നിരോധനം എടുത്തുകളഞ്ഞത്‌. 

യുഡിഎഫ്‌ അധികാരത്തില്‍ വന്ന ഉടനെ അഞ്ചാം മന്ത്രിയെക്കുറിച്ചുള്ള തര്‍ക്കമായി. മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം . ഭരണത്തിന്റെ നേതൃത്വം കോണ്‍ഗ്രസിനാണോ മുസ്ലിംലീഗിനാണോ എന്ന നിലായിലായി അത്‌ കലാശിച്ചു. അവസാനം പാണക്കാട്ടെ തങ്ങള്‍ നിര്‍ദ്ദേശിച്ച അഞ്ചാം മന്ത്രിയാക്കാന്‍ കോണ്‍ഗ്രസ്‌ നിര്‍ബന്ധിതമായി. ഇങ്ങനെ ഓരോ പ്രശ്‌നങ്ങളായിരുന്നു ഈ സര്‍ക്കാരിനെ നേരിട്ടത്‌. ഭരണത്തിന്റെ നിയന്ത്രണം കേരള കോണ്‍ഗ്രസിനും മുസ്ലിംലീഗിനുമാണെന്നു ഉമ്മന്‍ചാണ്ടിക്കു സമ്മതിച്ചുകൊടുക്കേണ്ടിവന്നു. ഒരു ്‌എംഎല്‍എയ്‌ക്കു പോലും സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന മന്ത്രിസഭ ആയിരുന്നു ഉമ്മാന്‍ ചാണ്ടിയുടെ മന്ത്രിസഭ. അഞ്ച്‌ വര്‍ഷക്കാലം ഇഴഞ്ഞുനീങ്ങിയ ഒരു ഭരണമാണ്‌. എങ്ങനെയോ കാലാവധി ഒപ്പിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഇങ്ങനെ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടു ഒരു കാര്യവും ഇല്ലെന്നു ജനങ്ങള്‍ക്കു അനുഭവത്തില്‍ കൂടി മനസിലായി. ഈ സാഹചര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഇഛാശക്തിയുള്ള ഒരു ഭരണമാണ്‌ വേണ്ടത്‌ 
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ 2006 ആവര്‍ത്തിക്കുമെന്നും 100ല്‍ അധികം സീറ്റുകള്‍ നേടി ഇടതുമുന്നണി ചരിത്രജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുഡിഎഫ്‌ ഭരണം ജനങ്ങള്‍ക്ക്‌ ശാപമായി മാറിയിരിക്കുന്നു. ഭൂരിപക്ഷം മന്ത്രിമാരും അഴിമതിക്കാരായി. മുഖ്യമന്ത്രി അടക്കം 18 മന്ത്രിമാര്‍ അഴിമതിക്കാരാണ്‌.മനസാക്ഷിയാണ്‌ വലുത്‌, ധാര്‍മികതയല്ല, ആദര്‍ശമല്ല എന്ന പ്രഖ്യാപനം തന്നെ പരസ്യമായി നടത്തിയാണ്‌ മുഖ്യമന്ത്രിയുടെ അഴിമതി രാജ്‌ മുന്നോട്ടു പോകുന്നത്‌. 2,800 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ സ്വന്തക്കാ?ക്കും ഇഷ്ടക്കാ?ക്കുമായി പതിച്ചു കൊടുത്തു. ഇതെല്ലാം പിന്നീട്‌ വിവാദമായപ്പോള്‍ സര്‍ക്കാരിനു തന്നെ പിന്‍വലിക്കേണ്ടി വന്നു.
യുഡിഎഫ്‌ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത പദ്ധതികളില്‍ 10ശതമാനം പോലും നടപ്പാക്കിയില്ല. അതിവേഗ റെയില്‍പാത, മലയോരപാത, തീരദേശ പാത, എയര്‍സ്‌ട്രിപ്പ്‌ ഇങ്ങനെ നിരവധി പ്രഖ്യാപനങ്ങള്‍. അതെല്ലാം പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങിയെന്നും കോടിയേരി പറഞ്ഞു.
ഇത്തവണ അക്കൌണ്ട്‌ തുറക്കുമെന്ന്‌ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്‌ കോണ്‍ഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉറപ്പിലാണെന്നും ഇതിനു നേതൃത്വം കൊടുക്കുന്നത്‌ ഉമ്മന്‍ചാണ്ടിയും കുമ്മനവും കൂടിയാണെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ്‌ ഉദുമയില്‍ മത്സരിക്കുന്ന കെ സുധാകരനും മഞ്ചേശ്വരത്ത്‌ മത്സരിക്കുന്ന കെ സുരേന്ദ്രനും തമ്മില്‍ ധാരണയാണ്‌. ഉദുമയിലെ ബിജെപി വോട്ട്‌ സുധാകരനും മഞ്ചേശ്വരത്ത്‌ കോണ്‍ഗ്രസ്‌ വോട്ട്‌ സുരേന്ദ്രനും നല്‍കാനാണ്‌ ധാരണ. തിരുവനന്തപുരത്ത്‌ ശിവകുമാറിനെ ജയിപ്പിക്കാന്‍ വേണ്ടിയാണ്‌ ബിജെപിക്കാര്‍ ആരും അംഗീകരിക്കാത്ത ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത്‌. . നേമത്ത്‌ രാജഗോപാലിനെ വിജയിപ്പിക്കാന്‍ സുരേന്ദ്രന്‍പിള്ളയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നു.എങ്ങനെയെങ്കിലും അക്കൗണ്ട്‌ തുറക്കണമെന്ന്‌ ആഗ്രഹിക്കുന്ന ബിജെപിയും എങ്ങനെയെങ്കിലും ഭരണം തുടരണമെന്ന്‌ ആഗ്രഹിക്കുന്ന ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ട്‌ രൂപം കൊണ്ടുവരുകയാണെന്നും കോടിയേരി പറഞ്ഞു.

മതനിരപേക്ഷത കാത്തുസൂക്ഷിക്കുക എന്നതാണ്‌ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ മുന്നോട്ടു വയ്‌ക്കുന്നത്‌. അഴിമതി വിമുക്തമായ വികസിത കേരളമാണ്‌ ലക്ഷ്യം. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ശേഷം ഉണ്ടായ കാര്യങ്ങളാണ്‌ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്‌. എല്‍ഡിഎഫ്‌ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നേരത്തെ പൂര്‍ത്തിയാക്കി. പ്രകടനപത്രിക 22ാം തിയതിക്കു മുമ്പ്‌ പ്രസിദ്ധീകരിക്കും.പ്രകടനപത്രിക പ്രസിദ്ധികരിച്ചു കഴിഞ്ഞാല്‍ എല്ലായിടത്തും ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നും പൊതുജന അഭിപ്രായം കൂടി പരിഗണിക്കുവാന്‍ എല്‍ഡിഎഫ്‌ തയ്യാറാകുമെന്നും കോടിയേരി പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ