2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

കൗണ്‍സില്‍ ഹാളില്‍ സമരം നടത്താന്‍ അനുവദിക്കില്ല: മേയര്‍



കൊച്ചി: നഗരസഭാ കൗണ്‍സില്‍ ഹാളില്‍ പ്രതിപക്ഷം നടത്തുന്ന നിരാഹാര സമരം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് മേയര്‍ ടോണി ചമ്മിണി. സമരം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തെ അംഗീകരിക്കുന്നു. എന്നാല്‍ നഗരസഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയുള്ള സമരം അനുവദിക്കില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൗണ്‍സില്‍ യോഗങ്ങള്‍ ചേരേണ്ടതും വിവിധ അജണ്ടകള്‍ പാസാക്കേണ്ടതുമുണ്ട്. നിരാഹാര സമരത്തിനായി കൗണ്‍സില്‍ ഹാള്‍ തെരഞ്ഞെടുത്ത പ്രതിപക്ഷനടപടി തികച്ചും അന്യായമാണ്. സമരം നടത്താന്‍ മറ്റൊരുവേദി പ്രതിപക്ഷം കണ്ടു പിടിക്കണമെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷം സംയമനം പാലിക്കണം. ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ നിലപാടെടുക്കേണ്ട കാര്യത്തില്‍  നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെടുത്തി കൊണ്ട് സമരം ചെയ്തതു കൊണ്ട് പരിഹാരമുണ്ടാവില്ല. സമരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 18ന് നടന്ന കൗണ്‍സിലില്‍ തന്നെയും ഭരണപക്ഷ കൗണ്‍സിലര്‍മാരെയും ബന്ദികളാക്കി പ്രതിപക്ഷാംഗങ്ങള്‍ സമരം നടത്തി. അന്ന് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്ന കൗണ്‍സില്‍ യോഗം തടസപ്പെട്ടു. സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നഗരസഭ കോടതിയെ സമീപിച്ചത്. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ അംഗീകാരത്തിനായി പ്രത്യേക കൗണ്‍സില്‍ യോഗം ചേരേണ്ടത് അത്യാവശ്യമായ സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതെന്നും മേയര്‍ പറഞ്ഞു. ഇപ്പോള്‍ എ.ഡി.ജി.പി പതമകുമാര്‍ നടത്തുന്ന അന്വേഷണത്തില്‍ തനിക്ക് തൃപ്തിയുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ക്കുന്നില്ല എന്നും കേരളത്തില്‍ നടന്നിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണങ്ങളില്‍ എന്ത് നടപടിയാണുണ്ടായിട്ടുള്ളതെന്ന് തന്നെ വിമര്‍ശിക്കുന്നവര്‍ അന്വേഷിക്കണമെന്നും മേയര്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഒന്നരമാസത്തിനുള്ളില്‍ ഫലമുണ്ടാകുമെന്നും ടോണി ചമ്മിണി കൂട്ടിച്ചേര്‍ത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ