2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

ഇശലുകളുടെ പ്രഭാതം സമ്മാനിച്ച് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ ഈദ് സെപ്ഷ്യല്‍



കൊച്ചി: ഇശലുകള്‍ ആശ്വാസകണങ്ങളായ്  പെയ്തിറങ്ങിയ  സുദിനമായിരുന്നു ബുധനാഴ്ച. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആസ്വാദകര്‍ക്കും സാന്ത്വനത്തിന്റെ പ്രഭാതം സമ്മാനിച്ച് ആര്‍ട്‌സ് ആന്‍ഡ് മെഡിസിനിലൂടെ മാപ്പിളപ്പാട്ടുകളുടെ ഈരടികള്‍ ഒഴുകിയെത്തി. മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയിലെ ഗായകരായിരുന്നു 83-ാമത്തെ ഈദ് സ്‌പെഷ്യല്‍ പതിപ്പില്‍ ഗാനങ്ങള്‍ക്കു ജീവനേകാനെത്തിയത്.
കൊച്ചിയിലെ ഗായകരായ നാസ്ബിര്‍, ഷാബിര്‍ മരക്കാര്‍, സജ്‌ന സക്കറിയ എന്നിവരാണ് രോഗികള്‍, ശുശ്രൂഷക്കാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ ആസ്വാദകവൃന്ദത്തിന് മാപ്പിളപ്പാട്ടുകൊണ്ട് വിരുന്നൊരുക്കിയത്.

പ്രശസ്ത ആല്‍ബം 'മൈലാഞ്ചിപ്പാട്ടുകളി'ലെ 'എല്ലാം പടൈത്തുള്ള അല്ലാഹുടയോനേ' എന്ന ഗാനത്തോടെയാണ്  മഹാരാജാസ് കോളേജില്‍നിന്ന് ശാസ്ത്രീയ സംഗീതത്തില്‍ ബിരുദം നേടിയ ഷാബിര്‍ പരിപാടിക്ക് തുടക്കമിട്ടത്.

'കടല്‍പ്പാലം' എന്ന ചിത്രത്തിലെ 'കസ്തൂരി തൈലമിട്ട്' എന്ന ഗാനമാലപിച്ച് റിയാലിറ്റി ഷോ വിജയി സജ്‌ന പരിപാടിക്ക് മിഴിവേകി. ഹിന്ദുസ്ഥാനി സംഗീത വിദ്യാര്‍ത്ഥിയാണ് സജ്‌ന.

 പള്ളുരുത്തി സ്വദേശി നാസ്ബിര്‍ 'സംകൃത പമഗരി' എന്ന ആല്‍ബം ഗാനം ആലപിച്ചു. സ്റ്റേജ് ഷോകളിലും ചാനലുകളിലെ സംഗീത പരിപാടികളിലേയും സജീവ സാന്നിധ്യമാണ് നാസ്ബിര്‍.

'പെരുമഴക്കാല'ത്തിലെ കല്ലായിക്കടവത്തെ', 'കുപ്പിവള'യിലെ 'കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍', 'തച്ചോളി അമ്പു' വിലെ 'നാദാപുരം പള്ളിയിലെ' തുടങ്ങിയ ഗാനങ്ങളും ഒന്നരമണിക്കൂര്‍ നീണ്ട പരിപാടിയില്‍ ആസ്വാദകര്‍ക്ക് ലഭിച്ചു.

ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ലിമിറ്റഡിന്റേയും മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടേയും സഹകരണത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തി വരുന്ന പ്രതിവാര പരിപാടിയാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ