2015, ഫെബ്രുവരി 18, ബുധനാഴ്‌ച

വിമുക്തഭടന്മാരുടെ അനിശ്ചിതകാല നിരാഹാര സമരം ഏപ്രില്‍ ആറ്‌ മുതല്‍



കൊച്ചി: വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിമുക്ത ഭടന്മാരുടെ അനിശ്ചിതകാല നിരാഹാര സമരം ഏപ്രില്‍ ആറ്‌ മുതല്‍ ആരംഭിക്കും. നാഷണല്‍ എക്‌സ്‌ സര്‍വ്വീസ്‌ മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍മന്തറിലും,എല്ലാ സംസ്ഥാന കേന്ദ്രങ്ങളിലും, കൊച്ചി നാവികത്താവളത്തിന്‌ മുന്‍പിലും നിരാഹാര സമരം നടത്തുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.മൂന്ന്‌ പതിറ്റാണ്ടായി മുന്‍ സൈനികര്‍ക്ക്‌ വ്‌ാഗ്‌ദാനം നല്‍കി വരുന്ന വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ നടപ്പിലാക്കണമെന്ന ഇവര്‍ ആവശ്യപ്പെട്ടു.2014 ജൂണ്‍ മാസത്തില്‍ സംപൂര്‍ണ്ണ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചു കൊണ്ട്‌ ധനകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന അരുണ്‍ ജെയ്‌റ്റ്‌ലി വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 1000 കോടി രൂപ ബഡ്‌ജറ്റില്‍ വകയിരുത്തകയും ചെയ്‌തിരുന്നു. നിരന്തര സമരങ്ങള്‍ നടത്തിയിട്ടും, നിവേദനങ്ങള്‍ നല്‍കിയിട്ടും ഇത്‌ നടപ്പിലായിട്ടില്ല. 2015 മാര്‍ച്ച്‌ 31 ന്‌ മുന്‍പെങ്കിലും ഓര്‍ഡര്‍ ഇറക്കിയില്ലെങ്കില്‍ വിമുക്തഭടന്മാര്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന്‌ ഇവര്‍ പറഞ്ഞു.നാഷണല്‍ എക്‌സ്‌ സര്‍വ്വീസ്‌ മാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അഖിലേന്ത്യ വൈസ്‌ ചെയര്‍മാന്‍ വി.എസ്‌.ജോണ്‍, എറണാകുളം ജില്ലാ പ്രസിഡന്റ്‌ എം.ബി.ഗോപിനാഥ്‌, അസി.ജനറല്‍ സെക്രട്ടറി എം.കെ.ദിവാകരന്‍,ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ സെബാസ്റ്റ്യന്‍ ജോര്‍ജ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ