2014, നവംബർ 20, വ്യാഴാഴ്‌ച

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ സ്വന്തം ഗ്രൗണ്ടില്‍





കൊച്ചി: പരാജയമറിയാത്ത നാല്‌ കളികള്‍ക്കുശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്നു. എതിരാളികള്‍ കരുത്തരില്‍ കരുത്തരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത. ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം പോരാട്ടമാണിന്ന്‌. കഴിഞ്ഞ മൂന്ന്‌ ഹോം മത്സരങ്ങളില്‍ ഒരു വിജയവും രണ്ട്‌ സമനിലയും നേടിയ ബ്ലാസ്‌റ്റേഴ്‌സ്‌ കഴിഞ്ഞ ദിവസം സാക്ഷാല്‍ ഡെല്‍ പിയറോയുടെ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ അവരുടെ മണ്ണില്‍ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇന്ന്‌ ഇറങ്ങുന്നത്‌. ക്യാപ്‌റ്റന്‍ പെന്‍ ഓര്‍ജിയുടെ ഏക ഗോളിന്റെ കരുത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7നാണ്‌ കളിയുടെ കിക്കോഫ്‌.
ഒമ്പത്‌ മത്സരങ്ങളില്‍ നിന്ന്‌ നാല്‌ വീതം വിജയവും സമനിലയും ഒരു പരാജയവുമടക്കം 16 പോയിന്റുള്ള അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പോയിന്റ്‌ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഒമ്പത്‌ മത്സരങ്ങളില്‍ നിന്ന്‌ 3 വീതം വിജയവും സമനിലയും പരാജയവുമടക്കം 12 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ്‌ മൂന്നാം സ്ഥാനത്തുമാണ്‌. പൂനെ സിറ്റി എഫ്‌സിയോടായിരുന്നു അവരുടെ ഏക പരാജയം.
ഒരു ലോകോത്തര സ്‌ട്രൈക്കറുടെ അഭാവത്തിനൊപ്പം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധവും അത്‌ലറ്റികോ മുന്നേറ്റനിരയും തമ്മിലുള്ള പോരാട്ടമാണ്‌ ഇന്ന്‌ അരങ്ങേറുക. സ്‌പാനിഷ്‌ താരങ്ങളായ ലൂയിസ്‌ ഗാര്‍ഷ്യ, ജോഫ്രെ, ബോര്‍ജ ഫെര്‍ണാണ്ടസ്‌, എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രു എന്നിവരെ തടഞ്ഞുനിര്‍ത്തുക എന്നതാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ ഫിക്രുവിനെ ഏക സ്‌ട്രൈക്കറായി നിര്‍ത്തി 4-2-3-1 എന്ന ശൈലിയിലായിരിക്കും അത്‌ലറ്റികോ ഇന്ന്‌ ഇറങ്ങുക. കഴിഞ്ഞ ദിവസം നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെ സ്വന്തം തട്ടകത്തില്‍ 1-0ന്‌ കീഴടക്കിയതിന്റെ ആത്മവിശ്വാസവും കൊല്‍ക്കത്തന്‍ ടീമിനുണ്ട്‌.
ഗാര്‍ഷ്യയും കാല്‍വിന്‍ ലോബോയും ഫിക്രുവും അടങ്ങുന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ താരനിര ബ്ലാസ്‌റ്റേഴ്‌സിന്‌ കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന്‌ ഉറപ്പാണ്‌. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ 26ന്‌ ഇതേ കൊല്‍ക്കത്തക്കെതിരെ സാള്‍ട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തില്‍ വെച്ച്‌ 1-1ന്‌ സമനിലയില്‍തളച്ചതിന്റെ ആത്മവിശ്വാസവും ഡേവിഡ്‌ ജെയിംസിനും സംഘത്തിനുമുണ്ട്‌. എന്നാല്‍ ഫിക്രുവില്ലാത്ത കൊല്‍ക്കത്തയെയാണ്‌ അന്ന്‌ കേരളം നേരിട്ടത്‌. മികച്ച ഫോമില്‍ കളിക്കുന്ന ഫിക്രു ഇന്ന്‌ കൊച്ചിയില്‍ കളത്തിലുണ്ടെന്നതു ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചിടിപ്പേറ്റും. ഒപ്പം സൂപ്പര്‍താരം ലൂയിസ്‌ ഗാര്‍ഷ്യയും ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ചങ്കിടിപ്പേറും. ദല്‍ഹിയെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ചു പോയിന്റ്‌ പട്ടികയില്‍ ഇതുവരെയുള്ള ഉയര്‍ന്ന സ്‌ഥാനം നേടിയതിന്റെ ആത്മവിശ്വാസമാണു കേരളത്തിന്‌ ഇതിനുള്ള മറുമരുന്ന്‌.
മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവമാണ്‌ ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നത്‌. എങ്കിലും ദല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ ചെന്ന്‌ കീഴടക്കാനായതിന്റെ ആത്മവിശ്വാസമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ കൈമുതല്‍. കരുത്തുറ്റ പ്രതിരോധനിരയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ കൈമുതല്‍. കഴിഞ്ഞ ഒമ്പത്‌ കളികളിലും ഉജ്ജ്വല പ്രകടനം കാഴ്‌ചവെച്ച 21 കാരനായ സന്ദേശ്‌ ജിംഗാനൊപ്പം കോളിന്‍ ഫാല്‍വെ, റാഫേല്‍ റോമി, നിര്‍മ്മല്‍ ഛേത്രി, ഹെംഗ്‌ബാര്‍ട്ട്‌, സൗമിക്‌ ഡേ, ഗുര്‍വിന്ദര്‍ സിംഗ്‌ തുടങ്ങിയവര്‍ അദ്ധ്വാനിച്ച്‌ കളിക്കുന്നവരാണ്‌. വിംഗുകളില്‍ക്കൂടി അതിവേഗ പ്രത്യാക്രമണത്തിനും സന്ദേശ്‌ ജിംഗാന്‍ മികവു കാണിക്കുന്നുണ്ട്‌. മധ്യനിരയെക്കുറിച്ചും ബ്ലാസ്‌റ്റേഴ്‌സിന്‌ ഭയക്കാനില്ല. മധ്യനിരിയില്‍ പ്ലേ മേക്കര്‍ സ്‌റ്റീഫന്‍ പിയേഴ്‌സണ്‍ ഗംഭീര പ്രകടനം നടത്തി മുന്നേറ്റനിരക്കാര്‍ക്ക്‌ യഥേഷ്ടം പന്ത്‌ നല്‍കിയിട്ടും അത്‌ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തത്‌ ബ്ലാസ്‌റ്റേഴ്‌സിനെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌. സബീത്തും സൂപ്പര്‍താരം ഇയാന്‍ ഹ്യൂമും, ക്യാപ്‌റ്റന്‍ പെന്‍ ഓര്‍ജിയും അദ്ധ്വാനിച്ചുകളിക്കുന്നുണ്ടെങ്കിലും ഫിനിഷിംഗില്‍ പിഴക്കുന്നതാണ്‌ ടീം മാനേജരും ഗോളിയുമായ ഡേവിഡ്‌ ജെയിംസിനെ ബുദ്ധിമുട്ടിലാക്കുന്നത്‌. എങ്കിലും ഡേവിഡ്‌ ജെയിംസ്‌ തികഞ്ഞ പ്രതീക്ഷയിലാണ്‌. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹിയെയും അതിന്‌ മുന്‍പ്‌ കൊച്ചിയില്‍ വച്ച്‌ ഗോവ എഫ്‌സിയെയും കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്‌ ജെയിംസ്‌. ദല്‍ഹിക്കെതിരെ ഇറങ്ങിയപോലെ 4-3-3 ശൈലിയില്‍ ആക്രമണത്തിന്‌ മുന്‍തൂക്കം നല്‍കിയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ കൊല്‍ക്കത്തക്കെതിരെ കളത്തിലിറങ്ങുക.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം മധ്യനിരയില്‍ കളം അടക്കി വാണിട്ടും ഇയാന്‍ ഹ്യൂം, സി.എസ്‌. സബീത്ത്‌, മിലാഗ്രസ്‌ ഗൊണ്‍സാല്‍വസ്‌, പെന്‍ ഓര്‍ജി തുടങ്ങിയവര്‍ ലക്ഷ്യബോധം മറന്നതോടെയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ സമനില കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നത്‌. മധ്യനിരിയില്‍ പ്ലേ മേക്കര്‍ സ്‌റ്റീഫന്‍ പിയേഴ്‌സണ്‍ ഗംഭീര പ്രകടനം നടത്തി മുന്നേറ്റനിരക്കാര്‍ക്ക്‌ യഥേഷ്ടം പന്ത്‌ നല്‍കിയിട്ടും അത്‌ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തത്‌ ബ്ലാസ്‌റ്റേഴ്‌സിനെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌. എങ്കിലും സ്വന്തം മൈതാനത്ത്‌ രണ്ടാം വിജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ കൊല്‍ക്കത്തക്കെതിരെ ഇറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമായിരിക്കുമെന്ന്‌ ഉറപ്പാണ്‌. ഒപ്പം സ്‌റ്റേഡിയത്തിലെത്തിച്ചേരുന്ന പതിനായിരങ്ങള്‍ക്ക്‌ കാല്‍പ്പന്തുകളിയുടെ സുവര്‍ണ്ണമുഹൂര്‍ത്തങ്ങളും സമ്മാനിച്ചേക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ