2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

നിര്‍മ്മാണ തൊഴിലാളികള്‍ ഏഴിനു കലക്ടറേറ്റ്‌ ഉപരോധിക്കും



കൊച്ചി: കേരള സംസ്ഥാന നിര്‍മാണ തൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ വ്യാഴാഴ്‌ച കളക്‌ട്രേറ്റ്‌ ഉപരോധിക്കുന്നു. നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിച്ച്‌ തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും നടപടി സ്വീകരിക്കണമെന്നും ക്ഷോമനിധിയെ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടാണ്‌ ഉപരോധ സമരം സംഘടിപ്പിക്കുന്നതെന്ന്‌ സമരസമിതി ചെയര്‍മാന്‍ എല്‍സേബിയൂസ്‌ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ അതാത്‌ ജില്ലാ കല്‌ക്ടറേറ്റുകളുമായിരിക്കും ഉപരോധിക്കുക.
മൈനിംഗ്‌ ആന്റ്‌ ജിയോളജി വകുപ്പ്‌ ഖനനാനുമതി നിഷേധിച്ചതോടെ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചത്‌ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. നിര്‍മാണ സാമാഗ്രികളുടെ വില വര്‍ധനവും മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ക്ഷേമനിധിവഴി അംഗങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ധിപ്പിക്കണം. അടഞ്ഞു കിടക്കുന്ന എല്ലാ ക്വാറികളും തുറന്നു പ്രവര്‍ത്തിപ്പിക്കാനും മണല്‍ക്ഷാമം പരിഹരിക്കുന്നതനിന്‌ ഡാമുകളില്‍ നിന്ന്‌ മണല്‍ ശേഖരിച്ച്‌ വിതണം നടത്തുന്നതിന്‌ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മണല്‍ ഇറക്കുമതി വിജയകരമായിരുന്നുവെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായ സാങ്കേതിക കാരണങ്ങളാലാണ്‌ മണല്‍ ഇറക്കുമതി പരാജയപ്പെട്ടതെന്നും എല്‍സേബിയൂസ്‌ മാസ്‌റ്റര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ വി ജോസ്‌, എം പി എം സാലി എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ