2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

കുഞ്ചാക്കോ ബോബനെതിരെ മാനനഷ്ടക്കേസ്‌ നല്‍കുമെന്ന്‌റോമന്‍സ്‌ സിനിമയുടെ നിര്‍മ്മാതാക്കള്‍


കൊച്ചി
പ്രശസ്‌ത സിനിമാ താരം കുഞ്ചാക്കോ ബോബനെതിരെ മാനനഷ്ടത്തിനു കേസ്‌ ഫയല്‍ ചെയ്യുമെന്ന്‌ റോമന്‍സ്‌ സിനിമയുടെ നിര്‍മ്മാതാക്കള്‍.
കരാര്‍ പ്രകാരം പ്രതിഫലമായ 50ലക്ഷം രൂപ റോമന്‍സിന്റെ റിലീസിനു മുന്‍പു തന്നെ കൊടുത്തു കഴിഞ്ഞതായി ചാന്ദ്‌ വി ക്രിയേഷന്‍സ്‌ എന്ന സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമകളായ അരുണ്‍ ഘോഷും ബിജോയ്‌ ചന്ദനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 45,20,830 രൂപ പണമായും അഞ്ച്‌ ലക്ഷം രൂപ അദ്ദേഹത്തിന്റെ പേരില്‍ ഡിഡിഎസ്‌ ആയും നല്‍കി. 20,500 രൂപ കൊടൈക്കനാലിലെ താമസത്തിനും ഡ്രൈവറുടെ ബാറ്റയായും നല്‍കിയത്‌ തിരിച്ചു കമ്പനിക്ക്‌ നല്‍കാനുള്ള സാഹചര്യത്തിലാണ്‌ അദ്ദേഹം സിനിമ റിലീസ്‌ ആയി ഒന്നര വര്‍ഷത്തിനു ശേഷം പരാതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും ഇരുവരും പറഞ്ഞു. പ്രതിഫലമായി വണ്ടിചെക്ക്‌്‌ നല്‍കിയെന്ന കുഞ്ചാക്കോ ബോബന്റെ ആരോപണം തങ്ങളുടെ നിര്‍മ്മാണ കമ്പനിയെ ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമാണെന്നും ഇരുവരും ആരോപിച്ചു.
കുഞ്ചാക്കോ ബോബന്റെ ഫാന്‍സ്‌ എന്ന പേരില്‍ തങ്ങള്‍ക്കെതിരെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്‌റ്റുകള്‍ ഫെയ്‌സ്‌ബുക്കില്‍ വരുന്നതായും കൊച്ചിയില്‍ കാല്‍ കുത്തിയാല്‍ കാല്‍ വെട്ടുമെന്ന ഭീഷണിയും ഉണ്ടെന്നും ഇരുവരു പറഞ്ഞു. സൈബര്‍ പോലീസില്‍ ഇതു സംബന്ധിച്ച പരാതി നല്‍കും.
കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ ഹാജരാക്കിയിരിക്കുന്ന ചെക്ക്‌ തങ്ങള്‍ നല്‍കിയെന്നു പറയുന്ന വണ്ടിച്ചെക്കല്ലെന്നും വിശ്വാസത്തിന്റെ പേരില്‍ തിരികെ വാങ്ങാതിരുന്ന ഒരു ചെക്കാണിതെന്നും അരുണ്‍ ഘോഷ്‌ പറഞ്ഞു. പ്രതിഫലം കൊടുത്തു കഴിഞ്ഞതോടെ ബാങ്കില്‍ സ്‌റ്റോപ്പ്‌ മെമ്മോ കൊടുത്തതുകൊണ്ടാണ്‌ ചെക്ക്‌ ബൗണ്‍സായത്‌.
കുഞ്ചാക്കോ ബോബന്‌ അദ്ദേഹം അര്‍ഹിച്ചതിലേറെയാണ്‌ പ്രതിഫലം കൊടുത്തത്‌. ഓര്‍ഡിനറി എന്ന കുഞ്ചാക്കോ ബോബന്റെ ഹിറ്റ്‌ ചിത്രം വരുന്നതിനു മുന്‍പാണ്‌ കരാര്‍ ഉണ്ടാക്കിയത്‌. റോമന്‍സിനു മുന്‍പു വന്ന മല്ലൂസീംഗിനു 35 ലക്ഷവും റോമന്‍സിനു ശേഷം വന്ന ത്രീ ഡോട്ട്‌സിനു 40 ലക്ഷം രൂപയും മാത്രമാണ്‌ ലഭിച്ചത്‌. അതേപോലെ റോമന്‍സില്‍ കുഞ്ചാക്കോ ബോബനോടൊപ്പം തുല്യ പ്രാധാന്യമുണ്ടായിരുന്ന ബിജു മേനോന്‍ കേവലം 25 ലക്ഷം രൂപമാത്രമെ പ്രതിഫലമായ വാങ്ങിയുള്ളു. അദ്ദേഹത്തിനു ആദ്യം 24 ലക്ഷം രൂപമാത്രമെ നല്‍കിയുള്ളു. അതു മതിയെന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്‌. എന്നാല്‍ റോമന്‍സ്‌ ഹിറ്റായതോടെ ഒരു ലക്ഷം രൂപ കൂടി അദ്ദേഹത്തിനു നല്‍കിയെന്നും അരുണ്‍ ഘോഷ്‌ പറഞ്ഞു.
റോമന്‍സിന്റെ ചിത്രീകരണ സമയത്ത്‌ കുഞ്ചാക്കോ ബോബനും അദ്ദേഹത്തിന്റെ ഭാര്യയും ഒരുപാട്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട്‌ ടെലിവിഷന്‍ ചാനലുകളില്‍ ഒന്നും അദ്ദേഹം പങ്കെടുത്തില്ല. അതുകൊണ്ട്‌ സിനിമയുടെ ടെക്‌നീഷ്യന്‍സിനെ അവതരിപ്പിച്ചുകൊണ്ട്‌ തീര്‍ത്തും വ്യത്യസ്ഥമായി പരിപാടികള്‍ അവതരിപ്പിക്കേണ്ടി വന്നു. സിനിമ തീയേറ്ററില്‍ ഓടരുതെന്നു ആഗ്രഹിച്ചതുപോലെയായിരുന്ന കുഞ്ചാക്കോ ബോബന്റെ പെരുമാറ്റം. റിലീസ്‌ ചെയ്‌തതിനു ശേഷം വിളിച്ചുകഴിഞ്ഞാല്‍ അദ്ദേഹം ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നു ബിജോയ്‌ ചന്ദ്രന്‍ പറഞ്ഞു.
കുഞ്ചാക്കോ ബോബെനെതിരെ നിയമ നടപടികളിലേക്കു നീങ്ങുന്നതിനു മുന്‍പ്‌ നിര്‍മ്മാതാക്കളുടെ സംഘടന ഭാരവാഹികളുമായി ഇക്കാര്യം സംസാരിക്കുമെന്നും ഇരുവരും പറഞ്ഞു. ചാന്ദ്‌്‌ വി ക്രിയേഷന്‍സിന്റെ ബാനറില്‍ റോമന്‍സിനു പുറമെ വെള്ളരി പ്രാവിന്റെ ചങ്ങാതി, ഉത്സാഹകമ്മിറ്റി എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്‌.സിനിമാരംഗത്ത്‌ ഇതിനകം ഉണ്ടാക്കിയിരിക്കുന്ന സല്‍പ്പേരിനു കളങ്കം ഉണ്ടാക്കുന്നതിനാണ്‌ ഈ വണ്ടിച്ചെക്കിന്റെ പേരിലുള്ള ഈ കള്ളക്കേസ്‌ എന്നും ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ