2014, ജൂലൈ 6, ഞായറാഴ്‌ച

സാമുഹ്യ വിരുദ്ധരെ നേരിടുന്നത്‌ കാര്യക്ഷമമാക്കും


പ്രത്യേക സോഫ്‌റ്റ്‌്‌ വെയറും സ്‌പെഷ്യല്‍ സെല്ലും രൂപീകരിച്ചു
കൊച്ചി
സാമൂഹ്യ വിരുദ്ധരെ നേരിടുന്നതിനായി രൂപീകരിച്ചിട്ടുള്ള കേരള ആന്റി സോഷ്യല്‍ ്‌അക്‌റ്റിവിറ്റീസ്‌ പ്രിവെന്‍ഷന്‍ ആക്ട്‌ (കാപ്പ) കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. നടപടി ക്രമങ്ങളില്‍ ഇതുവരെ ഉണ്ടായിരുന്ന പ്രധാന തടസം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണത്തിലുള്ള കാലതാമസമായിരുന്നു. ഇതുമൂലം നിരവധി കേസുകളില്‍ വേണ്ട പോലെ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ കാപ്പ സെല്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങല്‍ വിലയിരുത്താന്‍ തീരുമാനിച്ചു. ആഴ്‌ചതോറും സെല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
കാപ്പ അനുസരിച്ചു കസ്‌റ്റിഡിയില്‍ എടുക്കേണ്ട പ്രതികളുടെ കാര്യത്തില്‍ പോലീസ്‌ അലംഭാവം കാണിക്കുന്നതും, , പ്രതികള്‍ സാങ്കേതിക കാരണങ്ങളാല്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും രക്ഷപ്പെടുന്നതും കടുത്ത വിമര്‍ശനങ്ങള്‍ക്കു ഇടവരുത്തിയിരുന്നു. സാങ്കേതിക തടസങ്ങളുടെ കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ സമയബന്ധിതമായി എടുക്കുന്നതിനു പുതിയ സെല്‍ രൂപീകരണം വഴിയൊരുക്കും. 
ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം , എറണാകുളം റൂറല്‍ എസ്‌പി സതീഷ്‌ ബിനോ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്‌ ഈ തീരുമാനം. കാപ്പയുടെ പരിധിയില്‍ വരുന്ന 22 ഓളം കേസുകളാണ്‌ ഈ വര്‍ഷം മാത്രം ഇതിനകം ജില്ലാ കലക്ടറുടെ പരിഗണനയ്‌ക്കു വെച്ചിരിക്കുന്നത്‌. ഇതി്‌ല്‍ ഏഴു കേസുകള്‍ ജില്ലാ ഭരണകൂടം പോലീസിനു തിരിച്ചയച്ചു. ഏഴെണ്ണത്തിന്റെ കാര്യത്തില്‍ ആറുമാസം കഴിഞ്ഞിട്ടും ഉചിതമായ തീരുമാനം എടുക്കാന്‍ ജില്ലാ ഭരണകൂടത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. എട്ടോളം കേസുകളില്‍ പ്രതികളെ ജയിലില്‍ അടച്ചു. 
കാപ്പയുടെ പരിധിയില്‍ വരുന്ന ഗൂണ്ടാ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഇതുവരെ കാലതാമസങ്ങള്‍ക്കു സാങ്കേതിക തടസം ഉന്നയിക്കുകയായിരുന്നു.എന്നാല്‍ ഈ സാങ്കേതിക തടസം ഒഴിവാക്കുന്നതിനായി കാപ്പസെല്‍ പ്രത്യേക സോഫ്‌റ്റ്‌ വെയര്‍ തന്നെ ത്യായറാക്കിയിട്ടുണ്ട്‌. നടപടി ക്രമങ്ങള്‍ നിയമപരമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഈ സോഫ്‌റ്റ്‌ വെയര്‍ സഹായമാകും. പോലീസ്‌ കാപ്പ പ്രകാരം രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ പലതിലും ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നതിനു ചുരുങ്ങിയത്‌ ആറുമാസം എങ്കിലും ഇതുവരെ വേണ്ടിവന്നിരുന്നു. ഇവയില്‍ പോലീസിന്റെ ഭാഗത്തു നിന്നും കാപ്പ നിയമപരിധിയില്‍പ്പെടുത്തുന്നതില്‍ വരുത്തിയ സാങ്കേതിക പിഴവുകള്‍ മുലം നിരവധി ഗൂണ്ടകള്‍ രക്ഷപ്പെടുന്നതിനും ഇടയാക്കിയിട്ടുണ്ട്‌. ഈ കേസുകള്‍ വീണ്ടും പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനായിട്ടില്ല. നഗരത്തിലെ കുപ്രസിദ്ധ ഗൂണ്ട ഭായ്‌ നസീര്‍,തമ്മനം ഷാജി എന്നിവരൊക്കെ പോലീസിന്റെ ഈ സാങ്കേതിക പിഴവുകള്‍ മുതലാക്കി രക്ഷപ്പെട്ടിരുന്നു. 
കാപ്പ നിയമത്തിന്റെ കാര്യത്തില്‍ നടപടികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായുള്ള സോഫ്‌റ്റ്‌ വെയര്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌ സെന്ററാണ്‌ വികസിപ്പിച്ചിരിക്കുന്നതെന്നു ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം പറഞ്ഞു. കാപ്പ സംബന്ധിച്ചു രൂപീകരിച്ച സ്‌പെഷ്യല്‍ സെല്ലിന്റെ ഉന്നത അധികാര സമിതിയില്‍ ജില്ലാ കലക്ടര്‍ , റൂറല്‍ എസ്‌പി എന്നിവര്‍ക്കു പുറമെ ജില്ലയിലെ നിയമവിദ്‌ഗ്‌ധരും ഉള്‍പ്പെടും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ