കൊച്ചി
കഴിഞ്ഞ വെള്ളിയാഴ്‌ച ഇടപ്പള്ളി കുന്നുംപുറം ഗവണ്മന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കയറി ഹെഡ്‌മിസ്‌ട്രിസിനെയും വിദ്യാര്‍ഥികളെയും ആക്രമിച്ച കേസിലെ മുഖ്യ പ്രതി ജോസിനെ പിടികൂടാനായില്ല.
രാഹുല്‍ (19),നിതീഷ് വാസുദേവ് (20) എന്നിവരെയും ഇവരോടൊപ്പം അക്രമണം നടത്തിയ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികളെയും പോലീസ് പിടികൂടി. മുഖ്യപ്രതി അടക്കം ബാക്കി അഞ്ചുപേര്‍ ഒളിവിലാണ്. ചേരാനല്ലൂര്‍ എസ്‌ഐ സാംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതികളെ പിടികൂടിയത്.
വെള്ളിയാഴ്‌ച വൈകുന്നേരം വിദ്യാര്‍ഥികള്‍ ക്ലാസ് കഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. പ്രദേശത്തെ അറിയപ്പെടുന്ന ഗൂണ്ടയായ ജോസിന്റെ നേതൃത്വത്തിലുള്ള ആയുധധാരികളായ ഒന്‍പതംഗ അക്രമിസംഘം സ്‌കൂളില്‍ കയറി ഹെഡ്‌മിസ്‌ട്രിസിനെ അക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേല്‍ക്കാതെ കഷ്ടിച്ചാണ് ഹെഡ്‌മിസ്‌ട്രസ് രക്ഷപ്പെട്ടത്. എന്നാല്‍ ആക്രമണത്തില്‍ ഏതാനും വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. ഒരു വിദ്യാര്‍ഥിയെ അക്രമികളിലൊരാള്‍ ഹെല്‍മെറ്റ് കൊണ്ടു തലയ്‌ക്കടിക്കുകയും ചെയ്‌തു നാലോളം ബൈക്കുകള്‍ ആക്രമികള്‍ തകര്‍ത്തു.
സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന കഞ്ചാവ് ലോബിയാണ് ആക്രമണങ്ങള്‍ക്കു പിന്നില്‍ . ഒരേ കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്ററി സ്‌കൂളിലെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ ദീര്‍ഘനാളായി ഏറ്റുമുട്ടല്‍ പതിവായിരുന്നു. ഇത് അവസാനിപ്പിക്കുന്നതിനായി പിടിഎ യോഗത്തില്‍ രണ്ടു വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഒരു സൗഹൃദ ഫുട്‌ബോള്‍ നടത്തുകയും ചെയ്‌തു.എന്നാല്‍ ഈ മത്സരം ഇരുകൂട്ടരും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുവാനാണ് ഇടയാക്കിയത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥി പകപോക്കാന്‍ സഹോദരന്‍ രാഹുലിനെയും ജോസിന്റെ നേതൃത്വത്തിലുള്ള ഗൂണ്ടകളെയും ഇറക്കി. ഇതാണ് ആക്രമണ പരമ്പരയ്‌ക്കു കാരണമായത്.
ഇതിനിടെ മദ്യത്തിനും മയക്കു മരുന്നിനും എതിരെ സ്‌കൂളില്‍ നടക്കുന്ന ക്യംപെയിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കഴിഞ്ഞ മാസം 26നു പോലീസിന്റെയും എക്‌സൈസിന്റെയും ലഹരിമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു. ഇതും ഇരുകൂട്ടരും തമ്മിലുള്ള ശത്രുത വര്‍ധിക്കാന്‍ മറ്റൊരു കാരണമായി.
അധ്യാപകരാണ് സ്‌കൂളിലെ മയക്കുമരുന്നു മാഫിയക്കു കാരണമെന്നു പിടിഎ അധികൃതര്‍ കുറ്റപ്പെടുത്തി. സ്‌കൂളിനു പുറത്തു നിന്നും വരുന്നവരെ നിയന്ത്രിക്കാനോ വിദ്യാര്‍ഥികള്‍ക്കിടയിലുള്ള കഞ്ചാവ് ഉപയോഗത്തിനു തടയിടാനോ അധ്യാപകര്‍ക്കു കഴിഞ്ഞിട്ടില്ലെന്നും പിടിഎ അധികൃതര്‍ ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ചു പേരുടെ പക്കല്‍ നിന്നും കഞ്ചാവ് കയ്യോടെ പിടികൂടിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ