2014, ജൂലൈ 16, ബുധനാഴ്‌ച

കേരളഹൈക്കോടതി വേനലവധി നിര്‍ത്തലാക്കി സമയമാറ്റത്തിനു മാറ്റം വരുത്താന്‍ നീക്കം തുടങ്ങി



കൊച്ചി: ഹൈക്കോടതിയുടെ വേനലവധി വെട്ടിക്കുറച്ച്‌ പ്രവര്‍ത്തന സമയം രാവിലെ 9മുതല്‍ ഉച്ചക്ക്‌ ഒരുമണിവരെയാക്കാന്‍ നീക്കം. നിലവിലുള്ള സമയം രാവിലെ 10മുതല്‍ വൈകിട്ട്‌ 4.30വരെയും വേനലവധി 35 ദിവസവുമാണ്‌. വര്‍ഷങ്ങളായി ഹൈക്കോടതി ജീവനക്കാര്‍ അനുഭവിച്ചു വരുന്ന വാര്‍ഷിക അവധിയാണ്‌ ഇതോടെ ഇല്ലാതാകുന്നത്‌. വേനലവധി ഹൈക്കോടതിയിലെ ജോലിഭാരത്തിന്‌ അയവുവരുത്താന്‍ സഹായിക്കുമെന്നാണ്‌ ജീവനക്കാരുടെ അഭിപ്രായം. എന്നാല്‍ ഉച്ചക്ക്‌ ഒരു മണി വരെ ജോലി ചെയ്‌താല്‍ മതി എന്ന ആകര്‍ഷണീയത എതിര്‍പ്പ്‌ ഇല്ലാതാക്കുന്നു. ഭൂരിഭാഗം ജീവനക്കാരുംഅഭിഭാഷകരും ഇത്തരത്തിലുള്ള സമയ മാറ്റം അംഗീകരിക്കുമെന്നാണ്‌ സൂചന. വേനലവധി ഉണ്ടെങ്കിലും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അവധിക്കാല കോടതി ഉള്ളതിനാല്‍ അഭിഭാഷകര്‍ കോടതിയിലെത്തണം. ഫയലിങ്‌ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി മറ്റു ദിവസങ്ങളിലും കോടതിയില്‍ വരേണ്ടതിനാല്‍ വേനലവധി തങ്ങളെ ബാധിക്കാറില്ല എന്നാണ്‌ അഭിഭാഷകരുടെ അഭിപ്രായം.
ഇപ്പോഴത്തെ പ്രവര്‍ത്തി സമയം മാറ്റി രാവിലെ 8 മുതല്‍ ഉച്ചയ്‌ക്ക്‌ രണ്ട്‌ വരെയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള ഹൈക്കോര്‍ട്ട്‌ അഡ്വക്കേറ്റ്‌സ്‌ അസോസിയേഷന്‍ പ്രമേയം പാസ്സാക്കിയിരുന്നു. ബാര്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്‌ അംഗീകരിച്ച പ്രമേയം ജൂലായ്‌ രണ്ടിന്‌ ചേര്‍ന്ന പൊതുയോഗത്തില്‍ പാസ്സാക്കുകയായിരുന്നു. എന്നാല്‍ വനിതാ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഇതിനെതിരെ രംഗത്തു വന്നു. ഇത്തരമൊരു സമയമാറ്റം ഉണ്ടാക്കുന്ന വിഷമങ്ങള്‍ ചൂണ്ടികാണിച്ചായിരുന്നു പ്രധാന എതിര്‍പ്പ്‌.
ആലപ്പുഴ, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ വന്നുപോകുന്നവര്‍ക്ക്‌ ഇത്‌ അപ്രായോഗികമാകുമെന്നും മറ്റ്‌ ജീവനക്കാരുടെ അഭിപ്രായം തേടിയിട്ടില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. അംഗസംഖ്യ കുറവായതിനാലാണ്‌ പ്രമേയം പാസ്സായതെന്ന്‌ ആരോപിച്ച്‌ പ്രമേയം പുന:പരിശോധിക്കുന്നതിന്‌ ഒരു വിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ 9ന്‌ വീണ്ടും അസോസിയേഷന്‍ യോഗം ചേര്‍ന്ന്‌ രഹസ്യ ബാലറ്റിലൂടെ പ്രമേയം വോട്ടിനിട്ടത്‌. മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷത്തോടെ പ്രമേയം തള്ളുകയുമായിരുന്നു. 325ലധികം അഭിഭാഷകര്‍ പുനപ്പരിശോധനയെ അനുകൂലിച്ച്‌ വോട്ടുചെയ്‌തപ്പോള്‍ 160ഓളം പേര്‍ സമയമാറ്റത്തെ അനുകൂലിച്ചു. അഡ്വ. എസ്‌.യു.നാസറായിരുന്നു വരണാധികാരി.സമയമാറ്റത്തില്‍ വനിതാ അഭിഭാഷകരുടെ അഭിപ്രായ സമന്വയത്തിന്‌ കേരള ഫെഡറേഷന്‍ ഓഫ്‌ വിമന്‍ ലോയേഴ്‌സ്‌ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ്‌ പുതിയ പ്രമേയവുമായി അഭിഭാഷക അസോസിയേഷന്‍ രംഗത്തു വന്നിരിക്കുന്നത്‌. കര്‍ണ്ണാടക ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ സമയം ക്രമീകരിച്ചിട്ടുണ്ടെന്നാണ്‌ സമയമാറ്റത്തെ അനുകൂലിക്കുന്ന മുതിര്‍ന്ന ജഡ്‌ജിമാരും അഭിപ്രായപ്പെടുന്നത്‌. ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെടെയുള്ളവര്‍ സമയ മാറ്റത്തോട്‌ അനുകൂലിക്കുന്നുവെന്നാണ്‌ വിവരം. കെട്ടി കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ സമയം ലഭിക്കും എന്നാണ്‌ പൊതുവെ സമയം മാറ്റത്തെ വിലയിരുത്തുന്നത്‌. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗതകുരുക്കും സമയ മാറ്റത്തിന്‌ പ്രേരണയാകുന്നുണ്ട്‌.
സാധാരണ പ്രവര്‍ത്തിദിനങ്ങളില്‍ ഒന്‍പതരയോടെ നഗരത്തില്‍ ഗതാഗത കുരുക്ക്‌ രൂക്ഷമാകാറുണ്ട്‌. ഹൈക്കോടതി സ്റ്റാഫ്‌ അസോസിയേഷന്‌ ഇപ്പോള്‍ നടക്കുന്ന സമയമാറ്റ ചര്‍ച്ചയെക്കുറിച്ച്‌ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ്‌ അറിയുന്നത്‌. എങ്കിലും സമയമാറ്റത്തെ കുറിച്ചുള്ള പുതിയ നിര്‍ദ്ദേശം ഭൂരിഭാഗം ജീവനക്കാരും അംഗീകരിച്ചേക്കുമെന്നാണ്‌ സ്റ്റാഫ്‌ അസോസിയേഷന്റെ അഭിപ്രായം. അതുകൊണ്ട്‌ തന്നെ സമയമാറ്റത്തെ എതിര്‍ക്കുന്ന ജീവനക്കാരുടെ പ്രതിഷേധം ഒറ്റപ്പെട്ട അഭിപ്രായ പ്രകടനങ്ങളില്‍ ഒതുങ്ങും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ