2014, ജൂലൈ 8, ചൊവ്വാഴ്ച

നിര്‍മാണ മേഖല തകര്‍ച്ചയില്‍




അടിയന്തിര പരിഹാരം വേണമെന്ന്‌ ലെന്‍സ്‌ഫെഡ്‌
കൊച്ചി
സിമെന്റ്‌ ,എം-സാന്‍ഡ്‌,സ്റ്റീല്‍ എന്നിവയുടെ വിലകുതിച്ചുകയറിയതോടെ നിര്‍മാണ മേഖല തകര്‍ച്ചയുടെ പാരമ്യത്തിലായെന്ന്‌ ലൈസന്‍സ്‌ഡ്‌ എഞ്ചിനിയേഴ്‌സ്‌ ആന്റ്‌ സൂപ്രവൈസേഴ്‌സ്‌ ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്‌) വ്യക്തമാക്കി.
ചാക്കിന്‌ 330 രൂപ വില ഉണ്ടായിരുന്ന സിമെന്റ്‌ വില ഒറ്റയടിക്ക്‌ 400 രൂപയായി. എം സാന്‍ഡ്‌ വില ക്യുബിക്കിനു 40ല്‍ നിന്നും 46 രൂപയായി. കാലവര്‍ഷം ആരംഭിച്ചതോടെ പുഴകളില്‍ നിന്നും മണല്‍വാരുന്നത്‌ നിരോധിച്ചതോടെ സ്ഥിതിഗതികള്‍ ഗുരതരമായി. നിര്‍മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്‌ ലെന്‍സ്‌ഫെഡ്‌ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെന്റ്‌ നിര്‍മാണ കമ്പനിയായ മലബാര്‍ സിമെന്റ്‌സും സിമെന്റ്‌ ലോബിയുടെ വഴിയേ സിമെന്റ്‌ വില കുത്തനെ കൂട്ടിയത്‌ അനീതിയാണെന്നു ലെന്‍സ്‌ഫെഡ്‌ ഭാരവാഹികള്‍ പറഞ്ഞു. സിമെന്റ്‌ വിലകൂട്ടലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നു കരുതുന്ന ഡാല്‍മിയ ,ചെട്ടിനാട്‌ തുടങ്ങിയ സിമെന്റുകള്‍ ബഹിഷ്‌കരിക്കാന്‍ നിര്‍മാണ മേഖലയിലെ നിരവധി സംഘടനകള്‍ തീരുമാനിച്ചതിനു ലെന്‍സ്‌ഫെഡ്‌ പിന്തുണ നല്‍കും. നിര്‍മ്മാണ വസ്‌തുക്കളുടെ വിലക്കയറ്റംമൂലം ആയിരം ചതുരശ്ര അടി വരുന്ന ഒരു വീട്‌ നിര്‍മ്മിക്കുവാന്‍ രണ്ടുലക്ഷം രൂപ അധികം നല്‍കേണ്ടിവരും നിര്‍മാണമേഖലയെ വ്യവസായമായി കാണുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.നിര്‍മാണ മേഖലയുടെ തകര്‍ച്ച രാജ്യത്തെ 217 വ്യവസായങ്ങളെ ബാധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാനത്ത്‌ നടപ്പിലാക്കാന്‍ പോകുന്ന റിയല്‍ എസ്‌റ്റേറ്റ്‌ റഗുലറ്ററി ബില്‍ ചെറുകിട കരാറുകാരെയും ഡിസൈന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന എഞ്ചിനിയര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ബാധിക്കുന്നതാണെന്നും, ചര്‍ച്ചകള്‍ കൂടാതെ ഏകപക്ഷീയമായി നിയമം പാസാക്കരുതെന്നും ലെന്‍സ്‌ഫെഡ്‌ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ലെന്‍സ്‌ഫെഡ്‌ തൊഴിലാളികളെയും പൊതുജനങ്ങളേയും സംഘടിപ്പിച്ചു നിര്‍മാണ മേഖലയില്‍ ബഹിഷ്‌കരണം അടക്കമുള്ള സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നും ഭാരവാഹികളായ പി.സി അനില്‍കുമാര്‍, പി.ബി ഷാജി, എം.ഡി പ്രേമന്‍ എന്നിവര്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ