2014, ജൂലൈ 31, വ്യാഴാഴ്‌ച

പാത്രിയാര്‍ക്കീസ്‌ ബാവക്കെതിരെ തെറ്റിദ്ധാരണജനകമായ വര്‍ത്തകള്‍ വരുന്നത്‌ അപലപനീയം-



 യാക്കോബായ അല്‍മായ ഫോറം
കൊച്ചി
യാക്കോബായ സഭ പരമാധ്യക്ഷന്‍ അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ്‌ ബാവ മെത്രാപ്പോലീത്തയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച്‌ പുറപ്പെടുവിച്ച കല്‍പ്പന ഭരണഘടനാനുസൃതവും നീതിയുക്തവുമാണെന്ന്‌ യാക്കോബായ അല്‍മായ ഫോറം വ്യക്തമാക്കി.
സഭയിലെ എല്ലാ മെത്രാപ്പോലീത്തമാര്‍ക്കും തുല്യനീതിയും തുല്യസ്ഥാനവും ലഭിക്കണമെന്ന ആഗ്രഹത്തില്‍ പുറപ്പെടുവിച്ച കല്‍പ്പന ചോദ്യം ചെയ്യപ്പെടാത്തതാണെന്നും പാത്രിയാര്‍ക്കീസ്‌ ബാവക്കെതിരെ തെറ്റിദ്ധാരണജനകമായ വര്‍ത്തകള്‍ വരുന്നത്‌ അപലപനീയമാണെന്നും അല്‍മായ ഫോറം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ സഭാ കാര്യങ്ങളില്‍ അനാവശ്യമായി പാത്രിയാര്‍ക്കീസ്‌ ബാവ ഇടപെടുന്നതായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ അല്‍മായ ഫോറം വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്‌.
സഭാ ഭരണഘടന പ്രകാരം മെത്രാപ്പോലീത്തമാരെ വാഴിക്കുന്നതിനും പുനര്‍നിയമനം നടത്തുന്നതിനും ഏതോരു സഭാ സ്ഥാനയേയും നീക്കം ചെയ്യുന്നതിനുമുള്ള അവകാശം പാത്രിയാര്‍ക്കീസ്‌ ബാവയില്‍ നിക്ഷിപ്‌തമാണ്‌. ആയതിനാല്‍ പുത്തന്‍കുരിശില്‍ ജൂലൈ 25മുതല്‍27വരെ നടന്ന പ്രാദേശിക സുന്നഹദോസില്‍ മെത്രാപ്പോലീത്തമാരുടെ സ്ഥാനമാറ്റം സംബന്ധിച്ചു എടുത്ത തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നും അല്‍മായ ഫോറം നേതാക്കള്‍ അറിയിച്ചു.
പാത്രിയാര്‍ക്കിസ്‌ ബാവയുടെ ഇടപെടലുകല്‍ കാതോലിക്കയുടെ തന്നിഷ്ടങ്ങള്‍ക്കും സ്വകാര്യ സ്വത്തു സമ്പാദനത്തിനും തടസമാകുമെന്ന ഭയമാണ്‌ ഈ നീക്കത്തിനു പിന്നില്‍. സമീപകാലത്ത്‌ രണ്ടര കോടിയിലേറെ വിലവരുന്ന ആഭരണങ്ങള്‍ സ്വന്തംപേരില്‍ വാങ്ങിയതും സഭാസ്വത്ത്‌ തിരിമറിചെയ്‌ത്‌ കാതോലിക്കയും ബന്ധുക്കളും കോടികള്‍ അടിച്ചുമാറ്റിയതും പുറത്തുവരുമെന്ന ഭയമാണ്‌ പാത്രിയാര്‍ക്കീസ്‌ ബാവയ്‌ക്ക്‌ എതിരെ തിരിയുവാന്‍ കാതോലിക്കയെ പ്രേരിപ്പിക്കുന്നതിനു കാരണമായതെന്നും അല്‍മായ ഫോറം ചൂണ്ടിക്കാട്ടി.
ഒരു ഭദ്രാസനത്തിലേക്കു മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുന്നത്‌ പ്രസ്‌തുത ഭദ്രാസനത്തിലെ വിശ്വാസസമൂഹമാണ്‌. ആജീവനാന്തകാലത്തേക്കാണ്‌ മെത്രാപ്പോലീത്തമാരുടെ നിയമനം. എന്നാല്‍ കാതോലിക്ക ബാവ സ്വന്തമായി മെത്രാപ്പോലീത്തമാരെ വാഴിക്കുകയും സ്ഥലം മാറ്റം നടത്തുകയും ചെയ്യുന്നു.ഇത്‌ ഭരണഘടനാ ലംഘനമാണെന്നും കാതോലീക്ക ബാവയുടെ സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാത്ത പക്ഷം സ്ഥാനവും സഭാംഗത്വവും കാതോലിക്ക സ്വയം ഉപേക്ഷിക്കണമെന്നും യാക്കോബായ അല്‍മായ ഫോറം രക്ഷാധികാരി മാത്തച്ചന്‍ തുകിലന്‍, വര്‍ക്കിങ്ങ്‌ പ്രസിഡന്റ്‌ പോള്‍ വര്‍ഗീസ്‌, നിയമ ഉപദേശകന്‍ അഡ്വ. സാബു തൊഴുപ്പാടന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ