2014, ജൂൺ 5, വ്യാഴാഴ്‌ച

മനുഷ്യകടത്ത്‌ - കോടതി നിരീക്ഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല - കെസിബിസി


കൊച്ചി
മനുഷ്യകടത്തിന്റെ കാര്യത്തില്‍ കോടതി നിരീക്ഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നു കേരള കാത്തലിക്‌ ബിഷപ്പ്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ കര്‍ദ്ദിനാള്‍ ബസേലിയോസ്‌ ക്ലിമിസ്‌ കാതോലിക്ക ബാവ പറഞ്ഞു. മനുഷ്യകടത്തിന്റെ കാര്യത്തില്‍ സുതാര്യമായ ഒരു വിവരം കേരളീയ സമൂഹത്തിനു മുന്നില്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും കെസിബിസി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
നീരീക്ഷണങ്ങള്‍ നല്‍കുന്ന സന്ദേശങ്ങള്‍ സത്യമാണെങ്കില്‍ സുതാര്യമായ നടപടികള്‍ പാലിക്കേണ്ടതാണ്‌. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സുതാര്യത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസത്യന്‍ സഭകള്‍ നടത്തുന്ന അനാഥാലയങ്ങളില്‍ ഒന്നിലും അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്നു താമസിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രിയാണ്‌ ഇവിടെ എല്ലാവര്‍ക്കും വരുവാന്‍ അവകാശമുണ്ടെന്നും അതേപോലെ നിയമംപാലിക്കണമെന്നും ബസേലിയോസ്‌ ക്ലിമിസ്‌ ബാവ പറഞ്ഞു.
ഇടുക്കിയിലെ വിജയം കര്‍ഷകരുടെയും ജനങ്ങളുടെയുമാണെന്ന ഇടുക്കി ബിഷപ്പിന്റെ അഭിപ്രായം സഭയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ലെന്നും അത്‌ അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും ഒരു ചോദ്യത്തിന്‌ ഉത്തരമായി അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസമേഖലയില്‍ കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ രംഗത്തെ ആശങ്കകള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സ്റ്റാഫ്‌ ഫിക്‌സേഷന്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം,സ്‌പെഷ്യലിസ്റ്റ്‌ അധ്യാപക നിയമനം പിഎസ്‌സിക്കു വിടാനുള്ള നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും മാനേജ്‌മെന്റുകളുടെ നിയമനാവകാശം നിയന്ത്രിക്കാനുള്ള നടപടികള്‍ പിന്‍വലിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു 2010-11നുശേഷം കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റ്‌ സ്‌കൂളുകളില്‍ തസ്‌തിക നടപടി നടക്കാത്തതിനാല്‍ 45,000 അധ്യാപകരുടെ തസ്‌തിക നിര്‍ണയം തടസപ്പെട്ടിരിക്കുന്നതായും ചൂണ്ടിക്കാട്ടി.
കേരളത്തില്‍ മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാന്‍ ജനക്ഷേമം ലക്ഷ്യമാക്കുന്ന സര്‍ക്കാര്‍ നിശ്ചയദാര്‍ഡ്യത്തെടെ തയ്യാറാകണമെന്നും കര്‍ദ്ദിനാള്‍ ബസേലിയോസ്‌ ക്ലിമിസ്‌ ആവശ്യപ്പെട്ടു. നിര്‍ത്തലാക്കിയ ബാറുകള്‍ ഒരിക്കലും തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യം സംസ്ഥാനത്ത്‌ ഉണ്ടാകരുതെന്ന്‌ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. സര്‍ക്കാരാണ്‌ ബാറുകള്‍ അടച്ചുപൂട്ടിയതെന്നും ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്ന സാധനം കൂടുതല്‍ സുലഭമായി വിറ്റഴിക്കുന്നതിലുള്ള മാര്‍ഗങ്ങള്‍ ഉണ്ടാക്കുന്നത്‌ ശരിയല്ലെന്നും കര്‍ദിനാള്‍ ബസേലിയോസ്‌ ക്ലിമിസ്‌ ബാവ പറഞ്ഞു. മദ്യത്തിന്റെ ഉപയോഗം ഘട്ടം ഘട്ടമായി കുറക്കണമെന്നാണ്‌ സഭയുടെ അഭിപ്രായം. ഒറ്റയടിക്ക്‌ നിരോധനം കൊണ്ടുവന്നാല്‍ ഈ പ്രശ്‌നം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്നിരിക്കുന്ന പുതിയ സര്‍ക്കാര്‍ ഭരണതലത്തില്‍ ഒരു നവീകരണം കൊണ്ടുവന്നിരിക്കുന്നു. പുതിയ ഗവണ്മന്റ്‌ നയങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ നല്‍കേണ്ടതുണ്ട്‌ . പ്രകൃതിയും കര്‍ഷകനും സംരക്ഷിക്കപ്പെടണം. പ്രകൃതി സംരക്ഷണം മനുഷ്യ ജീവിതത്തെ കൂടുതല്‍ സുഗമമാക്കുന്നതിനു വേണ്ടിയായിരിക്കണം. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ചു മോദി സര്‍ക്കാര്‍ ഇതുവരെയും തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചു സിഎസ്‌ഐ സഭയുടെ മധ്യകേരള അധ്യക്ഷന്‍ നടത്തിയ പരാമാര്‍ശം അത്‌ അദ്ദേഹത്തിന്റേതുമാത്രാമാണ്‌. പശ്ചിമഘട്ടം സംബന്ധിച്ചുള്ള വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കര്‍ഷകരെ സംരക്ഷിക്കുക എന്നത്‌ പ്രധാനമന്ത്രിയുടെ കടമയാണെന്നും ഇക്കാര്യത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു ചര്‍ച്ചചെയ്യാന്‍ സഭ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പിഒസിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കെസിബിസിയുടെ യോഗത്തില്‍ 39ഓളം മെത്രാന്മാരാണ്‌ പങ്കെടുത്തത്‌. സഭയും സമൂഹവുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ മെത്രാന്‍ സമിതി യോഗം ചര്‍ച്ച ചെയ്‌തു. തീരദേശത്തും മലയോരത്തും ഉണ്ടായിട്ടുള്ള ആശങ്കളെക്കുറിച്ചും അതേപോലെ മദ്യനയത്തെക്കുറിച്ചും കെസിബിസി യോഗം ചര്‍ച്ചചെയ്‌തു.
കെസിബിസിയുടെ പ്രസിഡന്റും സീറോ മലബാര്‍ കര്‍ദ്ദിനാള്‍ ബസേലിയോസ്‌ ക്ലിമിസ്‌ കാതോലിക്ക ബാവ ,കെസിബിസി സെക്രട്ടറി ജനറലും കൊച്ചി രൂപതാ ബിഷപ്പുമായ ജോസഫ്‌ കരിയില്‍ , കെസിബിയുടെ നിയുക്ത ഡപ്യുട്ടി ജനറല്‍ ഒദ്യോഗിക വക്താവുമായ വര്‍ഗീസ്‌ വള്ളിക്കാടന്‍, സ്ഥാനൊഴിയുന്ന കെസിബിസി ഔദ്യോഗിക വക്താവ്‌ ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ