2014, ജൂൺ 9, തിങ്കളാഴ്‌ച






ലോകം ചുറ്റാന്‍ ലാല്‍ജോസ്‌
കൊച്ചി
പ്രശസ്‌ത സിനിമാ സംവിധായകന്‍ ലാല്‍ ജോസ്‌ ഇനി തന്റെ ക്യാമറ തിരിക്കുന്നത്‌ 27 രാജ്യങ്ങളിലേക്ക്‌ . ഈ മാസം 16നു രാവിലെ 9.30നു ഹോട്ടല്‍ ക്രൗണ്‍പ്ലാസയില്‍ നിന്നും ലാല്‍ ജോസിന്റെ ഫോര്‍ഡ്‌ എന്‍ഡീവര്‍ 2010 മോഡല്‍ എസ്‌യുവി രണ്ടുഭൂഖണ്ഡങ്ങളിലായി 27 രാജ്യങ്ങള്‍ ലക്ഷ്യമാക്കി 75 ദിവസം നീളുന്ന യാത്ര തിരിക്കും. ലാല്‍ ജോസിനോടൊപ്പം ട്രാന്‍സ്‌ ഏഷ്യന്‍ ഷിപ്പിങ്ങ്‌ സര്‍വീസസ്‌ ലിമിറ്റഡിന്റെ ഉപദേഷ്‌ടാവ്‌ സുരേഷ്‌ ജോസഫ്‌, സ്‌മാര്‍ട്ട്‌ ഡ്രൈവ്‌ വാരികയുടെ ചീഫ്‌ എഡിറ്റര്‍ ബൈജു എന്‍ നായര്‍ എന്നിവരും യാത്രതിരിക്കുന്നുണ്ട്‌. 
മൂന്നംഗ സംഘം കൊച്ചയില്‍ നിന്നും ബാംഗ്ലൂര്‍,ഹൈദരാബാദ്‌, നാഗ്‌പൂര്‍,ജബല്‍പൂര്‍,ഗോര്‌ഖ്‌പൂര്‍ വഴി നേപ്പാളിലേക്കു കടക്കും. അവിടെ നിന്നും ചൈനീസ്‌ അധിനിവേശ തിബത്തിലേക്കും എവറസ്റ്റ്‌ കൊടുമുടിയുടെ ബേസ്‌ ക്യാമ്പ്‌ ചുറ്റി ചൈനയുടെ മെയിന്‍ലാന്‍ഡിലൂടെ കിര്‍ഗിസ്ഥാന്‍,കസാക്കിസ്ഥാന്‍,റഷ്യ എന്നിവടങ്ങള്‍ പിന്നിട്ടു എസ്‌തോണിയ,ലാത്വിയ, ഫിന്‍ലാന്‍ഡ്‌,ലിത്വാനിയ,പോളണ്ട്‌,ചെക്ക്‌റിപ്പബ്ലിക്‌, ഓസ്‌ട്രിയ,സ്ലോവാക്യ,ഹംഗറി, സ്ലോവീനിയ,ഇറ്റലി ,സ്വിറ്റ്‌സര്‍ലാണ്ട്‌, ജര്‍മനി,ഡെന്മാര്‍ക്ക്‌,സ്വീഡന്‍,നോര്‍വെ,ഹോളണ്ട്‌,ബെല്‍ജിയം, ഫ്രാന്‍സ്‌, ഐസ്‌ലാന്‍ഡ്‌ വഴി ലണ്ടനില്‍ യാത്ര സമാപിക്കും. മൊത്തം 24,000 കിലോമീറ്ററാണ്‌ പിന്നിടുന്നത്‌.ഇതില്‍ ചൈനയിലായിരിക്കും ഏറ്റവും 5300 കിലോമീറ്ററും പിന്നിടേണ്ടി വരുക. ഏറ്റവും കുറവ്‌ സ്ലോവീനിയയില്‍ .കേവലം 80 കിലോമീറ്റര്‍. 
ചൈനീസ്‌ അധിനിവേശ തിബത്തിലും ഹിമാലയന്‍ മലകളിലൂടെയുള്ള കയറ്റവും ആയിരിക്കും പ്രധാന വെല്ലുവിളി. ലാസയിലേക്കുള്ള യാത്രയ്‌ക്കിടെ സമുദ്ര നിരപ്പില്‍ നിന്നും 5500 മീറ്റര്‍ ഉയരത്തിലേറെ സഞ്ചരിക്കേണ്ടിവരും. ചൈനയില്‍ 14 ദിവസം സഞ്ചരിക്കും. ചൈനക്കാരനായ ഒരു ഗൈഡുംഈ യാത്രയില്‍ ഒപ്പം ഉണ്ടാകും. ഇന്ത്യ വിടുന്നതോടെ ഗതാഗതം ലെഫ്‌റ്റ്‌ ഹാന്റ്‌ ഡ്രൈവിലേക്കു മാറുന്നതാണ്‌ മറ്റൊരു വെല്ലുവിളി. വാഹനത്തിനു ആവശ്യത്തിനുവേണ്ട സ്‌പെയര്‍ പാര്‍ട്‌സുകളും ആഹാരസാമിഗ്രികളും മരുന്നും ഒപ്പം കരുതുന്നുണ്ട്‌. യാത്ര പകര്‍ത്തുവാന്‍ വാഹനത്തിന്റെ മുകളില്‍ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്‌. ഇതിനു പുറമെ യാത്രയുടെ ത്രില്‍ ചോര്‍ന്നുപോകാതെ പകര്‍ത്തിയെടുക്കാന്‍ സഹായമായ മറ്റു നിരവധി ക്യാമറകളും കരുതിയിട്ടുണ്ട്‌. ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിനുവേണ്ടിയുള്ള തെളിവുകളും ഇതിലൂടെ സമാഹരിക്കാനാകുമെന്നമു കരുതുന്നു. 
ലാല്‍ ജോസിനൊപ്പം തിരിക്കുന്ന മൂന്നംഗ സംഘത്തിലെ സീനിയറായ സുരേഷ്‌ ജോസഫ്‌ 2012ല്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലൂടെയും 17 ഇന്ത്യന്‍ റെയില്‍വേ സോണല്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സുകളും 124 ദിവസം എടുത്തു 23,355 കിലോമീറ്ററോളം മാരുതി സ്വിഫ്‌റ്റില്‍ ഒറ്റയ്‌ക്കു സഞ്ചരിച്ചു ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്‌ ഇതുള്‍പ്പെടെ അദ്ദേഹത്തിന്റെ പേരില്‍ ഏഴോളം സാഹസികയാത്ര റെക്കോര്‍ഡുകളും രേഖപ്പെടുത്തിയിട്ടുണ്ട്‌.
കൊച്ചി മുതല്‍ ലണ്ടന്‍ വരെ നീളുന്ന ഈ 75 ദിവസയാത്രയ്‌ക്കായി മൂന്നംഗസംഘത്തിനു മൊത്തം 75ലക്ഷം രൂപയാണ്‌ ചെലവു പ്രതീക്ഷിക്കുന്നത്‌. യാത്രാനുഭവങ്ങളില്‍ 10 ദിവസം എടുത്ത ട്രാന്‍സ്‌ സൈബീരിയന്‍ റെയില്‍വെ യാത്രയാണ്‌ ലാല്‍ ജോസിന്റെ ഇതിനുമുന്‍പുള്ള ഏറ്റവും ദീര്‍ഘമേറിയ യാത്ര.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ