2014, ജൂൺ 17, ചൊവ്വാഴ്ച

സിബിഐ ആസ്ഥാനത്തേക്ക്‌ ആര്‍എംപി മാര്‍ച്ച്‌ 19ന്‌





കൊച്ചി
ടി.പി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന സംബന്ധിച്ച്‌ അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സിബിഐ ചെന്നൈ യൂണിറ്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചു അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ടും നാളെ സിബിഐ കൊച്ചി ആസ്ഥാനത്തേക്ക്‌ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും. മാര്‍ച്ച്‌ കലൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കും. കൊല്ലപ്പെട്ട ടി.പിയുടെ വിധവ കെ.കെ രമ,അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌,എന്‍.വേണു,ടി.എല്‍ സന്തോഷ്‌, ഇടതുപക്ഷ ഐക്യമുന്നണി ചെയര്‍മാന്‍ കെ.എസ്‌ ഹരിഹരന്‍, ഡോ.വി.വേണുഗോപാല്‍, ഡോ.ആസാദ്‌ എന്നിവര്‍ സംബന്ധിക്കും.
കേസ്‌ സിബിഐയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട്‌ ഇടപെടണമെന്നു ആര്‍എംബി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിക്കാന്‍ ഭരണ-പ്രതിപക്ഷ നേതൃത്വത്തിന്റെ കൂട്ടായശ്രമം നടക്കുന്നുണ്ട്‌. കേസിലെ പ്രതികളെ സിപിഎം പരസ്യമായി സഹായിക്കുന്നു. കേസിലെ പ്രതികളെ സിപിഎം നേതാക്കള്‍ തന്നെ ജയിലില്‍ പോയി കാണുന്നു. ലോകത്ത്‌ ഒരിടത്തും പ്രതികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഒരു പാര്‍ട്ടി രംഗത്തു വരുന്നത്‌ ആദ്യമായാണ്‌. ഇതുകണ്ടിട്ടും പ്രതികള്‍ക്കു സര്‍ക്കാരും പോലീസും ജയിലിലും പുറത്തും സഹായം ചെയ്യുന്നു. രമ കോടതിയില്‍ പോയാല്‍ സഹായിക്കാമെന്ന അഭ്യന്തരമന്ത്രിയുടെ സഹായവാഗ്‌ദാനം തന്നെ ഇതിനു പ്രത്യക്ഷ തെളിവാണെന്നും ആര്‍എംപി നേതാക്കള്‍ പറഞ്ഞു.
മൂന്നു വര്‍ഷത്തിലധികം പല ഘട്ടങ്ങളില നടന്ന ഗൂഡാലോചനക്കും ശ്രമങ്ങള്‍ക്കുമൊടുവിലാണ്‌ ചന്ദ്രശേഖരന്‍ അതിദാരുണമായി വധിക്കപ്പെട്ടത്‌. കണ്ണൂരില്‍ നിന്നുള്ള സിപിഎം ഗൂണ്ടാ സംഘങ്ങളും ക്വട്ടേഷന്‍ സംഘവും ചന്ദ്രശേഖരനെ വധിക്കുവാന്‍ ശ്രമിക്കുന്ന വിവരം ഇന്റലിജന്‍സ്‌ വിഭാഗം അന്നത്തെ സിപിഎം അഭ്യന്തര മന്ത്രി കൂടിയായ പോളിറ്റ്‌ ബ്യൂറോ അംഗത്തിനു നല്‍കിയിരുന്നു..പ്രതികളുമായുള്ള സിപിഎം നേതാക്കളുടെ ബന്ധം വെളിച്ചത്തുവരുകയും സിപിഎം നേതൃത്വത്തിന്റെ പങ്ക്‌ മറനീക്കിയതോടെ സംസ്ഥാന പോലീസിന്റെ അന്വേഷണം നിലച്ചു.ചന്ദ്രശേഖരന്റ വിധവ കെ.കെ രമ നടത്തിയ സമരത്തിലൂടെയാണ്‌ സിബിഐ അന്വേഷണം അംഗീകരിക്കപ്പെട്ടത്‌.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും സിബിഐ അന്വഷണം ഏറ്റെടുക്കാതിരിക്കുന്നത്‌ സംശയാസ്‌പദമാണ്‌.സിപിഎം നേതൃത്വവുമായി ബന്ധപ്പെട്ട സാമ്പത്തിക-അധോലക സ്വാധീനത്തിന്‌ സിബിഐ ചെന്നൈ യൂണിറ്റ്‌ വഴിപ്പെടുന്നുണ്ടോ എന്നു സിബിഐ ഡയറക്‌ടര്‍ പരിശോധിക്കണെന്നും ആര്‍എംപി നേതാക്കളായ ടി.എന്‍ സന്തോഷ്‌, പി.ജെ മോണ്‍സി, കെ.ജി സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ