ഒരു മാസം നീണ്‌ട ചൂടേറിയ
തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. ഇന്ന് ഒരു ദിവസത്തെ നിശബ്ദ
പ്രചാരണത്തിനുശേഷം കേരളം നാളെ വിധിയെഴുതും. മുന്നണികളുടെ ഘടനയില്‍ തന്നെ
മാറ്റംവരുത്തിയ രാഷ്‌ട്രീയ നീക്കങ്ങള്‍ക്കുവരെ സാക്ഷ്യം വഹിച്ച ലോക്‌സഭാ
തെരഞ്ഞെടുപ്പു പ്രചാരണത്തിനുശേഷം വോട്ടെടുപ്പിലേക്കു നീങ്ങുമ്പോള്‍ ഇരുമുന്നണികളും
തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
തങ്ങള്‍ പ്രതീക്ഷി ക്കുന്ന മോദി
തരംഗത്തിന്റെ ബല ത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നു ബിജെപിയും
ഉറപ്പിക്കുന്നു. ഇന്നലെ വൈകുന്നേരം ആറിനു പരസ്യ പ്രചാരണം അവസാനിച്ചു. സംസ്ഥാനത്തെ
എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലെയും പ്രമുഖ കേന്ദ്രങ്ങളില്‍ മുന്നണികളും ബിജെപിയും
ആവേശകരമായ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണത്തിന് അവസാനം കുറിച്ചു.
ഇതോടനുബന്ധിച്ചു ചില സ്ഥലങ്ങളില്‍ നേരിയ തോതില്‍ സംഘര്‍ഷവുമുണ്‌ടായി.
പെരിന്തല്‍മണ്ണ, കായംകുളം, വൈക്കം, അങ്കമാലി, കണ്ണൂര്‍, പാലക്കാട്, കരുനാഗപ്പള്ളി,
തിരുവനന്തപുരത്തു വിഴിഞ്ഞം, വെള്ളറട, ഉദിയന്‍കുളങ്ങര എന്നിവിടങ്ങളിലാണ്
കൊട്ടിക്കലാശം ചെറിയ സംഘര്‍ഷത്തിലേക്ക് വളര്‍ന്നത്.
ബിജെപിക്കുവേണ്‌ടി
ഇന്നലെ കാസര്‍ഗോട്ട് നരേന്ദ്ര മോഡിയും തിരുവനന്തപുരത്ത് എല്‍.കെ. അഡ്വാനിയും
പ്രചാരണത്തിനെത്തി. പ്രതിരോധമന്ത്രി എ.കെ. ആന്റണി ഇന്നലെ തിരുവനന്തപുരം
ജില്ലയിലായിരുന്നു പ്രചാരണം നടത്തിയത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും
തിരുവനന്തപുരം ജില്ലയിലായിരുന്നു അവസാനദിനം
പ്രചാരണത്തിനിറങ്ങിയത്.
സംസ്ഥാനത്തെ പകുതിയോളം മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ചു
പോരാട്ടമാണ് അവസാനദിനം വരെ അരങ്ങേറിയത്. ജാതി, സമുദായ അടിസ്ഥാനത്തിലുള്ള
അടിയൊഴുക്കുകള്‍ പല മണ്ഡലങ്ങളിലും നിര്‍ണായകമായി മാറുന്ന സ്ഥിതിയാണുള്ളത്.
തെക്കന്‍ കേരളത്തില്‍ ആര്‍എസ്‌പിയുടെ മുന്നണിമാറ്റം പ്രധാന രാഷ്‌ട്രീയ വിഷയമായി
ചര്‍ച്ച ചെയ്യപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഇതിന്റെ
പ്രതിഫലനമുണ്‌ടായേക്കാം. കൊല്ലത്ത് എം.എ. ബേബിയും എന്‍.കെ. പ്രേമചന്ദ്രനും
തമ്മിലുള്ള പോര് ഇരുകൂട്ടര്‍ക്കും നിര്‍ണായകമായി. തിരുവനന്തപുരത്ത് ജാതീയമായ
വോട്ട് ധ്രുവീകരണത്തിനു ള്ള സാധ്യതകളും തെളിഞ്ഞു. കസ്‌തൂരിരംഗന്‍ പ്രശ്‌നം
മലയോരമേഖലകളില്‍ പ്രധാന തെരഞ്ഞെടുപ്പു വിഷയമായപ്പോള്‍, ഇടുക്കിയില്‍ ഇതിന്റെ
പേരില്‍ ഇടതുമുന്നണി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതാവിനെ
സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്തിറക്കുകയും ചെയ്‌തു.
പത്തനംതിട്ടയിലാകട്ടെ
ആറ ന്മുള വിമാനത്താവളം ആദ്യന്തം തെരഞ്ഞെടുപ്പു വിഷയമായി നിറഞ്ഞു നിന്നു. മലബാറിലെ
മണ്ഡലങ്ങളില്‍ ഇടതുമുന്നണിയം സം ബന്ധിച്ച് അഭിമാനപ്പോരാട്ടമാണ്. വടകര, കണ്ണൂര്‍
മണ്ഡലങ്ങള്‍ ഇക്കുറി തിരിച്ചുപിടിക്കുക എന്നത് അവര്‍ക്കു നിലനില്‍പ്പിന്റെ
പ്രശ്‌നം കൂടിയാണ്. കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ മത്സരിക്കുന്ന കാസര്‍ഗോഡ്,
കോഴിക്കോട് മണ്ഡലങ്ങളും സിപിഎമ്മിനെ സംബന്ധിച്ച് പ്രസ്റ്റീജ് മണ്ഡ ലങ്ങള്‍
തന്നെ. ടി.പി വധം ഇവിടെയെല്ലാം സജീവചര്‍ച്ചയായിരുന്നു.
ആര്‍എസ്‌പിയുടെ
മുന്നണിമാറ്റം എല്‍ഡിഎഫിനു കനത്ത തിരിച്ചടിയായെങ്കില്‍ കെ.ആര്‍. ഗൗരിയമ്മയെയും
സിഎംപിയുടെ ഒരു വിഭാഗത്തെയും ഒപ്പംകൂട്ടി അവര്‍ യുഡിഎഫിനോടു കണക്കുതീര്‍ത്തു.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടും ടി.പി കേസും വിലക്കയറ്റവും സോളാര്‍ കേസുമെല്ലാം
മാറിമാറി കടന്നുവന്ന പ്രചാരണരംഗത്ത് ഒടുവില്‍ ദേശീയ രാഷ്‌ട്രീയമാണു കൂടുതലായി
ചര്‍ച്ച ചെയ്യപ്പെട്ടത്.
ബിജെപി ഉയര്‍ത്തുന്ന ഭീഷണി എടുത്തുകാട്ടി
അവര്‍ക്കു ബദലായ കോണ്‍ഗ്രസിനു വോട്ടു ചെയ്യണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍
ആവശ്യപ്പെട്ടത്. എന്നാല്‍, മൂന്നാം ബദല്‍ ഉയര്‍ത്തിക്കാട്ടി ഇടതുമുന്നണിയും വോട്ടു
ചോദിച്ചു. ഏതായാലും ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതികരണം തെരഞ്ഞെടുപ്പു ഫലത്തെ
നിര്‍ണായകമായി സ്വാധീനിക്കുമെന്നാണ് അവസാന ദിനങ്ങള്‍ നല്‍കുന്ന സൂചന. ഇവരുടെ
പിന്തുണ എത്രമാത്രം പിടിച്ചുപറ്റാന്‍ സാധിച്ചു എന്നത് ഇരുമുന്നണികളെ സംബന്ധിച്ചും
നിര്‍ണായകമായിരിക്കും.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ യുഡിഎഫ്
മേല്‍ക്കൈ നേടിയിരുന്നു. എന്നാല്‍, അവസാന ദിനങ്ങളില്‍ ഇടതുമുന്നണി കുറെയൊക്കെ
മുന്നേറ്റം നടത്തി. പല മണ്ഡലങ്ങളിലും അവസാനഘട്ടത്തില്‍ കടുത്ത പോരാട്ടം
വളര്‍ത്തിക്കൊണ്‌ടുവരാന്‍ അവര്‍ക്കു സാധിച്ചു. എങ്കിലും സീറ്റുകളുടെ എണ്ണത്തില്‍
വ്യക്തമായ മുന്‍തൂക്കം നേടാനാകുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് നേതാക്കള്‍
ഇപ്പോഴും പ്രകടിപ്പിക്കുന്നത്.
ഇടുക്കിയിലെ ഇടതുമുന്നണി സ്വതന്ത്രന്‍
ജോയ്‌സ് ജോര്‍ജിനെതിരേയുള്ള ഭൂമി തട്ടിപ്പ് ആരോപണം, പിണറായി വിജയന്റെ പരനാറി
പ്രയോഗം, കിര്‍മാണി മനോജ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എന്‍. ഷംസീറിനെ
ഫോണില്‍ വിളിച്ചെന്ന കെ.കെ. രമയുടെ ആരോപണം, സലിംരാജിനെതിരെയുള്ള കോടതി
പരാമര്‍ശങ്ങള്‍ എന്നിവയും പ്രചാരണരംഗത്തു സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു.
മുന്നണിയെയും പാര്‍ട്ടിയെയും ഒറ്റക്കെട്ടായി നിര്‍ത്താന്‍ കഴിഞ്ഞതു
യുഡിഎഫിനു തുടക്കത്തില്‍ തന്നെ നേട്ടമായി. വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി
ലൈനിലേക്കു മാറിയതോടെ കാര്യമായ സംഘടനാ പ്രശ്‌നങ്ങളില്ലാതെ ഇടതുമുന്നണിക്കു
തെരഞ്ഞെടുപ്പു രംഗത്തു നിലകൊള്ളാന്‍ സാധിച്ചു. മൊത്തം 269 സ്ഥാനാര്‍ഥികളാണു
മത്സരരംഗത്തുള്ളത്. 2.42 കോടി വോട്ടര്‍മാര്‍ ഇവരുടെ വിധിയെഴുതും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ