2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിനു കൊച്ചിയില്‍ കടമ്പകള്‍ ഏറെ








കൊച്ചി
സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ കൊച്ചി ടീമിനു ഔദ്യോഗികമായി സ്വന്തം ഗ്രൗണ്ട്‌ എന്നുപറയാന്‍ ഒന്നുമില്ല. ഈ നിലയില്‍ വരുന്ന സെപ്‌തംബര്‍ മുതല്‍ നവംബര്‍ വരെ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗ്‌ ഫുട്‌ബോളിനു വേദിയൊരുക്കുന്നതിനു കൊച്ചി നന്നേ പാടുപെടും. ആകെയുള്ള കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മാത്രമെ ഇപ്പോള്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനു എടുത്തു കാണിക്കാനുള്ളു. പിന്നെ പറയാനുള്ളത്‌ എറണാകുളം ട്രാന്‍സ്‌പോര്‍ട്ട്‌ സ്റ്റാന്‍ഡിനടുത്ത അംബേദകര്‍ സ്റ്റേഡിയം മാത്രം. അംബേദകര്‍ സ്റ്റേഡിയം ആകട്ടെ തീര്‍ത്തും പരിതാപകരമായ നിലയിലാണ്‌. അടുത്തെങ്ങും ഒരു പ്രധാന മത്സരത്തിനു വേദിയൊരുക്കാന്‍ അംബേദ്‌കര്‍ സ്റ്റേഡിയത്തിനു കഴിഞ്ഞിട്ടില്ല. തൊണ്ണൂറുകളില്‍ നടന്ന ചോയിസ്‌ കപ്പ്‌ ക്രിക്കറ്റ്‌ , സെന്‍ട്രല്‍ എക്‌സൈസ്‌ ആതിഥേയത്വം ഒരുക്കിയ ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ എന്നിവ ഒഴിച്ചാല്‍ അംബേദകര്‍ സ്റ്റേഡിയത്തില്‍ പ്രധാന മത്സരങ്ങളൊന്നും 2000നുശേഷം എത്തിനോക്കിയിട്ടില്ല.
കാരണമായത്‌ മറ്റൊന്നുമല്ല സ്റ്റേഡിയം താരനിശകള്‍ക്കും എംആര്‍എഫിന്റെ മോട്ടോ ക്രോസിനും വേദിയാക്കിയതോടെയാണ്‌. ഈ പരുക്കില്‍ നിന്നും ഇതുവരെ ഈ സ്റ്റേഡിയത്തിനു മോചനം ലഭിച്ചിട്ടില്ല. മോട്ടോക്രോസ്‌ നടത്തിയതോടെ കുന്നും കുളവും സൃഷ്‌ടിക്കാനായി സ്റ്റേഡിയം ഉഴുതുമറിച്ചു. എംആര്‍എഫില്‍ നിന്നും ഇതിനു നഷ്‌ടപരിഹാരം സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്‌ക്കു വാങ്ങുന്നതിനും കഴിഞ്ഞില്ല.
ഇന്നത്തെ നിലയില്‍ മത്സരം രാജ്യാന്തര നിലവാരത്തിലാക്കുന്നതിനായി ഗ്രൗണ്ട്‌ മൊത്തം മാറ്റേണ്ടിവരും. ടര്‍ഫ്‌ വിരിക്കുന്നതിനു മുന്‍പായി ഗ്രൗണ്ടില്‍ ലക്ഷക്കണക്കിനു രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്‌ നടത്തേണ്ടി വരുക. ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാലിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ്‌ ഈ സ്റ്റേഡിയവും അതോടൊപ്പം ഒരു ഷോപ്പിംഗ്‌ സമുച്ചയവും ഇവിടെ നിര്‍മ്മിക്കുക എന്നത്‌. എന്നാല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കത്തിന്റെ ഫലമായി ജിസിഡിഎ തയ്യാറാക്കിയ ഈ പദ്ധതിക്കു കൊച്ചി നഗരസഭ തന്നെ പാരവെച്ചു. ഇതോടെ ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ നിലവില്‍ വെട്ടിച്ചുരുക്കി. സ്റ്റേഡിയത്തിന്റെ പകിട്ടും കുറക്കാനും ജിസിഡിഎ തീരുമാനിച്ചിരിക്കുകയാണ്‌. ആദ്യഘട്ടമായി സ്റ്റേഡിയത്തനു പുറത്തെ കടകള്‍ ഒഴിപ്പിക്കാനുള്ള നടപടികളിലാണ്‌.
രാജ്യാന്തര നിലവാരമുള്ള താരങ്ങള്‍ കളിക്കുന്നതിനായി രാജ്യാന്തര നിലവാരമുള്ള ടര്‍ഫ്‌ വിരിക്കേണ്ടിവരും.
അടുത്തിടെ കൊച്ചിയില്‍ എത്തിയ ഫിഫ സംഘം കലൂരിലെ കായിക കേരളത്തിന്റെ അഭിമാനം എന്നവകാശപ്പെടുന്ന കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം പോലും ഫുട്‌ബോള്‍ മത്സരത്തിനു വേണ്ട നിലവാരം ഇല്ലാത്തതാണെന്നു വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ സച്ചിന്‍ തെണ്ടൂല്‍ക്കറിന്റ കൊച്ചി ടീമിനു ആതിഥേയത്വം വഹിക്കുന്നതിനു മുന്‍പ്‌ കലൂര്‍ സ്റ്റേഡിയം മുതല്‍ നന്നാക്കേണ്ടിവരും.
കലൂരിലെ സ്റ്റേഡിയം ഫുട്‌ബോളിനും ക്രിക്കറ്റിനും ഒട്ടും യോജിക്കാത്ത നിലയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. കാരണം സ്റ്റേഡിയം സംബന്ധിച്ചു ആദ്യകാലഘട്ടത്തിലെ വിഭാവനയില്‍ വന്ന പിശകാണ്‌. ്‌ മള്‍ട്ടി പര്‍പ്പസ്‌ സ്റ്റേഡിയം എന്ന വിഭാവനയോടെയായിരുന്നു തുടക്കം. ക്രിക്കറ്റിനും ഫുട്‌ബോളിനും പുറമെ അത്‌ലറ്റിക്‌സിനുവേണ്ട സിന്തറ്റിക്‌ ട്രാക്ക്‌ കൂടി ആദ്യഘട്ടത്തില്‍ സ്റ്റേഡിയത്തില്‍ ഇടുവാന്‍ പദ്ധതിയുണ്ടായിരുന്നു.
എന്നാല്‍ ഈ പദ്ധതി പാതി വഴിയില്‍ ഉപേക്ഷിച്ചു. കോടികള്‍ മുടക്കി സ്റ്റേഡിയം നിര്‍മ്മിച്ചു കുളം തോണ്ടിയ ജിസിഡിഎ യെ ഒടുവില്‍ രക്ഷിച്ചത്‌ ഏകദിന ക്രിക്കറ്റ്‌ മത്സരങ്ങളായിരുന്നു. സ്റ്റേഡിയത്തിന്റെ ചുമതല ഇതോടെ കെസിഎയ്‌ക്കു കൈമാറേണ്ടിയും വന്നു. എന്നാല്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനും വിട്ടില്ല. കെസിഎയോടൊപ്പം കെഎഫ്‌എയും ഇവിടെ ഓഫീസ്‌ സ്ഥാപിച്ചിരിക്കുകയാണ്‌. സ്റ്റേഡിയത്തിനു വേണ്ടി രണ്ടുകൂട്ടരും പിടിമുറുക്കിയതോടെ വീണ്ടും താളം തെറ്റിയ നിലയിലാണ്‌ കലൂര്‍ സ്റ്റേഡിയം.
ഇപ്പോള്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിനു വിരുന്നൊരുക്കണമെങ്കില്‍ സ്റ്റേഡിയത്തിന്റെ കെട്ടും മട്ടും മാറ്റേണ്ടിവരും. നിലവില്‍ ക്രിക്കറ്റിനു യോജിച്ച പുല്‍ത്തകിടിയാണ്‌ വിരിച്ചിരിക്കുന്നത്‌. ഫുട്‌ബോളിനു ഈ പുല്‍ത്തകിടി ഒട്ടും യോജിച്ചതല്ല. കട്ടികൂടിയ പുല്‍ത്തകിടിയാണ്‌ ഫുട്‌ബോളിനു വേണ്ടത്‌. നിലവില്‍ കെഎഫ്‌എയ്‌ക്കു പുതിയ പുല്‍ത്തകിടി വിരിക്കാനുള്ള സാമ്പത്തിക ചുറ്റുപാട്‌ ഇല്ല. അതേപോലെ ഫുട്‌ബോള്‍ മൈതാനവും ഗാലറിയും തമ്മിലുള്ള ദൂരവും പ്രശ്‌നമാണ്‌. ടെലിവിഷന്‍ സംപ്രേഷണത്തെയും ഇതു ബാധിക്കും.
പരിശീലനത്തിനുവേണ്ട ഗ്രൗണ്ടുകളുടെ അപര്യാപ്‌തതയാണ്‌ മറ്റൊന്ന്‌. ഫാക്‌ടിന്റെ ഫുട്‌ബോള്‍ സ്റ്റേഡിയം ഇപ്പോള്‍ ഉപയോഗയോഗ്യമല്ലാതായിരിക്കുന്നു. ചുരുങ്ങിയത്‌ മൂന്നു ഗ്രൗണ്ടുകളെങ്കിലും പരിശീലനത്തിനായി വേണ്ടിവരും. നിലവില്‍ ഇതും കൊച്ചിയ്‌ക്കു മറികടക്കാനാകാത്ത കടമ്പകളായി നില്‍ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ