2014, മാർച്ച് 10, തിങ്കളാഴ്‌ച

ജില്ലാ കലക്‌ടര്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത വില്ലേജ്‌ ജീവനക്കാരന്‍ തൂങ്ങിമരിച്ചു



കൊച്ചി
ഡ്യൂട്ടി സമയത്ത്‌ സിനിമ കണ്ടതിനു ജില്ലാ കലക്‌ടര്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത കുമ്പളങ്ങി വില്ലേജ്‌ ഓഫീസിലെ വില്ലേജ്‌മാന്‍ തൂങ്ങിമരിച്ചു.
കുമ്പളങ്ങി വാട്ടര്‍ടാങ്കിനു പടിഞ്ഞാറുവശം ഗോപാലന്റെ മകന്‍ കെ.കെ കൃഷ്‌ണ്‌ന്‍ (53)ആണ്‌ തുങ്ങിമരിച്ചത്‌.
ഞായറാഴ്‌ചയാണ്‌ വില്ലേജ്‌ ഓഫീസര്‍ അടക്കം മൂന്നുപേരെ ഡ്യുട്ടി സമയത്ത്‌ സിനിമ കണ്ടതിനു ജില്ലാ കലക്‌ടര്‍ രാജമാണിക്യം സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
സസ്‌പെന്‍ഡ്‌ ചെയ്‌ത വാര്‍ത്ത അറിഞ്ഞ മുതല്‍ കൃഷ്‌ണന്‍ മനോവിഷമത്തിലായിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറഞ്ഞു. ഞായറാഴ്‌ച സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ജോലിചെയ്യുമ്പോഴായിരുന്നു സംഭവം. തിരഞ്ഞെടുപ്പു സംബന്ധമായ വിവരങ്ങള്‍ തയ്യാറാക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്നു മരിച്ച കൃഷ്‌ണന്‍ തിരഞ്ഞെടുപ്പ്‌ ഡ്യുട്ടിയ്‌ക്കായി കുമ്പളങ്ങി വില്ലേജ്‌ ഓഫീസര്‍ ഗോപാലകൃഷ്‌ണ കമ്മത്ത്‌ അടക്കം മൂന്നു പേരെയായിരുന്നു ഞായറാഴ്‌ച ഡ്യുട്ടിയ്‌ക്ക്‌ നിയോഗിച്ചിരുന്നത്‌.
വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട്‌ ഓഫീസില്‍ എത്തിയ ജീവനക്കാര്‍ ലാപ്‌ ടോപ്പില്‍ സിനിമ കണ്ടിരിക്കുമ്പോള്‍ ഫോര്‍ട്ട്‌ കൊച്ചി സബ്‌ കളക്‌ടര്‍ സ്വാഗത്‌ ഭണ്ഡാരി രണ്‍വീന്ദര്‍ ചന്ദിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. ു മൂന്നുപേരും ചേര്‍ന്നു ലാപ്‌ ടോപില്‍ പെന്‍ഡ്രൈവ്‌ കുത്തിക്കൊണ്ട്‌ സിനിമ കാണുകയായിരുന്നു.സംഭവം തൊണ്ടിയോടെ പിടിച്ച ഫോര്‍ട്ട്‌ കൊച്ചി സബ്‌ കലക്‌ടറിന്റെ ചുമതല വഹിക്കുന്ന ആര്‍ഡിഒ സ്വാഗത്‌ ഭണ്ഡാരി ഇക്കാര്യം സബ്‌ കലക്‌ടര്‍ക്ക്‌ ഉടനടി റിപ്പോര്‍ട്ട്‌ ചെയ്‌തു. തുടര്‍ന്നു ഞായറാഴ്‌ച വൈകിട്ടോടുകൂടി വില്ലേജ്‌ ഓഫീസര്‍ അടക്കം മൂന്നുപേരെ ജില്ലാ കലക്‌ടര്‍ സസ്‌പെന്‌ഡ്‌ ചെയ്‌തു.
തുടര്‍ന്നു വീട്ടിലെത്തിയ കൃഷ്‌ണന്‍ മനോനില തെറ്റിയനിലയിലായിരുന്നു. രാത്രി പത്തരയ്‌ക്കും പുലര്‍ച്ചെ രണ്ടരയ്‌ക്കും ഇടയ്‌ക്കായിരുന്നു തൂങ്ങിമരിച്ചതെന്നു കരുതുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. മരിച്ച കൃഷ്‌ണന്‌ ഭാര്യയും രണ്ട്‌ പെണ്‍കുട്ടികളുമുണ്ട്‌.
പള്ളുരുത്തി സിഐയുടെ നേതൃത്വത്തില്‍ പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ