2013, ഡിസംബർ 21, ശനിയാഴ്‌ച

ക്രിസ്‌മസ്‌ ചന്തയിലെ പ്രതിസന്ധി തീരുന്നു



കൊച്ചി
സിവില്‍ സപ്ലൈസിന്റെയും കണ്‍സ്യമുര്‍ഫെഡിന്റെയും ക്രിസ്‌മസ്‌ ചന്തയിലെ പ്രതിസന്ധിതീരുന്നു. കുടിശ്ശിക ഇനത്തില്‍ വിതരണക്കാര്‍ക്ക്‌ നല്‍കാനുണ്ടായിരുന്ന 354 കോടി രൂപയില്‍ 50 കോടി രൂപ 31നകം നല്‍കാമെന്നു സമ്മതിച്ചതോടെയാണ്‌ പ്രതിസന്ധി തീരുന്നത്‌. ബാക്കി തുക സാധനം വിറ്റുകിട്ടുന്ന തുകയില്‍ നിന്നും ഘട്ടം ഘട്ടമായി നല്‍കും.
ഈ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ്‌ തിങ്കളാഴ്‌ച മുതല്‍ സാധനങ്ങള്‍ നല്‍കാന്‍ വിതരണക്കാര്‍ സമ്മതിച്ചത്‌. സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന തുകകൊണ്ട്‌ കടം വീട്ടാന്‍ കഴിയില്ലെങ്കിലും ജനങ്ങളോടുള്ള പ്രതിബദ്ധത കണക്കിലെടുത്തുകൊണ്ട്‌ സമരം പിന്‍വലിക്കുന്നതായി വിതരണക്കാര്‍ പറഞ്ഞു.
സര്‍ക്കാര്‍ നല്‍കിയ 25 കോടി രൂപ ഉപയോഗിച്ചാണ്‌ തല്‍ക്കാലം സാധനങ്ങള്‍ വാങ്ങുക. ടെന്‍ഡര്‍ വിളിക്കാന്‍ സമയം ഇല്ലാത്തതിനാല്‍ സപ്ലൈകോ വാങ്ങുന്ന അതേ വിലയ്‌ക്കായിരിക്കും കണ്‍സ്യമര്‍ ഫെഡും സാധനങ്ങള്‍ വാങ്ങുക. എന്നാല്‍ ഒരു ദിവസംകൊണ്ട്‌ സാധനങ്ങളെല്ലാം കടകളിലെത്താനുള്ള സാധ്യത വിരളമാണ്‌.
പണമില്ലാത്തതിനാല്‍ ത്രിവേണി സ്റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങള്‍ നല്‍കേണ്ടെന്നാണ്‌ തീരുമാനം. പകരം കണ്‍സ്യമര്‍ ഫെഡിനു നേരിട്ടു നിയന്ത്രണമുള്ള 1500 നന്മ,നീതി സ്റ്റോറുകളിലും സഹകരണ സംഘങ്ങളുടെ കീഴിലുള്ള 869 സ്ഥിരം നന്മ സ്റ്റോറുകളിലും മാത്രമെ സബ്‌സിഡി സാധനങ്ങള്‍ ഉണ്ടാകുകയുള്ളു.
നേരത്തെ സ്റ്റോക്ക്‌ ചെയ്‌തിരുന്ന സാധനങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ വില്‍പ്പനയുള്ളത്‌. ഇതോടെയാണ്‌ പൊതുവിപണിയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. കണ്‍സ്യുമര്‍ ഫെഡ്‌ ബാഹ്യ ഇടപെടലുകളും കേസും കാരണം രണ്ടു മാസത്തിലേറെയായി കുഴപ്പത്തിലാണ്‌. ത്രിവേണി, നന്മ എന്നിവടങ്ങളില്‍ സാധനങ്ങള്‍ ഇല്ലാതായിട്ട്‌ ദിവസങ്ങളായി. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുവെന്നു മാത്രം.
കിട്ടാനുള്ള 350 കോടി രൂപ കിട്ടാതെ സപ്ലൈക്കോയ്‌ക്കും ഭക്ഷ്യസാധനങ്ങള്‍ നല്‍കേണ്ടെന്ന്‌ വിതരണക്കാര്‍ തീരുമാനിച്ചിരുന്നു സപ്ലൈക്കോ നടത്തിയ രണ്ട്‌ ടെന്‍ഡറുകളും വിതരണക്കാര്‍ ബഹിഷ്‌കരിച്ചിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ