2025, മാർച്ച് 23, ഞായറാഴ്‌ച

വനിതാ ഡോക്ടറെ ആക്ഷേപിക്കുന്ന നടപടി അവസാനിപ്പിക്കണം: കെ.ജി.എം.ഒ.എ




കൊച്ചി കരുമാലൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ വനിതാ ഡോക്ടറെ അസഭ്യവാക്കുകള്‍ കൊണ്ട് ആക്ഷേപിക്കുകയും  രാഷ്ട്രീയ ലക്ഷ്യത്തോടെ പഞ്ചായത്തംഗം വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ജില്ലാ പ്രസിഡന്റ് ഡോ. ടി. സുധാകര്‍, സെക്രട്ടറി ഡോ. കാര്‍ത്തിക് ബാലചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. ജനുവരിയില്‍ കാലാവധി കഴിഞ്ഞ സോഡിയം വാല്‍പ്രൊയേറ്റ് എന്ന ഗുളികകള്‍ ഫാര്‍മസിയില്‍ നിന്നും അബദ്ധത്തില്‍ നല്‍കിയതാണ് ഈ വിവരം പരാതിയുമായി എത്തിയ പഞ്ചായത്ത് മെമ്പര്‍മാരെ ധരിപ്പിച്ചെങ്കിലും മരുന്നുകള്‍ തങ്ങള്‍ക്ക് ഫാര്‍മസിയില്‍ കയറി നേരിട്ടു പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയായിരുന്നു. കാലാവധി കഴിഞ്ഞ മരുന്നിന് ഗുണനിലവാരം കുറയുമെന്നല്ലാതെ രോഗിക്ക് ജീവനാപത്ത് സംഭവിക്കില്ലെന്ന് പറഞ്ഞ് ഇവരുടെ ആശങ്ക അകറ്റാന്‍ ശ്രമിച്ചുവെങ്കിലും ഇതൊന്നും കേള്‍ക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ  വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംഭവം കൂടുതല്‍ വഷളാക്കാനാണ് പഞ്ചായത്ത് മെമ്പര്‍ ശ്രമിച്ചതെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു. മുമ്പ് പല തവണയും  പഞ്ചായത്തംഗങ്ങള്‍ ഡോക്ടറെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടുള്ളതും ഇതിന്റെ പേരില്‍ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭിക്കാനുള്ള രോഗിയുടെ അവകാശം സംരക്ഷിക്കപെടേണ്ടതാണ്. അതില്‍ വന്ന വീഴ്ച തിരുത്താനുള്ള നടപടികളെ അംഗീകരിക്കുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ വനിതാ ഡോക്ടറെ അവഹേളിക്കുന്ന പഞ്ചായത്തംഗങ്ങളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ വ്യക്തമാക്കി


2025, മാർച്ച് 19, ബുധനാഴ്‌ച

ലോകത്തിലെ ആദ്യ ജൈവ മദ്യമായ ബയോ ലിക്കര്‍സ് പുറത്തിറക്കി





ഹെദരാബാദ്   ബയോ വിസ്കി, ബയോ റം, ബയോ ബ്രാണ്ടി   എന്നിവ ഉള്‍ക്കൊള്ളുന്ന ജൈവ മദ്യ ഉല്‍പ്പന്നങ്ങളുടെ പ്രീമിയം ശ്രേണി ബയോ ഇന്ത്യ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അവതരിപ്പിച്ചു. 

വിവിധതരം അപൂര്‍വ സസ്യശാസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് ബയോ ലിക്കറുകള്‍ നിര്‍മ്മിക്കുന്നത്.  ഇന്ത്യ, യുഎസ്എ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന ബയോ വിസ്കി, ടുഡേയ്സ് സ്പെഷ്യല്‍ ഗോള്‍ഡ് ബയോ വിസ്കി, ഡെയ്ലി സ്പെഷ്യല്‍ ബ്രാണ്ടിി, വൈല്‍ഡ് ഫോക്സ് വിസ്കി, എന്‍-സൈന്‍ ബയോ ബ്രാണ്ടി എന്നിവ  തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ വിതരണം ആരംഭിച്ചു.

'ബയോ ആല്‍ക്കലോയിഡുകള്‍, സിന്തറ്റിക് സുഗന്ധങ്ങളും നിറങ്ങളും ഇല്ലാത്ത പ്രകൃതിദത്ത സുഗന്ധങ്ങള്‍, എന്നാല്‍ പരമ്പരാഗത മദ്യ ബ്രാന്‍ഡുകളുമായി താരതമ്യപ്പെടുത്താവുന്ന ലഹരി ഇഫക്റ്റുകള്‍ നല്‍കുന്നു. മദ്യം, ബൊട്ടാണിക്കല്‍സ്, അവയുടെ അന്തര്‍ലീനമായ ഗുണങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നു.' ബയോ ലിക്വര്‍സിന്‍്റെ അമരക്കാരനായ ഡോ. ശ്രീനിവാസ് അമര്‍നാഥ് പറഞ്ഞു.

ഗവേഷണം, വികസനം, വിപണനം എന്നിവയില്‍ ഗണ്യമായ നിക്ഷേപം നടത്തുന്ന ബയോ ലിക്കേഴ്സ്, ആഗോളതലത്തില്‍ ഗവേഷണത്തിനും വികസനത്തിനും മിശ്രിത രൂപീകരണത്തിനും സാമ്പിള്‍ പരിശോധനയ്ക്കുമായി ഏകദേശം 7 ദശലക്ഷം ഡോളര്‍ ചെലവിടുന്നു. കൂടാതെ അടുത്തിടെ യുഎസില്‍ നടന്ന സ്പിരിറ്റ്-ടേസ്റ്റിംഗ് മത്സരത്തില്‍ ബയോ ഇന്ത്യ പ്രശംസ നേടി

2025, മാർച്ച് 15, ശനിയാഴ്‌ച

ധ്യാനാത്മക ജീവിതമാണ് രമണ മഹർഷിയുടേത് : എം.കെ. സാനു.


.


കൊച്ചി :  ഈശ്വരനുമായി ബന്ധപ്പെട്ട ധ്യാനാത്മക ജീവിതമാണ് രാമണമഹര്ഷിയുടെതെന്നും രമണചരിതമാലയിലൂടെ നമുക്ക് മനസിലാക്കാനും  അനുഭവിക്കാനും കഴിയുമെന്ന് പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ എൻ.ടി. ബിജു രചിച്ച രമണമഹർഷിയുടെ ജീവചരിത്രത്തെക്കുറിച്ചു സമഗ്ര വീക്ഷണം നൽകുന്ന -രമണചരിതമാല-  പ്രകാശനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു. മധുവൻ സെന്റർ ഫോർ ഹ്യൂമൻ  എക്സിലൻസ് ഡയറക്ടർ കൃഷ്ണൻ കർത്താ അധ്യക്ഷത വഹിച്ചു,ജയരാജ്   ഭാരതി, അഡ്വ. രതീഷ് കുമാർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. എന്നിവർ പ്രസംഗിച്ചു.

ശ്രീനാരായണ ധർമ്മമമീമാംസ പരിഷത്ത്




       ആലുവ : ഗുരുധർമ്മ പ്രചരണസഭ എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മമമീമാംസ പരിഷത്ത് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ഇന്ന് (16-03-2025) നടക്കും.
 ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡി ബാബുരാജൻ അധ്യക്ഷത വഹിക്കും. അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ധർമ്മചൈതന്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. ശിവഗിരി മഠം ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ, സുലേഖ ടീച്ചർ എന്നിവർ പഠന ക്ലാസ് നയിക്കും. എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ വി ജയരാജ്  ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഓട്ടൻതുള്ളൽ അവതരണവും പഠന ക്ലാസും നയിക്കും. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര രജിസ്ട്രാർ ശ്രീ. കെ. ടി. സുകുമാരൻ സംഘടന സന്ദേശം നൽകും. മണ്ഡലം - യൂണിറ്റ് തല പ്രവർത്തകരും യുവജനസഭ, മാതൃസഭ പ്രവർത്തകരും പങ്കെടുക്കും


2025, മാർച്ച് 12, ബുധനാഴ്‌ച

കെഎഫ്സി പുതിയ വാല്യൂ ഓഫര്‍ അവതരിപ്പിക്കുന്നു





കൊച്ചി :കെ.എഫ്.സി. തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ ആസ്വദിക്കാന്‍ കേരളത്തിലെങ്ങുമുള്ള സ്റ്റോറുകളില്‍

ഓഫറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു

 6 ബോണ്‍ലെസ് ചിക്കന്‍ സ്ട്രിപ്പുകള്‍, 4 ക്ര ഞ്ചി ആന്‍ഡ് സ്പൈസി ഹോട്ട് വിംഗ്സ്, 2 ഹോട്ട് & ക്രിസ്പി ചിക്കന്‍ ജ്യൂസി പീസുകള്‍, 2 സ്വാദിഷ്ടമായ ഡിപ്പുകള്‍ എന്നിവയെല്ലാം അവിശ്വസനീയമായ വിലയില്‍  ലഭ്യമാണ്.കേരളത്തിലെ 80+ കെ.എഫ്.സി. റെസ്റ്റോറന്‍്റുകളിലും കെ.എഫ്.സി. ആപ്പ്, വെബ് സൈറ്റ് എന്നിവ വഴി ഓണ്‍ലൈനിലും ഓഫര്‍ ലഭ്യമാണ്

പ്രതിദിനം 500 ലധികം വിമാന സര്‍വീസുകള്‍




 

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം നൂറു കടന്നു. 100-ാമത് വിമാനത്തിന്‍റെ ഫ്ളാഗ് ഓഫ് ബാംഗ്ലൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് നിര്‍വഹിച്ചു. ഈ മാസം ആദ്യം എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി വിമാന സര്‍വീസ് ആരംഭിച്ച ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കാണ് ഫ്ളാഗ് ഓഫിന് ശേഷം 100-ാമത് വിമാനം സര്‍വീസ് നടത്തിയത്. രാജ്യ തലസ്ഥാനത്ത് ഡല്‍ഹി, ഹിന്‍ഡന്‍ എന്നീ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്ന ഏക വിമാന കമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസാണ്. ആഴ്ചയില്‍ 445ലധികം വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രധാന കേന്ദ്രമാണ് ബാംഗ്ലൂര്‍. 100-ാമത് വിമാനത്തില്‍ കര്‍ണാടകയുടെ പരമ്പരാഗത ചുവര്‍ചിത്ര കലയായ ചിത്താര ടെയില്‍ ആര്‍ട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 

100-ാമത്തെ വിമാനത്തിന്‍റെ വരവ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വളര്‍ച്ചയുടേയും മാറ്റത്തിന്‍റേറെയും സുപ്രധാന നാഴികകല്ലാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു. സ്വകാര്യവത്ക്കരണം പൂര്‍ത്തിയായി മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റൊരു ലോ കോസ്റ്റ് എയര്‍ലൈനുമായുള്ള ലയനം, ആഭ്യന്തര, ഗള്‍ഫ്, തെക്ക് കിഴക്കന്‍ മേഖലകളിലെ കൂടുതല്‍ വിമാന സര്‍വീസുകള്‍, കൂടുതല്‍ ഇന്ധന ക്ഷമതയുള്ളതും ആധുനികവുമായ വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ളവ നടപ്പാക്കാനായി. രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ചെറുനഗരങ്ങളിലും പട്ടണങ്ങളിലുമുള്ള തങ്ങളുടെ ശക്തമായ സാന്നിധ്യം ഇന്ത്യന്‍ വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

2022 ജനുവരിയില്‍ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത് മുതല്‍ അതിവേഗ വളര്‍ച്ചയും നവീകരണവുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസിലുണ്ായത്. 26 ബോയിംഗ് 737എന്‍ജി, 28 എ320 വിമാനങ്ങളില്‍ നിന്നും ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ എണ്ണം 100 ആയി ഉയര്‍ന്നു. അതിവേഗ വിപുലീകരണത്തിന്‍റെ ഭാഗമായി ബാങ്കോക്ക്, ദിബ്രുഗഢ്, ദിമാപൂര്‍, ഹിന്‍ഡണ്‍, ജമ്മു, പാട്ന, ഫുക്കറ്റ്, പോര്‍ട്ട് ബ്ലെയര്‍ (ശ്രീ വിജയപുരം) എന്നിവിടങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

ആധുനിക വിമാനങ്ങള്‍ക്കും കൂടുതല്‍ സര്‍വീസുകള്‍ക്കും ഉപരിയായി ഗോര്‍മേര്‍ ഭക്ഷണം, എക്സ്പ്രസ് ബിസ് സീറ്റുകള്‍, താമസം-യാത്രാ പാക്കേജുകള്‍ക്കായി എക്സ്പ്രസ് ഹോളിഡേയ്സ് തുടങ്ങി 'ഫ്ളൈ അസ് യു ആര്‍' എന്ന ആശയത്തിലൂന്നിയുള്ള സേവനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ലഭ്യമാക്കുന്നത്. ക്യാബിന്‍ ലഗേജ് മാത്രമുള്ള യാത്രക്കാര്‍ക്ക് എക്സ്പ്രസ് ലൈറ്റ് ഉള്‍പ്പടെ നാല് വ്യത്യസ്ത നിരക്കുകളും എയര്‍ ഇന്ത്യ എക്സ്പ്രസിലുണ്ട്.

2025, മാർച്ച് 10, തിങ്കളാഴ്‌ച

ലഹരിക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും‌: ജില്ലാ കളക്ടർ




കൊച്ചി: വിദ്യാർഥികൾക്കിട‍യിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് സ്കൂൾ തലത്തിലും മറ്റും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്.  

      മയക്കുമരുന്നിന്റെയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗം തടയുന്നതിനും നിരുൽസാഹപ്പെടുത്തുന്നതിനുമായി സമഗ്രമായ പദ്ധതികളാണ് ജില്ലയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. മികച്ച കളക്ടർക്കുള്ള സംസ്ഥാനതല പുരസ്കാരം നേടിയ ശേഷം എറണാകുളം പ്രസ്ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

     ജില്ലയിൽ  മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും വിതരണം തടയുന്നതിന് മികച്ച പ്രവർത്തനമാണ് പൊലീസ്,എക്സൈസ്,നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കോസ്റ്റ്ഗാർഡ് തുടങ്ങിയവയുടെ  സഹകരണത്തോടെ നടത്തുന്നത്. ജില്ലയിൽ  എക്സൈസും പൊലിസും ചേർന്ന് പതിനായിരത്തിലധികം ബോധവൽക്കരണ ക്ലാസുകൾ  ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. സമൂഹം ഒന്നാകെ നിലകൊണ്ടാൽ  ലഹരി,മയക്കുമരുന്നുകളുടെ ഉപയോഗം തുടച്ചുനീക്കാനാകുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

    പ്രസ്ക്ലബ്ബിൽ നടന്ന  ചടങ്ങിൽ പ്രസിഡൻ്റ് ആർ ഗോപകുമാർ കളക്ടറെ പൊന്നാടയണിയിക്കുകയും മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു. സെക്രട്ടറി ഷജിൽകുമാർ സ്വാഗതം ആശംസിച്ചു