2025, മാർച്ച് 23, ഞായറാഴ്‌ച

വനിതാ ഡോക്ടറെ ആക്ഷേപിക്കുന്ന നടപടി അവസാനിപ്പിക്കണം: കെ.ജി.എം.ഒ.എ




കൊച്ചി കരുമാലൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ വനിതാ ഡോക്ടറെ അസഭ്യവാക്കുകള്‍ കൊണ്ട് ആക്ഷേപിക്കുകയും  രാഷ്ട്രീയ ലക്ഷ്യത്തോടെ പഞ്ചായത്തംഗം വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ജില്ലാ പ്രസിഡന്റ് ഡോ. ടി. സുധാകര്‍, സെക്രട്ടറി ഡോ. കാര്‍ത്തിക് ബാലചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. ജനുവരിയില്‍ കാലാവധി കഴിഞ്ഞ സോഡിയം വാല്‍പ്രൊയേറ്റ് എന്ന ഗുളികകള്‍ ഫാര്‍മസിയില്‍ നിന്നും അബദ്ധത്തില്‍ നല്‍കിയതാണ് ഈ വിവരം പരാതിയുമായി എത്തിയ പഞ്ചായത്ത് മെമ്പര്‍മാരെ ധരിപ്പിച്ചെങ്കിലും മരുന്നുകള്‍ തങ്ങള്‍ക്ക് ഫാര്‍മസിയില്‍ കയറി നേരിട്ടു പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയായിരുന്നു. കാലാവധി കഴിഞ്ഞ മരുന്നിന് ഗുണനിലവാരം കുറയുമെന്നല്ലാതെ രോഗിക്ക് ജീവനാപത്ത് സംഭവിക്കില്ലെന്ന് പറഞ്ഞ് ഇവരുടെ ആശങ്ക അകറ്റാന്‍ ശ്രമിച്ചുവെങ്കിലും ഇതൊന്നും കേള്‍ക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ  വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംഭവം കൂടുതല്‍ വഷളാക്കാനാണ് പഞ്ചായത്ത് മെമ്പര്‍ ശ്രമിച്ചതെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു. മുമ്പ് പല തവണയും  പഞ്ചായത്തംഗങ്ങള്‍ ഡോക്ടറെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടുള്ളതും ഇതിന്റെ പേരില്‍ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭിക്കാനുള്ള രോഗിയുടെ അവകാശം സംരക്ഷിക്കപെടേണ്ടതാണ്. അതില്‍ വന്ന വീഴ്ച തിരുത്താനുള്ള നടപടികളെ അംഗീകരിക്കുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ വനിതാ ഡോക്ടറെ അവഹേളിക്കുന്ന പഞ്ചായത്തംഗങ്ങളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ വ്യക്തമാക്കി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ