കൊച്ചി: വിദ്യാർഥികൾക്കിടയിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് സ്കൂൾ തലത്തിലും മറ്റും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്.
മയക്കുമരുന്നിന്റെയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗം തടയുന്നതിനും നിരുൽസാഹപ്പെടുത്തുന്നതിനുമായി സമഗ്രമായ പദ്ധതികളാണ് ജില്ലയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. മികച്ച കളക്ടർക്കുള്ള സംസ്ഥാനതല പുരസ്കാരം നേടിയ ശേഷം എറണാകുളം പ്രസ്ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും വിതരണം തടയുന്നതിന് മികച്ച പ്രവർത്തനമാണ് പൊലീസ്,എക്സൈസ്,നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കോസ്റ്റ്ഗാർഡ് തുടങ്ങിയവയുടെ സഹകരണത്തോടെ നടത്തുന്നത്. ജില്ലയിൽ എക്സൈസും പൊലിസും ചേർന്ന് പതിനായിരത്തിലധികം ബോധവൽക്കരണ ക്ലാസുകൾ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. സമൂഹം ഒന്നാകെ നിലകൊണ്ടാൽ ലഹരി,മയക്കുമരുന്നുകളുടെ ഉപയോഗം തുടച്ചുനീക്കാനാകുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ആർ ഗോപകുമാർ കളക്ടറെ പൊന്നാടയണിയിക്കുകയും മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു. സെക്രട്ടറി ഷജിൽകുമാർ സ്വാഗതം ആശംസിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ