2022, ഏപ്രിൽ 28, വ്യാഴാഴ്‌ച

കൊച്ചിയെ കൂടുതൽ ഭിന്നശേഷി സൗഹൃദപരമാക്കണം : ഹൈബി ഈഡൻ എം.പി

 

:

കൊച്ചിയെ കൂടുതൽ ഭിന്നശേഷിസൗഹൃദപരമാക്കികൊണ്ട് ഭിന്നശേഷിക്കാരായ സഹോദരങ്ങളെ സമൂഹത്തോട് ചേർത്തു നിർത്തണമെന്ന് ഹൈബി ഈഡൻ എം. പി. റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ  എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ  നടത്തിയ കൃത്രിമ അവയവദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയെ ഭിന്നശേഷിസൗഹൃദപരമാക്കുക എന്ന തന്റെ സ്വപ്ന പദ്ധതിക്ക് ഈ ക്യാമ്പ് ഒരു പൊൻതൂവലായിത്തീരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി മിഡ്‌ ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി. എ ജനാർദ്ദന പൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം - അങ്കമാലി അതിരൂപതാ വികാരി ജനറൽ ഫാ. ഡോ. ഹോർമിസ് മൈനാട്ടി വിശിഷ്ടാതിഥിയായിരുന്നു. സഹൃദയ ഹെഡ് ഓഫീസിൽ വച്ച് നടത്തിയ സൗജന്യ കൃത്രിമ അവയവദാന ക്യാമ്പിന്റെ ആദ്യഘട്ടമായി 50 ഗുണഭോക്താക്കൾക്കാണ് അവസരം നൽകിയത്. സമൂഹത്തിന്റെ മുൻനിരയിലേക്ക് ഭിന്നശേഷിക്കാരെ ഉയർത്തിക്കൊണ്ട് വരുന്നതിന് സഹൃദയ നിരവധി പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. വരുംദിനങ്ങളിൽ അർഹരായ കൂടുതൽ ആളുകളിലേക്ക് സഹായമെത്തിക്കുമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. റോട്ടറി ക്ലബ്‌ വാക് എഗൈൻ പ്രോജക്ട് ചെയർമാൻ ജോർജ്ജുകുട്ടി കരിയാനപള്ളി, പ്രോജക്ട് ഡിസ്ട്രിക്ട് ചെയർമാൻ ബാബു കണ്ണൻ, മുൻ ഡിസ്ട്രിക്ട് ഗവർണർ ബാബു ജോസഫ്, കൊച്ചി റോട്ടറി ക്ലബ്ബ് സെക്രട്ടറി അഡ്വ. മരിയൻ പോൾ, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, പ്രോജക്ട് കോർഡിനേറ്റർ സെലിൻ പോൾ എന്നിവർ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ