2021, ജൂലൈ 31, ശനിയാഴ്‌ച

തിരിച്ചെത്തിയ പ്രവാസികൾക്ക് നഷ്ടപെട്ടത് 1180 കോടി രൂപ..!

 കോവിഡ് പ്രതിസന്ധിയിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നഷ്ടപെട്ടത് 1180 കോടി രൂപ..!





കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടും ലീവിൽ തിരികെ പ്രവേശിക്കാം എന്ന പ്രതീക്ഷയിലും വിദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ  പ്രവാസികൾക്ക് തിരികെ കിട്ടാനുള്ള ശമ്പള- ആനുകൂല്യ ഇനത്തിൽ പെട്ട തൂക 1180 കോടിയോളം രൂപ വരുമെന്ന് സെന്റർ ഫോർ ഇന്ത്യൻ മൈഗ്രന്റ്‌സ് സ്റ്റഡീസ് (CIMS) നടത്തിയ പഠനത്തിൽ നിന്ന് വ്യക്തമായി.

കോവിഡ് പ്രതിസന്ധി മുതലെടുത്ത് വിദേശ രാജ്യങ്ങളിലെ കമ്പനികളും തൊഴിൽ ദാതാക്കളും പരിഭ്രാന്തരായി നാട്ടിലേക്ക് പോന്ന തൊഴിലാളികളുടെ മുടങ്ങി കിടന്ന ശമ്പളം, അത്രയും വര്ഷം തൊഴിൽചെയ്തതിന്റെ ആനുകൂല്യങ്ങൾ, ഓവർ ടൈം തുക, ലീവ് ആനുകൂല്യങ്ങൾ എന്നിവ വ്യാപകമായി വെട്ടികുറച്ചതായി പരാതി ഉയർന്നിരുന്നു. പകർന്നു പടരുന്ന  കോവിഡ് പകർച്ചവ്യാധിയിൽ നിന്ന് രക്ഷപെടാനായി തൽക്കാലം  നാട്ടിലേക്ക് പോകാനും തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും എന്നു  കരുതി നാട്ടിലെത്തിയ പലർക്കും ജോലിയിനി തുടരേണ്ടതില്ല എന്നും, വിസ ഇനി പുതുക്കി നൽകുന്നില്ല എന്നുമുള്ള അറിയിപ്പുകളാണ് കമ്പനിയിൽ നിന്നും തൊഴിൽ ദാതാക്കളിൽ നിന്നും പിന്നീടു ലഭിച്ചിരിക്കുന്നത്.  

കൃത്യമായ രേഖകളുടെയും വിദേശ രാജ്യങ്ങളിലെ വേതന വ്യവസ്ഥ പ്രകാരം കണക്ക് കൂട്ടിയതിന്റെ അടിസ്ഥാനത്തിലും വിദേശത്ത് നിന്ന് തിരികെയെത്തിയ 3345 പ്രവാസി തൊഴിലാളികളിൽ സിംസ്  നടത്തിയ  പഠനത്തിൽ നിന്ന്  വേതന മോഷണത്തിന് ഇരയായ 397 തൊഴിലാളികൾക്ക്  62 കോടിയിൽപരം രൂപയുടെ നഷ്‌ടം ഉണ്ടായതായി കണക്കാക്കുന്നു.

ജൂലൈ മൂന്നിലെ നോർക്ക റൂട്സ് കണക്കു പ്രകാരം വിദേശത്ത്  നിന്ന് ജോലി നഷ്ടപെട്ടു   തിരികെ വന്നവരുടെ എണ്ണം 10,73,673 വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതിൽ  118,000 ത്തോളം പേർക്ക് അവരുടെ ശമ്പള വേതന  ആനുകൂല്യങ്ങൾ കിട്ടാനുണ്ടെന്നും  അതിൽ  ഒരാൾക്ക് ലഭിക്കാനുള്ളത്  ശരാശരി വെറും ഒരു ലക്ഷമെന്ന് കണക്കാക്കി മൂല്യ നിർണയം നടത്തുമ്പോഴാണ് 1130 കോടിയുടെ തുകയിൽ എത്തി ചേരുന്നത്, എന്നാൽ യഥാർത്ഥ കണക്കുകളും ശരാശരി തുകയും ഇതിലും എത്രയോ കൂടുതലായിരിക്കും എന്നതാണ് വാസ്തവം. വന്ദേ ഭാരത് മിഷൻ വഴി നാട്ടിലെത്തിയ പ്രവാസ്സികളിൽ നിന്നും ഇതിന്റെ യഥാർത്ഥ ചിത്രം കണക്കാക്കാൻ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. റീപാട്രിയേഷൻ (repatriation) സമയത്ത് തന്നെ തൊഴിൽ നഷ്ടപെടുത്തി നാട്ടിലേക്ക് ഹതാശരായി വിമാനം കയറുന്ന മനുഷ്യരിൽ നിന്നും വിവരം ശേഖരിക്കാനുള്ള സാഹചര്യത്തെ വിദേശ കാര്യ മന്ത്രാലയം നഷ്ടപ്പെടുത്തി..!

പതിനായിരക്കണക്കിന് പ്രവാസി കുടുംബങ്ങളിൽ  പട്ടിണിയുടെ കരിനിഴൽ വീഴ്ത്തിയ വേതന നഷ്ടത്തെകുറിച്ച് പഠിക്കുവാനും പ്രവാസികളുടെ പുനരധിവാസത്തെ സംബന്ധിച്ച ശക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാനും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയാറാകണെമന്നു ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പ്രധാന തൊഴിലാളി യൂണിയനുകളുടെ  പ്രതിനിധികളും പ്രവാസി മനുഷ്യാവകാശ പ്രവർത്തകരും സിംസും തമ്പാൻ തോമസ് ഫൗണ്ടേഷനും പ്രസ്സ് ക്ലബിൽ വെച്ച് ശനിയാഴ്ച്ച നടത്തുന്ന പത്ര സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കുകയും വേതന മോഷണത്തെ സംബന്ധിച്ച റിപ്പോർട് പ്രസിദ്ധീകരിക്കുകയും ചെയ്യും  ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ