2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുടെ പ്രസ്താവന



സ്മാര്‍ട്ട്‌സിറ്റി കൊച്ചി സര്‍ക്കാര്‍ ഐടി പാര്‍ക്കല്ലെന്നും സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ ഐടി കമ്പനികള്‍ക്ക് അനുവദിച്ചിട്ടുള്ള വാടകയിളവ് സ്മാര്‍ട്ട്‌സിറ്റി കൊച്ചിക്ക് ബാധകമല്ലെന്നും ഒക്ടോബര്‍ 6-ാം തീയതിയിലെ (G.O.(Rt)No.124/2020/ITD) സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സ്മാര്‍ട്ട്‌സിറ്റി സ്വീകരിച്ച നിലപാടിനെ ന്യായീകരിക്കുന്നതാണ് പ്രസ്തുത ഉത്തരവെന്ന് സ്മാര്‍ട്ട്‌സിറ്റി കൊച്ചി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സ്മാര്‍ട്ട്‌സിറ്റിയിലെ വാടക കുടിശ്ശിക വരുത്തിയ നാല് കമ്പനികളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവെങ്കിലും അത് സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും ബാധകമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാണ്. വിവിധ ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌സിറ്റിയിലെ കെട്ടിടം സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുടെ ഉടമസ്ഥതയിലുള്ളതല്ല. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട്ടെ സൈബര്‍ പാര്‍ക്ക് എന്നിവയാണ് സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്നവ. ഈ ഐടി പാര്‍ക്കുകളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതും വികസിപ്പിച്ചതും സര്‍ക്കാരാണെങ്കിലും ഇവിടങ്ങളിലുള്ള സ്വകാര്യ ബില്‍ഡര്‍മാരുടെ കെട്ടിടങ്ങളില്‍ പോലും വാടകയിളവ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഏപ്രില്‍ 27-ലെ ഉത്തരവ് ബാധകമല്ലെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

യാദൃശ്ചികമായി ഒക്ടോബര്‍ 6-ന് തന്നെ സ്മാര്‍ട്ട്‌സിറ്റിയിലെ മറ്റ് 7 കമ്പനികള്‍ വാടകയിളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച സമാനമായ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യം പരിഗണിക്കാന്‍ സര്‍ക്കാരിന് ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടിയതാണെങ്കിലും നേരത്തെ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയ കാരണങ്ങള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍  ഒക്ടോബര്‍ 6-ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് ഇവിടുത്തെ എല്ലാ ഐടി കമ്പനികള്‍ക്കും ബാധകമാകുമെന്ന് തന്നെയാണ് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ വാടകയിളവ് അനുവദിച്ചുകൊണ്ടുള്ള ഏപ്രില്‍ മാസത്തെ ഉത്തരവില്‍ അവിടെയുള്ള കെട്ടിടങ്ങള്‍ക്ക് മെയിന്റനന്‍സ് കുടിശ്ശികയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നില്ല.  2020 സെപ്റ്റംബര്‍ വരെ വാടക കുടിശ്ശിക നല്‍കാന്‍ സ്മാര്‍ട്ട്‌സിറ്റി സാവകാശം നല്‍കിയിട്ടും അത് നിരാകരിച്ചുകൊണ്ട് വാടകയും മെയിന്റനന്‍സ് ചാര്‍ജും നല്‍കേണ്ടതില്ലെന്ന ചില കമ്പനികളുടെ ഏകപക്ഷീയ തീരുമാനം തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥയെയും കോടതികളെയും ബഹുമാനിക്കുകയും സ്വന്തം സാമ്പത്തിക സ്രോതസ്സിലൂടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രൈവറ്റ് കമ്പനി എന്ന നിലയ്ക്ക് സ്മാര്‍ട്ട്‌സിറ്റി കൊച്ചിക്കും ഇളവോ സാവകാശമോ ഇല്ലാത്ത സാമ്പത്തികവും കരാര്‍ സംബന്ധിയായതുമായ ബാധ്യതകള്‍ നിറവേറ്റേണ്ടതുണ്ട്.

ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് എല്ലാ സൗകര്യങ്ങളും സ്മാര്‍ട്ട്‌സിറ്റി കൊച്ചി ലഭ്യമാക്കുമ്പോള്‍ വാടക, മെയിന്റനന്‍സ് ചാര്‍ജ് തുടങ്ങിയ ബാധ്യതകള്‍ കൃത്യസമയത്ത് അടച്ച് കമ്പനികള്‍ കരാര്‍ പ്രകാരമുള്ള തങ്ങളുടെ ബാധ്യത തിരിച്ചും നിറവേറ്റേണ്ടതാണ്. സാമ്പത്തിക പ്രതിസന്ധി മൂലം വാടകയും മറ്റും നല്‍കുന്നതിന് സാവകാശം ആവശ്യപ്പെട്ട ചില കമ്പനികള്‍ക്ക് നിലവിലെ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അത് അനുവദിച്ചിട്ടുമുണ്ട്. സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുമായി ഐടി കമ്പനികള്‍ വാടക ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് രണ്ട് സ്വകാര്യ സ്ഥാപനങ്ങളെന്ന നിലയ്ക്കാണ്. അതില്‍ അവരുടെ ബാധ്യതകളും ഉത്തരവാദിത്തങ്ങളും കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ