2020, ജൂലൈ 5, ഞായറാഴ്‌ച

ആസ്റ്റര്‍ ഹോംസ് പദ്ധതിധാരണാപത്രം ഒപ്പുവെച്ചു



കൊച്ചി: ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ 2018-ലെ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി റീബില്‍ഡ് കേരള മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിയായ ആസ്റ്റര്‍ ഹോംസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് റോട്ടറി ഡിസ്ട്രിക്റ്റ് 3201-ഉമായി ധാരണാപത്രം ഒപ്പുവെച്ചു. ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ ആസ്റ്റര്‍ ഹോംസ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുന്ന 150 വീടുകളില്‍ 100 വീടുകളാണ് റോട്ടറി ഡിസ്ട്രിക്റ്റ് 3201-ഉമായി ചേര്‍ന്ന് നിര്‍മിക്കുന്നത്. കൊച്ചി മാരിയറ്റ് ഹോട്ടലില്‍ യെസ് ഷെല്‍ട്ടര്‍ പ്രോജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന് വേണ്ടി സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിം, റോട്ടറി ഡിസ്ട്രിക്റ്റ് 3201 ഗവര്‍ണര്‍ ജോസ് ചാക്കോ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

രണ്ടാംഘട്ടത്തിലെ 100 വീടുകളില്‍ 40 വീടുകള്‍ സംഭാവനയായി ലഭിച്ച ഭൂമിയില്‍ രണ്ട് ക്ലസ്റ്ററുകളിലായാണ് നിര്‍മിക്കുക. ബാക്കിയുള്ള 60 വ്യക്തിഗത വീടുകള്‍ റോട്ടറി ഡിസ്ട്രിക്റ്റ് 3201-ന്റെ പരിധിയില്‍ വരുന്ന എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് നിര്‍മിക്കുക. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലാണ് ക്ലസ്റ്റര്‍ വീടുകള്‍ നിര്‍മിക്കുന്നത്. റീബില്‍ഡ് കേരള മിഷന് കീഴില്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ ആദ്യഘട്ടത്തില്‍ നിര്‍മിച്ച് നല്‍കിയ 100 വീടുകളില്‍ 75 വീടുകള്‍ റോട്ടറിയുമായി ചേര്‍ന്നാണ് നിര്‍മിച്ചത്.  

ധാരണാപത്രം ഒപ്പുവെയ്ക്കല്‍ ചടങ്ങിനെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്ത ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പന്‍ ആസ്റ്റര്‍ ഹോംസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിലും റോട്ടറിയുമായുള്ള സഹകരണം തുടരുന്നതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തി. രണ്ടാംഘട്ടത്തിലെ വീടുകള്‍ ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ റോട്ടറി ഡിസ്ട്രിക്റ്റ് 3201-ഉമായി ചേര്‍ന്ന് പ്രളയബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മിക്കുന്നതിനായി ഒപ്പുവെച്ച ധാരണാപത്രം ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിം, റോട്ടറി ഡിസ്ട്രിക്റ്റ് 3201 ഗവര്‍ണര്‍ ജോസ് ചാക്കോ എന്നിവര്‍ കൈമാറുന്നു. ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ അസിസ്റ്റന്റ് മാനേജര്‍ അബ്ദുള്‍ സലാം മൂപ്പന്‍, ജോസ് ചാക്കോയുടെ പത്‌നി, യെസ് ഷെല്‍ട്ടര്‍ പ്രോജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്‍ എന്നിവര്‍ സമീപം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ