2020, ജൂലൈ 22, ബുധനാഴ്‌ച

കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണം :


കൊച്ചി : കോവിഡ് ഇതര രോഗികളുടെ ചികിത്സ കൂടി ഉറപ്പ് വരുത്താൻ സർക്കാറും ആരോഗ്യ വകുപ്പും  തയ്യാറാകണമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ കെ മുജീബ് ആവശ്യപ്പെട്ടു.


നിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പഞ്ചായത്തുകളിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ.



നേരത്തെ കോവിഡ് ചികിത്സക്ക് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജ്  പൂർണ്ണമായി സംവിധാനം ചെയ്തതോടെ പാവപ്പെട്ട കോവിഡിതര രോഗികൾ പ്രയാസപ്പെട്ടിരുന്നു.എറണാകുളം ജനറൽ ആശുപത്രിയിൽ പരിമിതമായി ഒരുക്കിയിരുന്ന ചികിത്സ കൂട്ടത്തോടെ ജീവനക്കാർ ക്വാറന്റൈനിൽ പോയതോടെ മുടങ്ങിയ സാഹചര്യമാണുള്ളത്.



വിദഗ്ദ ചികിത്സക്ക് സർക്കാർ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാർ ഇതുമൂലം വളരെയധികം പ്രയാസം നേരിടുകയാണ്. ഹൃദ്രോഗികൾ ഉൾപ്പടെയുള്ള കോവിഡ് ഇതര രോഗികൾക്ക് വേണ്ടി അടിയന്തിരമായി ചികിത്സാസൗകര്യം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

കടൽ ക്ഷോഭം : ചെല്ലാനത്തെ 
സുരക്ഷിത ജീവിതം

കൊച്ചി : കോവിഡ് മഹാമാരിയിൽ പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്ന ചെല്ലാനം പ്രദേശത്തെ ജനങ്ങൾക്ക് കടൽ ക്ഷോഭം കൊണ്ടുണ്ടാകുന്ന പ്രയാസം അതി ഗുരുതരമാണെന്നും സർക്കാർ വേഗത്തിൽ സമഗ്രമായ പുനരധിവാസ പദ്ധതി ഒരുക്കണമെന്നും എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി വി എം ഫൈസൽ ആവശ്യപ്പെട്ടു.
കാലങ്ങളായി ചെല്ലാനം പ്രദേശത്തുകാരുടെ ദുരിതത്തിന് പരിഹാരം കാണുന്നതിൽ ഇടതു വലതു സർക്കാറുകൾ വലിയ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.

കടലിനെ തടഞ്ഞു നിർത്താൻ പ്രാപ്തമായ നല്ല കടൽ ഭിത്തി പോലും ആ പ്രദേശത്തില്ല.ഫോർട്ട്‌ കൊച്ചി മുതൽ പടിഞ്ഞാറെ ചെല്ലാനം വരെയുള്ള കടൽ ഭിത്തി തകർന്നു കിടക്കുകയാണ്.ജിയോ ബാഗ് പദ്ധതി കൊണ്ടുവന്നുവെങ്കിലും ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല.  കടൽ ക്ഷോഭം ഉണ്ടായാൽ തിരമാലകൾ വീടുകളിൽ നേരിട്ട് ഇരച്ചു കയറുന്ന അവസ്ഥയുണ്ട്. അപ്രതീക്ഷിതമായി തിരമാലകൾ അപകടം വരുത്താൻ സാദ്ധ്യത ഉള്ളത് കൊണ്ട്  തീരദേശത്തു കൂടി പോകുന്ന റോഡ് പലപ്പോഴും സഞ്ചാര യോഗ്യമല്ല. കുടിവെള്ളം പോലും ആവശ്യത്തിന് കിട്ടാത്ത സാഹചര്യം നിലനിൽക്കുന്നു. വര്ഷങ്ങളായി നിലനിൽക്കുന്ന ചെല്ലാനം നിവാസികളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്തത് അവഗണന കൊണ്ട് തന്നെയാണ്.

ചെല്ലാനം, കൊച്ചി,വൈപ്പിൻ ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്.ഈ വിഷയത്തിൽ കഴിഞ്ഞ വർഷം ന്യൂനപക്ഷ കമ്മീഷൻ  ഇടപെട്ട് വിദഗ്ധ സമിതി രൂപീകരിക്കാനും സമഗ്ര പദ്ധതി ആവിഷ്‌കരിക്കാനും  നിർദേശം നൽകിയിരുന്നു. പക്ഷെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.

ഇപ്പോൾ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഭയപ്പെട്ട ജനങ്ങൾ വീടുകൾക്ക് മുകളിൽ കൂട്ടമായി അഭയം പ്രാപിച്ചിരുക്കുകയാണ്.ഇത് ആ ജനത നേരിടുന്ന പ്രയാസം ബോധ്യപ്പെടുത്താൻ പര്യാപ്തമാണ്.താൽക്കാലിക പദ്ധതികൾക്കപ്പുറം സമഗ്രമായ ഒരു അതിജീവന പദ്ധതി തീരദേശ ജനതക്ക് വേണ്ടി തയ്യാറാക്കണമെന്ന് എസ്ഡിപിഐ സർക്കാറിനോടാവശ്യപ്പെട്ടു.

അജ്മൽ കെ മുജീബ്
മീഡിയ ഇൻചാർജ്
7510986046  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ