2018, ഫെബ്രുവരി 4, ഞായറാഴ്‌ച

ബി എസ്‌ എന്‍ എല്‍ ടവറുകള്‍ പ്രത്യേക കമ്പനിയാക്കുന്നതിനെ ചെറുക്കുമെന്ന്‌


കൊച്ചി -ബിഎസ്‌എന്‍എലിന്റെ പ്രധാനഭാഗമായ ടവറുകള്‍ പ്രത്യേക കമ്പനിയാക്കി അടര്‍ത്തിമാറ്റാനുള്ള നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന്‌ബിഎസ്‌എന്‍എല്‍ഇയു ഒമ്പതാം സംസ്ഥാനസമ്മേളനം. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്‌എന്‍എലിനെ തകര്‍ക്കാനും ഈ രംഗത്തെ സ്വകാര്യമുതലാളിമാരെ സഹായിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന്‌ സമ്മേളനം ചൂണ്ടിക്കാട്ടി.
കാലാവധി കഴിഞ്ഞ ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കുക, 24 സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രനീക്കം പിന്‍വലിക്കുക, തൊഴിലാളികളുടെ വെട്ടിക്കുറച്ച ഇപിഎഫ്‌ വിഹിതം പുന:സ്ഥാപിക്കുക, നിര്‍ദ്ദിഷ്ട എഫ്‌ആര്‍ഡിഐ ബില്‍, പൊതുമേഖലാ ഓഹരിവില്‍പന, സര്‍ക്കാര്‍ ഭൂമിയുടെ വില്‍പന, എന്നിവ തടയുക, എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മോഡി സര്‍ക്കാരിന്‍െ ജനവിരുദ്ധ, ഫാസിസ്‌റ്റ്‌ നടപടികളെയും വര്‍ഗ്ഗീയതയെയും ചെറുക്കാന്‍ മതനിരപേക്ഷ, പുരോഗമന ശക്തികള്‍ നടത്തുന്ന പോരാട്ടത്തില്‍ അണിചേരാനും സമ്മേളനം തീരുമാനിച്ചു.
അവസാന ദിവസമായ ശനിയാഴ്‌ച സമ്മേളന സുവനീര്‍ യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി അഭിമന്യു പ്രകാശനം ചെയ്‌തു. മുന്‍ സര്‍ക്കിള്‍ സെക്രട്ടറി കെ മോഹനന്‍ ഏറ്റുവാങ്ങി. പ്രതിനിധി ചര്‍ച്ചയ്‌ക്‌ പി അഭിമന്യുവും കെ മോഹനനും മറുപടി നല്‍കി.
ബിഎസ്‌എന്‍എല്‍ഇയു സംസ്ഥാന ഭാരവഹികളായി പി മനോഹരന്‍ (പ്രസിഡന്റ്‌), സി സന്തോഷ്‌കുമാര്‍ (സെക്രട്ടറി) എന്നിവരെ എറണാകുളത്ത്‌ സമാപിച്ച ഒമ്പതാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
മറ്റ്‌ ഭാരവാഹികള്‍: പി ഗോപകുമാര്‍, വി ഭാഗ്യലക്ഷ്‌മി, പൊന്നമ്മ തങ്കന്‍, എ പുരുഷോത്തമന്‍, കെ വി പ്രേംകുമാര്‍ (വൈസ്‌ പ്രസിഡന്റുമാര്‍), കെ എന്‍ ജ്യോതിലക്ഷ്‌മി, കെ മോഹനന്‍, പി ആര്‍ പരമേശ്വരന്‍, മധുകുമാര്‍ കെ പി, പി ടി ഗോപാലകൃഷ്‌്‌ണന്‍ (അസിസ്‌റ്റന്റ്‌ സെക്രട്ടറിമാര്‍), ആര്‍ രാജേഷ്‌കുമാര്‍ (ട്രഷറര്‍), കെ എസ്‌ അജികുമാര്‍ (അസിസ്‌റ്റന്റ്‌ ട്രഷറര്‍), ജി ഗോപകുമാര്‍, യു എസ്‌ കൃഷ്‌ണന്‍കുട്ടി, എ ബാലകൃഷ്‌ണന്‍, കെ വി രമാദേവി, പി സുരേന്ദ്രന്‍, കൃഷ്‌ണകുമാര്‍ കെ സി, അഭിലാഷ്‌ ഡി (ഓര്‍ഗനൈസിങ്‌ സെക്രട്ടറിമാര്‍).

കടലറിവിന്റെ അറിയാക്കാഴ്‌ചകള്‍ തുറന്നിട്ട്‌ സിഎംഎഫ്‌ആര്‍ഐ







കൊച്ചി- ആഴിയറിവിന്റെ അറിയാക്കാഴ്‌ചകള്‍ തുറന്നിട്ട്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്‌.ആര്‍.ഐ.) ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. സിഎംഎഫ്‌ആര്‍ഐയുടെ 71-ാമത്‌ സ്ഥാപകദിനത്തിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തില്‍ കടലറിവിന്റെ അദ്‌ഭുതങ്ങളും സമുദ്രജൈവവൈവിധ്യങ്ങളുടെ വിസ്‌മയങ്ങളും കാണാന്‍ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും വന്‍തിരക്കായിരുന്നു. കൗതുകമുണര്‍ത്തുന്നതും വിജ്ഞാനപ്രദവുമായ കാഴചകളും അറിവുകളുമാണ്‌ സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ അനാവരണം ചെയ്‌തത്‌.

വിലകൂടിയ മുത്തുകളും, മുത്തുചിപ്പി കൃഷി ചെയ്‌ത്‌ അവ വേര്‍തിരിച്ചെടുക്കുന്ന രീതികളും പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സിഎംഎഫ്‌ആര്‍ഐയിലെ കക്കവര്‍ഗ്ഗ ഗവേഷണ വിഭാഗം കൃഷി ചെയ്‌ത്‌ വേര്‍തിരിച്ചെടുത്ത, ഒരു ഗ്രാമിന്‌ 1500 രൂപ വരെ വിലയുള്ള മുത്തുകളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. അവയുടെ വില്‍പനയുമുണ്ടായിരുന്നു. സിഎംഎഫ്‌ആര്‍ഐയിലെ വിവിധ ഗവേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ്‌ പ്രദര്‍ശനം നടന്നത്‌. ആനത്തിരണ്ടി, ഗിത്താര്‍ മത്സ്യം, വിവിധയിനം സ്രാവുകള്‍ തുടങ്ങി 54 ഇനം അടിത്തട്ട്‌ മത്സ്യങ്ങളും 52 ഇനം ഉപരിതല മത്സ്യങ്ങളും 30 ഇനം ചെമ്മീന്‍-ഞെണ്ട്‌ വര്‍ഗ്ഗങ്ങളും പ്രദര്‍ശനത്തില്‍ കാഴ്‌ചക്കാരെ ആകര്‍ഷിച്ചു. സമുദ്ര ജൈവവൈവിധ്യ മ്യൂസിയത്തില്‍ ഒരുക്കിയ കടല്‍പശു, കടല്‍വെള്ളരി, കടല്‍ക്കുതിര, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്‌ എന്നിവ കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി.

മീനുകളുടെ വയസ്സ്‌ കണ്ടെത്തുന്നതിന്‌ വേണ്ടിയുള്ള പരീക്ഷണ ശാല സന്ദര്‍ശകര്‍ക്ക്‌ വേറിട്ട അനുഭവമായിരുന്നു. മീനുകളുടെ പ്രായം തിട്ടപ്പെട്ടുത്തുന്നതിന്റെ വിവിധ പ്രവര്‍ത്തനങ്ങളും അതിനുപയോഗിക്കുന്ന ഉപകരണങ്ങളും ഗവേഷകര്‍ പൊതുജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി. ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന്‌ പിടിക്കപ്പെടുന്ന മത്തിയുടെ ശരാശരി പ്രായം ഒരു വയസ്സില്‍ താഴെയും അയലയുടേത്‌ ഒരുവര്‍ഷവുമാണ്‌ പഠനത്തില്‍ കണ്ടെത്താനായതെന്ന്‌ ശാസ്‌ത്രസംഘം വിശദീകരിച്ചു.

സി.എം.എഫ്‌.ആര്‍.ഐ.യിലെ സമുദ്രമത്സ്യകൃഷി വിഭാഗം ഒരുക്കിയ വിവിധ മത്സ്യകൃഷിരീതികളുടെ മാതൃകകള്‍ ആളുകളെ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. അക്വാപോണിക്‌സ്‌, കൂടുമത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി എന്നിവയുടെ മാതൃകകള്‍ക്ക്‌ പുറമെ, കുറഞ്ഞ തോതില്‍ മാത്രം ജലം ഉപയോഗിച്ച്‌ ചെയ്യാവുന്ന നൂതന ജലകൃഷി സംവിധാനമായ റീസര്‍ക്കുലേറ്റിംഗ്‌ അക്വാകള്‍ച്ചര്‍ സിസ്റ്റത്തിന്റെ (റാസ്‌) പ്രവര്‍ത്തന മാതൃക വിദ്യാര്‍ത്ഥികളെയടക്കം ആകര്‍ഷിച്ചു.

കൂടാതെ, കടല്‍ വെള്ളത്തിന്‌ നിറം നല്‍കുന്ന സൂക്ഷ്‌മ ആല്‍ഗകള്‍, കടലിലെ വര്‍ണമത്സ്യങ്ങളുടെ ശേഖരമായ മറൈന്‍ അക്വേറിയം എന്നിവയും സന്ദര്‍ശകരുടെ മനം കവര്‍ന്നു. സി.എം.എഫ.ആര്‍.ഐ. വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിച്ച ആറ്റിക്‌, ഹാച്ചറി, വിവിധ ലബോറട്ടറികള്‍ എന്നിവിടങ്ങളിലും സന്ദര്‍ശകരുടെ തിരക്കനുഭവപ്പെട്ടു. വിവിധയിനം കണ്ടല്‍ച്ചെടികള്‍, കടല്‍പ്പായലുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും കടലില്‍ പ്ലാസ്റ്റിക്‌ മാലിന്യം അടിഞ്ഞുകൂടുന്നതിന്റെ പ്ര്‌ത്യാഘാതങ്ങള്‍ വിവരിക്കുന്ന സ്റ്റാളുകളുമുണ്ടായിരുന്നു.

കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയില്‍ ഏതൊക്കെ രീതിയില്‍ ബാധിക്കുന്നുവെന്നത്‌ വിശദീകരിക്കുന്നതായിരുന്നു സിഎംഎഫ്‌ആര്‍ഐയിലെ നാഷണല്‍ ഇന്നൊവേഷന്‍സ്‌ ഓണ്‍ ക്ലൈമറ്റ്‌ റെസിലിയന്റ്‌ അഗ്രികള്‍ച്ചര്‍ (നിക്ര) പദ്ധതിയുടെ സ്റ്റാള്‍. കാലാവസ്ഥാ വ്യിതനായനം കാരണമായി സമുദ്രജല ഊഷ്‌മാവ്‌ വര്‍ധിച്ചതും മത്സ്യങ്ങളുടെ പ്രജനന-ആവാസവ്യവസ്ഥകളില്‍ വന്ന മാറ്റവും മീനുകളുടെ പാലായനവും സിഎംഎഫ്‌ആര്‍ഐയിലെ നിക്ര ഗവേഷണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ സന്ദര്‍ശകരോട്‌ വിശദീകരിച്ചു. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന പദ്ധതിയാണ്‌ നിക്ര.