2017, നവംബർ 10, വെള്ളിയാഴ്‌ച

ആന്റിബയോട്ടിക് അമിത ഉപയോഗം: ഗവേഷകര്‍ പ്രകൃതിയിലേയ്ക്ക്



കൊച്ചി: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം ശരീരത്തിന്റെ പ്രതിരോധ ശേഷി നശിപ്പിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രകൃതി വിഭവങ്ങളില്‍നിന്ന്  രോഗസംഹാരികളെ കണ്ടെത്തുന്ന ഗവേഷണം  രാജ്യത്തെ ബയോടെക്‌നോളജി മേഖലയില്‍  കുതിച്ചു ചാട്ടമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍. 

ഈ ഗവേഷണം  പുതിയ മരുന്നുകള്‍ കണ്ടുപിടിക്കുന്നതിനും പ്രതിരോധമരുന്നുകളുടെ വികസനത്തിനും സഹായിക്കുമെന്ന് കൊച്ചിയില്‍ നടന്ന പതിനാലാമത് ഏഷ്യന്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡയേറിയല്‍ ഡിസീസസ് ആന്‍ഡ് ന്യൂട്രീഷന്‍(അസ്‌കോഡ്) രാജ്യാന്തര സമ്മേളനത്തില്‍ മണിപ്പാല്‍ സര്‍വകലാശാലയില്‍നിന്നെത്തിയ ഗവേഷകരും ശാസ്ത്രജ്ഞരും  നടത്തിയ അവതരണത്തില്‍ പറയുന്നു.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് അസ്‌കോഡ് സമ്മേളനം സംഘടിപ്പിച്ചത്.
രോഗാണുപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മണിപ്പാല്‍ സര്‍വകലാശാല പോസ്റ്റര്‍ അവതരണം നടത്തി. നാളികേരത്തിന്റെ ശൈശവ രൂപമായ മച്ചിങ്ങയില്‍ നിന്നും വൈബ്രയോ കോളറയ്ക്കുള്ള മരുന്ന് ഉണ്ടാക്കാമെന്നതായിരുന്നു അവതരണത്തിന്റെ ഇതിവൃത്തം.

ആന്റിബയോട്ടിക്കുകളുടെ നിരന്തരമായ ഉപയോഗത്തിലൂടെ രോഗാണുക്കള്‍ക്ക് പ്രതിരോധശേഷി കൈവരുന്നത് ചികിത്സാമേഖലയിലെ പ്രധാന തിരിച്ചടിയാണ്. ഈ സാഹചര്യമാണ്  പ്രകൃതിവിഭവങ്ങളില്‍ ഗവേഷണം നടത്താന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് മണിപ്പാല്‍ സര്‍വകലാശാലയിലെ മൈക്രോബയോളജി വിഭാഗം പ്രൊഫസര്‍ ഡോ. മമത ബല്ലാല്‍ പറഞ്ഞു. മച്ചിങ്ങയില്‍ നിന്നെടുത്ത സൂക്ഷ്മകണം വൈബ്രയോ കോളറ രോഗാണുവിനെ പ്രതിരോധിക്കുന്നുവെന്ന് കണ്ടെത്തി.


വരും കാലങ്ങളില്‍ പരമ്പരാഗ ഔഷധങ്ങള്‍  ആന്റിബയോട്ടിക്കുകളെ പിന്തള്ളാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു. കാലാകാലങ്ങളായി ഉപയോഗിച്ച് വരുന്നവയാണ് ഈ മരുന്നുകള്‍. പാര്‍ശ്വഫലങ്ങളോ വിഷകണങ്ങളോ ഇവയിലില്ല.  പ്രകൃതി വിഭവങ്ങളിലെ രാസപദാര്‍ഥങ്ങളെക്കുറിച്ചുള്ള  ഗവേഷണങ്ങളാണ് ആരോഗ്യമേഖലയില്‍ വരാന്‍ പോകുന്ന വമ്പന്‍ മാറ്റമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും  പുറമെ ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍നിന്നുമായി 61 ചികില്‍സകര്‍ സമ്മേളനത്തില്‍ പ്രബന്ധാവതരണം നടത്തി. ഈ മേഖലയിലെ പ്രശസ്തമായ ബംഗ്ലദേശിലെ ഇന്റര്‍നാഷനല്‍ ഡയേറിയല്‍ ഡിസീസ് റിസര്‍ച്ച് സെന്റര്‍(ഐസിഡിഡിആര്‍), ഫരീദാബാദിലെ ട്രാന്‍സ്‌ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്(ടിഎച്ച്എസ്ടിഐ), ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷനല്‍(ഇന്‍ക്ലെന്‍ ഇന്റ്), കൊല്‍ക്കത്ത നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്‍ഡ് എന്‍ട്രിക് ഡിസീസസ് എന്നിവയും  ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമാണ് സമ്മേളനവുമായി  സഹകരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ